അതിശൈത്യം രൂക്ഷമാകുന്നു; യു.പിയില്‍ ഏഴ് മരണം
India
അതിശൈത്യം രൂക്ഷമാകുന്നു; യു.പിയില്‍ ഏഴ് മരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 26th December 2012, 12:43 am

ന്യൂദല്‍ഹി: ഉത്തരേന്ത്യയില്‍ അതിശൈത്യം രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ അതിശൈത്യം മൂലം യു.പിയില്‍ ഏഴു പേര്‍ മരിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. []

ഉത്തരേന്ത്യയില്‍ ഉടനീളം 150 ട്രെയിനുകള്‍ വൈകി ഓടുന്നതായി റെയ്ല്‍വേ അറിയിച്ചു. 22 ട്രെയിനുകള്‍ റദ്ദാക്കി. നിരവധി വിമാനങ്ങളും റദ്ദാക്കിയതായി അധികൃതര്‍ പറഞ്ഞു.

പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലും കൊടും തണുപ്പ് ജനജീവിതത്തെ പ്രതികൂലമായി ബാധിച്ചു. ദല്‍ഹിയില്‍ താപനില ഏഴ് ഡിഗ്രി സെല്‍ഷ്യസ് താണതായി കാലവസ്ഥാ നിരീക്ഷണകേന്ദ്രം റിപ്പോര്‍ട്ട് ചെയ്തു.

ജാര്‍ഖണ്ഡില്‍ താപനില 2.2 ഡിഗ്രി സെല്‍ഷ്യസ് വരെ താണു. പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗട്ടിലും കനത്ത മൂടല്‍മഞ്ഞ് ജനജീവിതം താറുമാറാക്കി

ഉത്തര്‍പ്രദേശിലെ ആഗ്രയും മധ്യപ്രദേശിലെ ഗ്വാളിയാര്‍, സത്‌ന നഗരങ്ങളും പഞ്ചാബിലെ പട്ട്യാലയും രാജസ്ഥാനിലെ ചുരുവും കനത്ത മൂടല്‍മഞ്ഞിന്റെ പിടിയിലാണ്.

മഞ്ഞ് വീഴ്ച കുറച്ച് ദിവസം കൂടി തുടരുമെന്ന് കാലാവസഥ നിരീക്ഷകര്‍ പറഞ്ഞു. വിമാനട്രെയിന്‍ സര്‍വ്വീസുകളെയാണ് മൂടല്‍മഞ്ഞ് ഏറ്റവും അധികം ബാധിച്ചത്. രാജ്യതലസ്ഥാനത്ത് 15 ഓളം വിമാനസര്‍വ്വീസുകള്‍ നിര്‍ത്തിവെയ്ക്കുകയും 35 ഓളം സര്‍വ്വീസുകളുടെ സമയം പുന:ക്രമീകരിക്കുകയും ചെയ്തു.

നിരവധി ട്രെയിന്‍ സര്‍വ്വീസുകളുടെ സമയവും പുന:ക്രമീകരിച്ചിട്ടുണ്ട്. പുലര്‍ച്ചയോടെ കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെട്ടതേത്തുടര്‍ന്ന് ദല്‍ഹി അടക്കമുള്ള നഗരങ്ങളില്‍ റെയില്‍, വ്യോമ ഗതാഗതം തടസപ്പെട്ടു.

ഉത്തരേന്ത്യയില്‍ നൂറിലേറെ ട്രെയിനുകള്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് വൈകിയതായി റെയില്‍വേ അധികൃതര്‍ പറഞ്ഞു. നിരവധി ട്രെയിനുകള്‍ 12 മുതല്‍ 22 മണിക്കൂര്‍ വരെ വൈകിയാണ് ദല്‍ഹിയില്‍ എത്തിച്ചേര്‍ന്നത്.