| Sunday, 13th October 2019, 11:03 am

'അവര്‍ക്കെതിരെ ശക്തമായ തെളിവുണ്ട്, ഷാജു നിരപരാധിയെന്ന് ഇപ്പോള്‍ പറയാനാകില്ല'; കൂടത്തായി അന്വേഷണത്തെക്കുറിച്ച് എസ്.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ആറു കൊലപാതകങ്ങളും ചെയ്തതു താനാണെന്ന് ജോളി സമ്മതിച്ചെന്നും അറസ്റ്റിലായ മൂന്നു പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുണ്ടെന്നും റൂറല്‍ എസ്.പി കെ.ജി സൈമണ്‍. ജോളിയുടെ ഭര്‍ത്താവ് ഷാജു അപരാധിയെന്നോ നിരപരാധിയെന്നോ ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു.

‘പിടിക്കപ്പെടുമെന്നു ജോളി തീരെ പ്രതീക്ഷിച്ചില്ല. പറ്റിപ്പോയി എന്നായിരുന്നു അവര്‍ കൊലപാതകങ്ങളെക്കുറിച്ച് ആദ്യം പ്രതികരിച്ചത്. ജോളിയുടെ പ്രധാന ലക്ഷ്യം സാമ്പത്തികമായിരുന്നു. പണം ചെലവിട്ടത് ആര്‍ഭാട ജീവിതം നയിക്കാനായിരുന്നു.

ഷാജു അപരാധിയെന്നോ നിരപരാധിയെന്നോ ഇപ്പോള്‍ പറയാനാകില്ല. പൊലീസ് അറിയാത്ത പല കാര്യങ്ങളും ഷാജു മാധ്യമങ്ങളോടു പറയുന്നുണ്ട്. ഇക്കാര്യങ്ങള്‍ പൊലീസ് ശ്രദ്ധിക്കുന്നുണ്ട്.’- എസ്.പി പറഞ്ഞു.

തന്റെ ആദ്യ ഭര്‍ത്താവ് റോയി തോമസിന്റെ മാതാവ് അന്നമ്മയെ കൊലപ്പെടുത്തിയത് റോയിക്ക് അറിയാമായിരുന്നുവെന്ന് ജോളി മൊഴി നല്‍കിയിട്ടുണ്ട്.

അതേസമയം മൂന്നുതവണ ഷാജുവിന്റെ ഭാര്യ സിലിയെ കൊല്ലാന്‍ ശ്രമിച്ചതായും ജോളി പറഞ്ഞു. മൂന്നാം തവണ രണ്ടുപ്രാവശ്യമാണ് സയനൈഡ് കൊടുത്തതെന്നും ജോളി വെളിപ്പെടുത്തി.

ചെറിയ കുപ്പിയില്‍ സയനൈഡ് കൊണ്ടുനടന്നാണ് താന്‍ കൊലകള്‍ നടത്തിയതെന്നും ജോളി സമ്മതിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കേസില്‍ പൊലീസിന് ആവശ്യമുള്ളതെല്ലാം കിട്ടികഴിഞ്ഞെന്ന് റൂറല്‍ എസ്.പി സൈമണ്‍ നേരത്തേ പറഞ്ഞിരുന്നെങ്കിലും ഇപ്പോഴും ചോദ്യംചെയ്യല്‍ തുടരുകയാണ്. പൊന്നാമറ്റം വീട്ടിലെത്തി ഇന്നും തെളിവെടുപ്പ് നടന്നേക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു.

കല്ലറ തുറന്ന് പരിശോധന നടത്താന്‍ തീരുമാനിച്ചതോടെ തടയാനുള്ള ശ്രമം നടത്താനും ജോളി തയ്യാറായെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കല്ലറ തുറന്നാല്‍ ആത്മാക്കള്‍ ഓടി വരുമെന്ന് പൊന്നാമറ്റം തറവാട്ടിലും മരിച്ച മാത്യൂസിന്റെ വീട്ടിലും ജോളി പ്രചരിപ്പിച്ചുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

‘വിശ്വാസം മുതലെടുത്ത് അന്വേഷണം തടസ്സപ്പെടുത്താനായിരുന്നു ജോളിയുടെ ശ്രമം. കല്ലറ തുറക്കാനുള്ള ഔദ്യോഗിക കത്ത് കൊടുത്തതോടെയാണ് കാര്യങ്ങള്‍ കൈവിട്ട് പോയത്. കേരള പൊലീസിന്റെ ചരിത്രത്തിലോ തന്റെ അന്വേഷണ അറിവിലോ ഇത്തരമൊരു കേസ് ഉണ്ടായിട്ടില്ല. ഒരു തരത്തിലും ഉള്ള സൈക്കോ സ്വഭാവമുള്ള സ്ത്രീ അല്ല ജോളി. ഏറ്റവും ബുദ്ധിമതിയായ കൊലയാളി തന്നെയാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അവര്‍ ഒറ്റയ്ക്കാണ് ഇത് ചെയ്തതെങ്കില്‍ ഒരിക്കലും പിടിക്കപ്പെടില്ലായിരുന്നു. അത് കൊണ്ട് തന്നെയാണ് ഈ കേസ് പഠിക്കാനായി ഐ.പി.എസ് ട്രെയിനികളെ അടക്കം എത്തിച്ചത്. അത്രത്തോളം സങ്കീര്‍ണ്ണമാണ് കേസും പ്രതിയുമെന്നും എസ്.പി സൈമണ്‍ പറഞ്ഞു.’- പൊലീസ് പറഞ്ഞു.

We use cookies to give you the best possible experience. Learn more