എയര്‍ ഇന്ത്യ ജീവനക്കാരുടെ സമരം; കൂട്ട അവധിയെടുത്ത 25 ജീവനക്കാരെ പിരിച്ചുവിട്ടു
national news
എയര്‍ ഇന്ത്യ ജീവനക്കാരുടെ സമരം; കൂട്ട അവധിയെടുത്ത 25 ജീവനക്കാരെ പിരിച്ചുവിട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th May 2024, 12:42 pm

തിരുവനന്തപുരം: ജീവനക്കാരുടെ മിന്നൽ പണിമുടക്കില്‍ നടപടിയെടുത്ത് എയര്‍ ഇന്ത്യ. കൂട്ട അവധിയെടുത്ത 25 ജീവനക്കാരെ എയര്‍ ഇന്ത്യ പിരിച്ചുവിട്ടു. വിവരം അറിയിച്ച് കമ്പനി ജീവനക്കാര്‍ക്ക് കഴിഞ്ഞദിവസം നോട്ടീസ് അയച്ചിരുന്നു.

വൈകിട്ട് നാല് മണിക്ക് മുമ്പ് ജോലിയില്‍ പ്രവേശിച്ചില്ലെങ്കില്‍ കമ്പനിയുമായി ഒരു ബന്ധവും ഉണ്ടാവില്ലെന്ന് എയര്‍ ഇന്ത്യ സമരക്കാര്‍ക്ക് അയച്ച നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഡ്യൂട്ടിക്ക് കൃത്യമായി കയറിയില്ലെങ്കില്‍ കമ്പനിയുടെ ഒരു സേവനങ്ങളും ഇനിമുതല്‍ ലഭ്യമാകില്ലെന്നും നോട്ടീസില്‍ പറഞ്ഞിരുന്നു.

തൊഴിലാളികളെ രണ്ട് തരത്തിലാണ് കമ്പനി പരിഗണിക്കുന്നതെന്നും എയര്‍ ഇന്ത്യയെ ടാറ്റ ഏറ്റെടുത്ത ശേഷം ജീവനക്കാര്‍ക്ക് വേണ്ടത്ര പരിഗണന കമ്പനി നല്‍കുന്നില്ല തുടങ്ങിയ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജീവനക്കാരുടെ സമരം.

ടാറ്റ എയര്‍ ഇന്ത്യയെ ഏറ്റെടുക്കുന്ന സമയത്ത് തൊഴില്‍ സുരക്ഷ ഉള്‍പ്പടെ നിരവധി ഉറപ്പുകള്‍ നല്‍കിയിരുന്നെന്നും എന്നാല്‍ ഇവയിലൊക്കെ കമ്പനി തുടര്‍ച്ചയായി വീഴ്ച്ച വരുത്തിയ സാഹചര്യത്തിലാണ് കൂട്ട അവധിയെടുത്ത് സമരത്തിലേക്ക് പോകാന്‍ തീരുമാനിച്ചതെന്നാണ് ജീവനക്കാര്‍ നല്‍കിയ വിശദീകരണം.

അന്ത്യശാസനം ലഭിച്ചിട്ടും ജോലിയില്‍ പ്രവേശിക്കാന്‍ ജീവനക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. സിക്ക് ലീവ് എടുത്താണ് ജീവനക്കാര്‍ ജോലിയില്‍ കയറാതിരുന്നത്. പകരം ജോലിയില്‍ കയറേണ്ടിയിരുന്നവരും ജോലിയില്‍ പ്രവേശിക്കാതായതോടെ ബുധനാഴ്ച എയര്‍ ഇന്ത്യയുടെ സര്‍വീസിനെ ബാധിച്ചിരുന്നു.

ഇവരെ കോണ്‍ടാക്റ്റ് ചെയ്തപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു എന്നാണ് കമ്പനി പ്രതികരിച്ചത്. ജീവനക്കാരുടെ പെരുമാറ്റം ജനങ്ങള്‍ക്കിടയിൽ കമ്പനിയെ മോശമാക്കി എന്ന് ചൂണ്ടിക്കാട്ടിയാണ് ജീവനക്കാര്‍ക്കെതിരെ കടുത്ത നടപടിയിലേക്ക് പോകാന്‍ എയര്‍ ഇന്ത്യ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

എയര്‍ ഇന്ത്യ സര്‍വീസ് മുടങ്ങിയത് യാത്രക്കാരെയും ബാധിച്ചിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്‍പ്പടെ ജോലിക്ക് പ്രവേശിക്കേണ്ടിയിരുന്ന ആളുകള്‍ക്ക് സര്‍വീസ് മുടങ്ങിയത് കാരണം ജോലി നഷ്ടപ്പെടുന്ന സാഹചര്യം വരെ ഉണ്ടായി. യാത്രക്കാര്‍ എയര്‍പോട്ടില്‍ എത്തിയതിന് ശേഷമാണ് മിന്നല്‍ സമരത്തെ കുറിച്ച് അറിഞ്ഞത്. സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയർന്നുവന്നത്.

Content Highlight: Strike of Air India employees; 25 employees were dismissed