[]തിരുവനന്തപുരം: സപ്ലൈക്കോ ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. മാവേലി സ്‌റ്റോറുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയെങ്കിലും ഭൂരിഭാഗം ജീവനക്കാരും ജോലിയ്‌ക്കെത്തിയിട്ടില്ല. []
അതേസമയം, പണിമുടക്കുന്ന വര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. തുറന്നുപ്രവര്‍ത്തിക്കുന്ന സപ്ലൈകോ കേന്ദ്രങ്ങള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു.
ഇതിനിടെ സമരത്തില്‍ നിന്ന് ഭരണപക്ഷ സംഘടനകളായ എസ്ടിയു, കെടിയുസി ഫ്രണ്ട് എന്നിവ പിന്‍മാറി, കോണ്‍ഗ്രസ് അനുകൂല സംഘടനയായ ഐ.എന്‍.ടി.യു.സി സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.
പ്രതിപക്ഷ സംഘടനകളായ സി.ഐ.ടി.യു, എ.ഐ.ടി.യു.സി എന്നിവയാണ് സമരത്തില്‍ പങ്കെടുക്കുന്ന മറ്റു സംഘടനകള്‍.
ഇതിനിടെ സമരം ഒത്തു തീര്‍പ്പാക്കുന്നതിനായി ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ്ബ് ഇന്ന് തൊഴിലാളി യൂണിയനുകളെ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.
വൈകുന്നേരം മൂന്നിന് മന്ത്രിയുടെ ചേമ്പറിലാണ് ചര്‍ച്ച. സമരം ഇന്നു തന്നെ ഒത്തുതീര്‍പ്പാകാനാണ് സാധ്യത. സമരക്കാരുമായി അനുഭാവ പൂര്‍വം തന്നെ ചര്‍ച്ച നടത്തുമെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 125 രൂപയായിരുന്ന താല്‍ക്കാലിക ജീവനക്കാരുടെ കൂലി വര്‍ധിപ്പിക്കുകയും പായ്ക്കിങിനുള്ള നിരക്ക് വര്‍ധിപ്പിക്കുകയും ചെയ്തിരുന്നുവെന്നും മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു.
ജീവനക്കാര്‍ ഉന്നയിച്ച പ്രമോഷന്‍, ഡെപ്യൂട്ടേഷന്‍ എന്നീ വിഷയങ്ങളെക്കുറിച്ച് പഠിച്ച് ഈ മാസം പതിനഞ്ചിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ എം.ഡിയോടാവശ്യപ്പെട്ടിട്ടുണ്ട്.
സമരം പിന്‍വലിക്കാന്‍ അതാത് രാഷ്ട്രീയ പാര്‍ട്ടികള്‍ ഇടപെടണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നത് സപ്ലൈക്കോയാണ്. ഈയസരത്തില്‍ അവര്‍ സമരം നടത്തരുത്.
സര്‍ക്കാര്‍ ജീവനക്കാരുമായി യുദ്ധത്തിനില്ല. സ്ഥാപനങ്ങള്‍ അടച്ചിടുന്ന സമരത്തിലേയ്ക്ക് ജീവനക്കാര്‍ പോകാതെ സര്‍ക്കാരുമായി ഒത്തുതീര്‍പ്പിന് തയാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.