ഇന്ത്യാവിഷനില്‍ ജീവനക്കാരുടെ സമരം തുടരുന്നു
Daily News
ഇന്ത്യാവിഷനില്‍ ജീവനക്കാരുടെ സമരം തുടരുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 4th December 2014, 11:55 am

oooകൊച്ചി: മലയാളത്തിലെ ആദ്യ മുഴുനീള വാര്‍ത്താ ചാനലായ ഇന്ത്യാവിഷനില്‍ ജീവനക്കാരുടെ സമരം തുടരുന്നു. സമരത്തിന്റെ പശ്ചാത്തലത്തില്‍ ചാനലില്‍ വാര്‍ത്താ സംപ്രേഷണം മുടങ്ങി. മുമ്പ് റെക്കോഡ് ചെയ്ത പരിപാടികളാണ് ചാനല്‍ ഇപ്പോള്‍ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്നത്.

തുടര്‍ച്ചയായി ശമ്പളം മുടങ്ങിയതാണ് ജീവനക്കാരെ സമരത്തിലേക്ക് നയിച്ചത്. ഡിസംബര്‍ ഒന്നിന് വൈകുന്നേരം ആറുമുതലാണ് വാര്‍ത്താ വിഭാഗം ജീവനക്കാര്‍ പണിമുടക്ക് ആരംഭിച്ചത്.

ആഗസ്റ്റ് മുതലുള്ള ശമ്പളം ജീവനക്കാര്‍ക്ക് നല്‍കാനുണ്ടായിരുന്നു. ജീവനക്കാര്‍ ശമ്പളം ആവശ്യപ്പെട്ട് മാനേജ്‌മെന്റിനെ സമീപിച്ചപ്പോഴെല്ലാം പുതിയ തീയ്യതികള്‍ പറഞ്ഞ് മടക്കി അയക്കുകയായിരുന്നു. ജീവനക്കാരുമായി ചര്‍ച്ച നടത്തിയ റെസിഡന്റ് ഡയറക്ടര്‍ ജമാലുദ്ദീന്‍ ഫാറൂഖി ഈ മാസം ഒന്നിന് ശമ്പള കുടിശ്ശിക തീര്‍ത്തുനല്‍കാമെന്നും ബാങ്ക് അക്കൗണ്ടില്‍ പണമെത്തുമെന്നും ഉറപ്പ് നല്‍കിയിരുന്നു.

ഇതേത്തുടര്‍ന്ന് ജീവനക്കാര്‍ തിങ്കളാഴ്ച വൈകുന്നേരം ആറ് മണിവരെ ജോലി ചെയ്തിരുന്നു. എന്നാല്‍ ബാങ്ക് സമയം കഴിഞ്ഞിട്ടും അക്കൗണ്ടില്‍ പണം എത്തിയില്ലെന്ന് വ്യക്തമായതോടെ സമരരംഗത്തിറങ്ങുകയായിരുന്നു. തിങ്കളാഴ്ച കെ.യു.ഡബ്ല്യു.ജെ യുടെ നേതൃത്വത്തില്‍ ശമ്പളം പരിഹരിക്കണമെന്നാവശ്യപെട്ട് സ്ഥാപനത്തിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.

മുഴുവന്‍ ന്യൂസ് ബ്യൂറോകളിലെ മാധ്യമ പ്രവര്‍ത്തകരും ക്യാമറാമാന്‍മാരും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. ഈ മാസം പതിനൊന്നിന് ചാനലിലെ എഡിറ്റര്‍മാര്‍ സമരം നടത്തിയിരുന്നു.

സമരത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രിയിലെ ന്യൂസ് നൈറ്റ് മുടങ്ങി. ഇന്ത്യാവിഷന്‍ ആരംഭിച്ചശേഷം ഇതാദ്യമായാണ് ന്യൂസ് നൈറ്റ് മുടങ്ങുന്നത്. തിങ്കളാഴ്ച രാവിലെ റെക്കോര്‍ഡ് ചെയ്ത വാര്‍ത്തകളാണ് രാത്രി കാണിച്ചത്. ചൊവ്വാഴ്ച മുതല്‍ വാര്‍ത്ത നല്‍കാന്‍ കഴിയാത്ത സ്ഥിതിയിലായി.

ജീവനക്കാര്‍ കോ-ഓഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബുധനാഴ്ച യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ കുടിശ്ശിക മുഴുവന്‍ ലഭിക്കാതെ തിരികെ ജോലിയില്‍ പ്രവേശിക്കില്ലെന്ന് ജീവനക്കാര്‍ വ്യക്തമാക്കുകയായിരുന്നു. അതിനിടെ ജീവനക്കാരില്‍ ഒരു വിഭാഗത്തിന് ആഗസ്റ്റിലെ ശമ്പളം നല്‍കി.

നേരത്തെ മാനേജ്‌മെന്റിന്റെ സ്ഥാപന നടത്തിപ്പിലെ അഴിമതി  അന്വേഷിക്കണം എന്നാവശ്യപെട്ടതിന് മാധ്യമപ്രവര്‍ത്തകന്‍ എം.പി ബഷീറിനെയും കോ-ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ ഉണ്ണികൃഷ്ണനെയും പുറത്താക്കുന്നതായി കാണിച്ച് മാനേജ്‌മെന്റ് നോട്ടീസ് നല്‍കിയിതിനെതിരെയും ജീവനക്കാര്‍ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. 73 ഓളം മാധ്യമ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഓണ്‍ എയറില്‍ സംപ്രേഷണം നിര്‍ത്തി വെച്ചായിരുന്നു സമരം ചെയ്തിരുന്നത്.