| Tuesday, 17th March 2020, 11:25 pm

ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകള്‍ നല്‍കിയാല്‍ മെഡിക്കല്‍ സ്റ്റോറുകള്‍ക്കെതിരെ കര്‍ശന നടപടി; ആരോഗ്യ മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകള്‍ നല്‍കിയാല്‍ മെഡിക്കല്‍ സ്റ്റോറുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ.

ഡോക്ടറുടെ കുറിപ്പടിയില്ലാതെ പനി, ചുമ, ജലദോഷം, തൊണ്ടവേദന എന്നീ രോഗാവസ്ഥകള്‍ക്ക് മെഡിക്കല്‍ സ്റ്റോറുകള്‍ വഴി മരുന്നുകള്‍ നല്‍കി വരുന്നതായി പരാതി ഉയര്‍ന്നിരുന്നു.

ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകള്‍ നല്‍കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഇത്തരത്തില്‍ വില്‍പ്പന നടത്തുന്ന വ്യാപാരികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.

ഓണ്‍ലൈനായി മരുന്ന് വില്‍പ്പന നിയന്ത്രിക്കണമെന്ന ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേസമയം സംസ്ഥാനത്ത് ചൊവ്വാഴ്ച പുതിയ കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

അതേസമയം മലയാളിയായ മാഹി സ്വദേശിയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്ത് 18011 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 17743 പേരും വീടുകളിലാണ് കഴിയുന്നത്. 268 ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്.

ഇന്ന് പുതുതായി 5372 പേരെ നിരീക്ഷിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇതില്‍ 65 പേര്‍ ഇന്ന് ആശുപത്രിയിലാണ്.അതേസമയം നിരീക്ഷണത്തിലുണ്ടായിരുന്ന 4353 പേരെ രോഗബാധയില്ലെന്ന് കണ്ട് ഒഴിവാക്കി. 2467 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1807 സാംപിളുകള്‍ നെഗറ്റീവാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഇന്ന് ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും യോഗം ചേര്‍ന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് വ്യാപനം തടയുന്നതിന് സര്‍ക്കാരിനെ സഹായിക്കാന്‍ വിദഗ്ധ സമിതിയെ രൂപീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more