പൈലറ്റുമാരുടെ സമരം: എയര്‍ ഇന്ത്യ 15 സര്‍വീസുകള്‍ റദ്ദാക്കി
India
പൈലറ്റുമാരുടെ സമരം: എയര്‍ ഇന്ത്യ 15 സര്‍വീസുകള്‍ റദ്ദാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 14th May 2012, 8:57 am

ന്യൂദല്‍ഹി: പൈലറ്റുമാരുടെ സമരത്തെ തുടര്‍ന്ന് ഇന്നും എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി. 15 വിമാന സര്‍വീസുകളാണ് ഇന്ന് റദ്ദാക്കിയത്.

കരിപ്പൂരില്‍ നിന്ന് വൈകിട്ട് അഞ്ചരയ്ക്ക് പുറപ്പെടേണ്ടിയിരുന്ന എഐ 963 ജിദ്ദ വിമാനം, കരിപ്പൂരില്‍നിന്ന് കുവൈത്തിലേക്ക് വൈകിട്ട് 3.40ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ്, തുടങ്ങി ന്യൂയോര്‍ക്ക്, ലണ്ടന്‍, ജിദ്ദ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സര്‍വീസും എയര്‍ ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്.

മുന്നറിയിപ്പില്ലാതെ സര്‍വീസുകള്‍ റദ്ദാക്കുന്നത് യാത്രക്കാരെ വലയ്ക്കുകയാണ്. ഇന്നലെ 22 വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. 300ഓളം പൈലറ്റുമാരാണ് അസുഖമുണ്ടെന്ന് കാരണം പറഞ്ഞ് ജോലിക്ക് ഹാജരാകാതിരിക്കുന്നത്.

അതേസമയം, എയര്‍ ഇന്ത്യയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും.ഇന്ത്യന്‍ പൈലറ്റ്‌സ് ഗില്‍ഡുമായി (ഐ.പി.ജി)  സിവില്‍ വ്യോമയാന മന്ത്രി അജിത് സിങ് ഇന്ന് ചര്‍ച്ച നടത്തിയേക്കും. പൈലറ്റുമാര്‍ കൂടിക്കാഴ്ചയ്ക്കു സമയം ചോദിച്ചിട്ടുണ്ടെങ്കിലും സമരം അവസാനിപ്പിച്ചാല്‍ മാത്രമേ ചര്‍ച്ചയ്ക്കുള്ളൂ എന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. സമരം ചെയ്ത 71 പൈലറ്റുമാരെ എയര്‍ ഇന്ത്യ പുറത്താക്കിയിട്ടുണ്ട്. പ്രശ്‌നത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് പൈലറ്റുമാര്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു.

അതേസമയം സമരത്തെ തുടര്‍ന്ന് പ്രവര്‍ത്തനം അവതാളത്തിലായതിനാല്‍ എയര്‍ ഇന്ത്യ രാജ്യാന്തര സര്‍വീസുകളുടെ ബുക്കിംഗ് ഈ മാസം 15 വരെ നിര്‍ത്തിവച്ചിട്ടുണ്ട്.
എയര്‍ ഇന്ത്യ ജീവനക്കാരുടെ സംഘടനാ പ്രതിനിധികളും മാനേജ്‌മെന്റും വ്യോമയാനമന്ത്രാലയത്തിലെ പ്രതിനിധികളും തമ്മില്‍ നടന്ന ചര്‍ച്ചയും പരാജയപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് സമരം തുടങ്ങിയത്.

നേരത്തെ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഭാഗമായിരുന്ന ജീവനക്കാരും എയര്‍ഇന്ത്യയിലെ ജീവനക്കാരും തമ്മിലുള്ള സൗന്ദര്യപിണക്കം പലപ്പോഴും കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ തന്നെ താറുമാറാക്കിയിട്ടുണ്ട്. ഡ്രീം ലൈനര്‍ വിമാനം വാങ്ങുന്നത് എയര്‍ ഇന്ത്യയാണെന്നും അതുകൊണ്ട് എയര്‍ഇന്ത്യ ജീവനക്കാരെയാണ് പരിശീലനത്തിന് അയയ്‌ക്കേണ്ടതെന്നുമാണ്  ജീവനക്കാരുടെ വാദം.

Malayalam News