| Friday, 28th November 2014, 10:26 pm

ഇന്ത്യാവിഷനില്‍ ജീവനക്കാര്‍ സമരത്തില്‍; ന്യൂസ്‌നൈറ്റ് മുടങ്ങി

ഡൂള്‍ന്യൂസ് ഡെസ്‌ക്


കൊച്ചി: തുടര്‍ച്ചയായി ശമ്പളം മുടങ്ങുന്നതിനാല്‍ ഇന്ത്യാവിഷനില്‍ ജീവനക്കാരുടെ സമരം. സമരം ആരംഭിച്ചതിനാല്‍ ചാനലിലെ ഒന്‍പത് മണിയുടെ ന്യൂസ് നൈറ്റ് മുടങ്ങി. ന്യൂസ് നൈറ്റിന് പകരം റെക്കോര്‍ഡഡ് ന്യൂസ് ബുള്ളറ്റിനാണ് ഇന്ന് ഒന്‍പത് മണി മുതല്‍ ഒന്‍പതര വരെ പ്രക്ഷേപണം ചെയ്ത്.

കഴിഞ്ഞ മൂന്ന് മാസക്കാലമായി ശമ്പളം മുടങ്ങിയതിനാലാണ് ജീവനക്കാര്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് രാവിലെ കെ.യു.ഡബ്ല്യു.ജെ യുടെ നേതൃത്വത്തില്‍ ശമ്പളം പരിഹരിക്കണമെന്നാവശ്യപെട്ട് സ്ഥാപനത്തിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ചാനല്‍ തുടങ്ങിയിട്ട് പതിനൊന്ന് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ന്യൂസ്‌നൈറ്റ് മുടങ്ങുന്നത്. മുഴുവന്‍ ന്യൂസ് ബ്യൂറോകളിലെ മാധ്യമ പ്രവര്‍ത്തകരും ക്യാമറാമാന്‍മാരും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. ഈ മാസം പതിനൊന്നിന് ചാനലിലെ എഡിറ്റര്‍മാര്‍ സമരം നടത്തിയിരുന്നു.

ശമ്പളവുമായി ബന്ധപെട്ട എല്ലാ പ്രശ്‌നങ്ങളും ഇന്നത്തോടെ പരിഹരിക്കാമെന്നാണ് മാനേജ്‌മെന്റ് ഉറപ്പ് നല്‍കിയിരുന്നത്. എന്നാല്‍ വൈകുന്നേരമായിട്ടും മാനേജ്‌മെന്റ് തീരുമാനം എടുക്കാത്തതിനാലാണ് ന്യൂസ് നൈറ്റ് മുടങ്ങിയത്. ചാനല്‍ ജീവനക്കാരും മാനേജ്‌മെന്റും തമ്മില്‍ തിരക്കിട്ട ചര്‍ച്ചകളാണ് നടക്കുകയാണിപ്പോള്‍.

നേരത്തെ മാനേജ്‌മെന്റിന്റെ സ്ഥാപന നടത്തിപ്പിലെ അഴിമതി  അന്വേഷിക്കണം എന്നാവശ്യപെട്ടതിന് മാധ്യമപ്രവര്‍ത്തകന്‍ എം.പി ബഷീറിനെയും കോഓര്‍ഡിനേറ്റിങ് എഡിറ്റര്‍ ഉണ്ണികൃഷ്ണനെയും പുറത്താക്കുന്നതായി കാണിച്ച് മാനേജ്‌മെന്റ് നോട്ടീസ് നല്‍കിയിതിനെതിരെയും ജീവനക്കാര്‍ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. 73 ഓളം മാധ്യമ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഓണ്‍ എയറില്‍ സംപ്രേഷണം നിര്‍ത്തി വെച്ചായിരുന്നു സമരം ചെയ്തിരുന്നത്.

We use cookies to give you the best possible experience. Learn more