| Monday, 23rd November 2015, 11:45 am

കെ.എം.സി.ടി എഞ്ചിനിയറിങ് കോളജിലെ അധ്യാപകരുടെ സമരം ശക്തമാകുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുക്കം: കളന്‍തോട് കെ.എം.സി.ടി എഞ്ചിനിയറിങ് കോളജില്‍ ജീവനക്കാര്‍ നടത്തുന്ന സമരം ശക്തമാകുന്നു. ശമ്പള കുടിശ്ശിക നല്‍കണമെന്നതുള്‍പ്പെടെ 13 ഓളം ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അധ്യാപകര്‍ സമരം നടത്തുന്നത്.

ശമ്പളം കൃത്യസമയത്ത് ലഭ്യമാക്കുക, വനിതാ ജീവനക്കാര്‍ക്ക് പ്രസവാവധിയും അക്കാലയളവിലെ ആനുകൂല്യങ്ങളും ലഭ്യമാക്കുക, ജീവനക്കാര്‍ക്ക് നിയമന ഉത്തരവ് രേഖാമൂലം നല്‍കുക എന്നീ ആവശ്യങ്ങളാണ് പ്രധാനമായും സമരരംഗത്തുള്ളവര്‍ മുന്നോട്ടുവെക്കുന്നത്.

സമരത്തിന്റെ 14ാം ദിവസമായ ഇന്ന് സമരരംഗത്തുള്ള അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും മാര്‍ച്ചും പൊതുയോഗവും സംഘടിപ്പിച്ചു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ തൊട്ടടുത്ത നിമിഷം മുതല്‍ ജോലി ചെയ്യാന്‍ തയ്യാറാണെന്ന് അധ്യാപകര്‍ പറയുന്നു.

പ്രശ്‌നം പരിഹരിക്കാന്‍ ശനിയാഴ്ച ചര്‍ച്ച വിളിച്ചിരുന്നു. എന്നാല്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍ എത്താത്തതിനെ തുടര്‍ന്ന് ചര്‍ച്ച നടന്നില്ലെന്ന് സമരരംഗത്തുളള അധ്യാപകര്‍ ഡൂള്‍ ന്യൂസിനോടു പറഞ്ഞു.

കെ.എം.സി.ടി കോളജിലെ 150ഓളം അധ്യാപകരാണ് സമരരംഗത്തുളളത്. 14 ദിവസമായി തുടരുന്ന രാപ്പകല്‍ സമരത്തിനു പുറമേ ആറുദിവസമായി നിരാഹാര സമരവും നടത്തുന്നുണ്ട്. എന്നാല്‍ ഇതെല്ലാം കണ്ടില്ലെന്നു നടിക്കുകയാണ് മാനേജ്‌മെന്റ് എന്ന് സമരക്കാര്‍ പറയുന്നു.

രണ്ടും മൂന്നും മാസം വൈകിയാണ് പലര്‍ക്കും ശമ്പളം കിട്ടുന്നതെന്നാണ് ജിസി പറയുന്നത്. കൃത്യമായ ഒരു തിയ്യതി തീരുമാനിച്ച് അതിനുള്ളില്‍ ശമ്പളം ലഭ്യമാക്കണമെന്നാണ് തങ്ങള്‍ ആവശ്യപ്പെടുന്നത്. അതുപോലെ ഇവിടെ ജോലി ചെയ്യുന്ന അധ്യാപകര്‍ക്ക് അവര്‍ ഇവിടുത്തെ സ്റ്റാഫാണെന്നു തെളിയിക്കുന്ന യാതൊരു രേഖയും നല്‍കിയിട്ടില്ല. അതിനാല്‍ എല്ലാ സ്റ്റാഫിനും നിയമന ഉത്തരവ് നല്‍കണമെന്നാണ് തങ്ങള്‍ മുന്നോട്ടുവെക്കുന്ന ആവശ്യമെന്നും അധ്യാപകര്‍ വ്യക്തമാക്കി.

പ്രസവാവധി കഴിഞ്ഞുവരുന്ന അധ്യാപികമാര്‍ കടുത്ത വിവേചനമാണ് നേരിടുന്നത്. മൂന്നുമാസത്തെ അവധിക്ക് ശമ്പളം നല്‍കാറില്ല. ഇതിനു പുറമേ ഇവരുടെ രണ്ടുമാസത്തെ വെക്കേഷന്‍  വെട്ടിച്ചുരിക്കി 15 ദിവസമാക്കി മാറ്റി. പലര്‍ക്കും പ്രസവവധിക്കുശേഷം ജോലിയില്ലാത്ത അവസ്ഥയാണ്. അവധി കഴിഞ്ഞുവന്നാല്‍ വീണ്ടും ഒഴിവുവന്നാല്‍ അഭിമുഖം നടത്തി മാത്രമേ ഇവരെ നിയമിക്കാറുള്ളൂവെന്നും അധ്യാപകര്‍പറയുന്നു.

We use cookies to give you the best possible experience. Learn more