തൊഴില്‍ നിയമത്തിലെ ഭേദഗതി; ഏപ്രില്‍ രണ്ടിന് സംസ്ഥാനത്ത് പണിമുടക്ക്
Kerala
തൊഴില്‍ നിയമത്തിലെ ഭേദഗതി; ഏപ്രില്‍ രണ്ടിന് സംസ്ഥാനത്ത് പണിമുടക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd March 2018, 7:39 pm

തിരുവനന്തപുരം: സ്ഥിരം തൊഴിലുകള്‍ ഇല്ലാതാക്കും വിധം തൊഴില്‍ നിയമം ഭേദഗതി ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ഏപ്രില്‍ രണ്ടിന് സംയുക്ത തൊഴിലാളി പണിമുടക്ക്. ബി.എം.എസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളാണ് സംസ്ഥാനത്ത് പണിമുടക്ക് പ്രഖ്യാപിച്ചത്.

രാജ്യത്തെ വ്യവസായ മേഖലയില്‍ ഉള്‍പ്പെടെ കരാര്‍ അല്ലെങ്കില്‍ നിശ്ചിത കാലത്തേക്ക് തൊഴിലാളികളെ നിശ്ചയിക്കുന്നതിന് കമ്പനികള്‍ക്ക് അധികാരം നല്‍കുന്ന രൂപത്തിലാണ് തൊഴില്‍ നിയമത്തില്‍ ഭേദഗതി വരുത്തിയത്. രണ്ടാഴ്ച മുമ്പ് നോട്ടീസ് നല്‍കി തൊഴിലാളികളെ പിരിച്ചു വിടാനുള്ള വ്യവസ്ഥയും പുതിയ ഭേദഗതിയിലുണ്ട്. ഈ മാസം 16ന് ഇറങ്ങിയ വിജ്ഞാപനത്തിലാണ് സര്‍ക്കാര്‍ ഇത്തരത്തിലുള്ള നീക്കം നടത്തിയത്.


Read also: മലയാളി കുടിക്കുന്നത് മലിനമായ വെള്ളം, ജലജന്യരോഗങ്ങള്‍ പിടിമുറുക്കുമെന്ന് മുന്നറിയിപ്പ്


രാജ്യത്ത് വ്യവസായ അനുകൂല അന്തരീക്ഷം സൃഷ്ടിക്കാനാണ് ഭേദഗതിയെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം. 1946 സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ എംപ്ലോയ്‌മെന്റ് ആക്ടിനാണ് ഭേദഗതി വരുത്തിയിട്ടുള്ളത്.

വസ്ത്രവ്യാപാര രംഗത്ത് 2016ല്‍ തന്നെ ഈ നിയമം ഭേദഗതി ചെയ്തിട്ടുണ്ട്. പുതിയ ഭേദഗതി എല്ലാമേഖലയേയും ബാധിക്കുന്നതാണ്. ഇതോടെ നിശ്ചിത ശമ്പളം മാത്രം നല്‍കി വ്യവസായ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക കാലത്തേക്ക് തൊഴിലാളികളെ എടുക്കാനാവും. കാലാവധി കഴിഞ്ഞ തൊഴിലാളികളെ പിരിച്ച് വിടാന്‍ പ്രത്യേക നോട്ടീസ് നല്‍കേണ്ടതില്ലെന്നും വിജ്ഞാപനത്തിലുണ്ട്.