തിരുവനന്തപുരം: കേരളത്തില്‍ നിന്നും ബി.ജെ.പിക്ക് ഇതുവരെ ഒരു ലോക്‌സഭാ സീറ്റു പോലും ലഭിക്കാഞ്ഞത് സംസ്ഥാനത്ത് 50 ശതമാനം ന്യൂനപക്ഷ സമുദായങ്ങള്‍ ഉള്ളതു കൊണ്ടെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ള. സംസ്ഥാനത്തെ സമുദായിക സംഘടനകളായ എസ്.എന്‍.ഡി.പി, എന്‍.എസ്.എസ് എന്നിവരുമായി ബി.ജെ.പിക്ക് അടുത്ത ബന്ധം ഉണ്ടായില്ലെന്നതും ലോക്‌സഭയില്‍ സീറ്റ് ലഭിക്കുന്നതില്‍ നിന്നും ബി.ജെ.പിയെ തടഞ്ഞെന്ന് അദ്ദേഹം ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
. രണ്ടു കാര്യങ്ങളാണുള്ളത്. ഒന്ന് കേരളത്തിന്റെ ജനസംഖ്യാ ആനുപാതം നോക്കുകയാണെങ്കില്‍ അവിടെ 50 ശതമാനം ന്യൂനപക്ഷ സമുദായങ്ങളാണ്. കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ ബി.ജെ.പിയെ കുറിച്ച് തെറ്റായ ധാരണയായിരുന്നു വെച്ചു പുലര്‍ത്തിയിരുന്നത്, ഇപ്പോള്‍ അത് മാറിവരികയാണ്. രണ്ടാമത്, പ്രമുഖ ഹിന്ദു സംഘടനകളായ എസ്.എന്‍.ഡി.പി, എന്‍.എസ്.എസ് എന്നവരുമായി ഞങ്ങള്‍ക്ക് അടുത്ത ബന്ധം അല്ല ഉണ്ടായിരുന്നത്. എന്നാല്‍ ഇന്നതല്ല സ്ഥിതി. ഞങ്ങള്‍ക്ക് വിജയിക്കാന്‍ സാധിക്കും. ലോക്‌സഭയിലേക്ക് ഇന്നേവരെ ഒരു ബി.ജെ.പി എം.പിയെ അയച്ചിട്ടില്ലാത്ത സംസ്ഥാനങ്ങളിലൊന്ന് കേരളമാവാനുള്ള കാരണമെന്താണെന്ന ചോദ്യത്തിന് മറുപടിയായി ശ്രീധരന്‍ പിള്ള പറഞ്ഞു.
ശബരിമല വിഷയം കോണ്‍ഗ്രസിന്റേയും സി.പി.ഐ.എമ്മിന്റേയും സ്വീകാര്യത കുറച്ചു എന്നും കേരളം ബി.ജെ.പിക്ക് പാകമായെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന്റേത് ഇരട്ടത്താപ്പായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാവങ്ങള്‍ക്ക് അടിസ്ഥാന വരുമാനം എന്ന രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം പൊള്ളയാണെന്നും, രാഹുല്‍ ഗാന്ധി ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫില്‍ നിന്നും എല്‍.ഡി.എഫില്‍ നിന്നും ഒരേ പോലെ വോട്ടുകള്‍ ചോരുമെന്നും അത് ബി.ജെ.പിയിലെത്തുമെന്നും ശ്രീധരന്‍ പിള്ള അവകാശപ്പെട്ടു.