|

തമിഴില്‍ ഇതുവരെ മാസ് ചെയ്തിട്ടില്ലെന്ന പരാതി വേണ്ട, തമിഴിലെ മാസ്റ്റര്‍ സംവിധായകനുമായി കൈകോര്‍ക്കാന്‍ ദുല്‍ഖര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളര്‍മാരില്‍ ഒരാളാണ് ദുല്‍ഖര്‍ സല്‍മാന്‍. ബിഗ് എംസിന് ശേഷം മലയാളത്തില്‍ ഏറ്റവുമുയര്‍ന്ന ആദ്യദിന കളക്ഷന്‍ നേടാന്‍ കെല്പുള്ള നടനും കൂടിയാണ് ദുല്‍ഖര്‍ സല്‍മാന്‍. നെഗറ്റീവ് റിവ്യൂ വന്ന കിങ് ഓഫ് കൊത്ത പോലും ആദ്യദിന കളക്ഷനില്‍ മുന്നിട്ട് നിന്നിരുന്നു. ദുല്‍ഖര്‍ നായകനായ തെലുങ്ക് ചിത്രം ലക്കി ഭാസ്‌കര്‍ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായിരുന്നു.

മലയാളത്തിന് പുറമെ അന്യഭാഷയിലും ദുല്‍ഖറിനുള്ള സ്വീകാര്യത വളരെ വലുതാണ്. തമിഴ്, തെലുങ്ക്, ഹിന്ദി ഇന്‍ഡസ്ട്രികളില്‍ ദുല്‍ഖര്‍ സല്‍മാന് വലിയ ഫാന്‍ബെയ്‌സാണുള്ളത്. കിങ് ഓഫ് കൊത്തയുടെ പരാജയത്തിന് ശേഷം അന്യഭാഷയില്‍ ദുല്‍ഖര്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നുണ്ടെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ അതിന് മറുപടിയെന്നോണം മലയാളത്തില്‍ തുടര്‍ച്ചയായി മൂന്ന് ചിത്രങ്ങളില്‍ ദുല്‍ഖര്‍ ഭാഗമാകുമെന്ന് സ്ഥിരീകരിച്ചിരുന്നു.

നാഹസ് ഹിദായത്ത്, സൗബിന്‍ ഷാഹിര്‍, സമീര്‍ താഹിര്‍ എന്നിവരുടെ ചിത്രങ്ങളിലാണ് ദുല്‍ഖര്‍ ഭാഗമാകുന്നത്. ഇതില്‍ നഹാസ്, സൗബിന്‍ എന്നിവരുടെ പ്രൊജക്ടിനെപ്പറ്റി സംവിധായകര്‍ തന്നെ സംസാരിച്ചെങ്കിലും സമീര്‍ താഹിര്‍- ദുല്‍ഖര്‍ സല്‍മാന്‍ പ്രൊജക്ടിന്റെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഇപ്പോഴിതാ ദുല്‍ഖറിന്റെ പുതിയ പ്രൊജക്ടിനെക്കുറിച്ചുള്ള റൂമറുകള്‍ പുറത്തുവന്നിരിക്കുകയാണ്.

തമിഴിലെ മികച്ച സംവിധായകരിലൊരാളായ കാര്‍ത്തിക് സുബ്ബരാജും ദുല്‍ഖറും ഒരു പ്രൊജക്ടിനായി കൈകോര്‍ക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഇരുവരുടെയും പ്രൊജക്ടുകള്‍ തീര്‍ന്നതിന് ശേഷമാകും ഒരുമിക്കുക എന്നാണ് റൂമറുകള്‍. കാര്‍ത്തിക് സുബ്ബരാജിന്റെ സ്ഥിരം ശൈലിയിലുള്ള ചിത്രമാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

നിലവില്‍ രണ്ട് ചിത്രങ്ങളുടെ ഷൂട്ടിലാണ് ദുല്‍ഖര്‍. സെല്‍വമണി സെല്‍വരാജ് സംവിധാനം ചെയ്ത കാന്ത, പവന്‍ സദിനേനി സംവിധാനം ചെയ്യുന്ന ആകാസം ലോ ഒക്ക താര എന്നിവയാണ് ദുല്‍ഖറിന്റെ അപ്കമിങ് പ്രൊജക്ടുകള്‍. പിരീഡ് ഡ്രാമയായി ഒരുങ്ങുന്ന കാന്തയുടെ ഫസ്റ്റ് ലുക്ക് കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. അതേസമയം ആകാസം ലോ ഒക്ക താരയുടെ ആദ്യ ഷെഡ്യൂള്‍ ഗുജറാത്തില്‍ പൂര്‍ത്തിയായി.

സൂര്യയെ നായകനാക്കി ഒരുക്കുന്ന റെട്രോയാണ് കാര്‍ത്തിക് സുബ്ബരാജിന്റെ പുതിയ ചിത്രം. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. 1980കളില്‍ നടക്കുന്ന കഥയാണ് റെട്രോയുടേത്. പൂജ ഹെഗ്‌ഡേയാണ് ചിത്രത്തിലെ നായിക. ജോജു ജോര്‍ജ്, ജയറാം, സുജിത് ശങ്കര്‍, പ്രകാശ് രാജ് തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Content Highlight: Strong buzz that Karthik Subbaraj joining hands with Dulquer Salmaan

Video Stories