| Thursday, 12th July 2018, 10:21 am

ക്രിസ്റ്റിയാനോയെ യുവന്റസ് വാങ്ങിയതിന് പിന്നാലെ ഫിയറ്റ് കാര്‍ കമ്പനിയില്‍ തൊഴിലാളി സമരം

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ വന്‍തുകയ്ക്ക് യുവന്റസിലെടുത്തതിന് പിന്നാലെ ഇറ്റലിയിലെ കാര്‍ കമ്പനിയായ ഫിയറ്റ് ക്രിസ്‌ലറില്‍ തൊഴിലാളി സമരം. ഫിയറ്റ് ഉടമകളായ ഇറ്റലിയിലെ ആഗ്നെല്ലി കുടുംബത്തിന്റെ ഉടമസ്ഥതയിലാണ് യുവന്റസ്. കമ്പനിയിലെ ജീവനക്കാര്‍ക്കുള്ള സാമ്പത്തിക ബാധ്യത തീര്‍ക്കാതെ കോടികള്‍ മുടക്കി താരത്തെ ക്ലബ്ബില്‍ എടുക്കുന്നതിനെതിരെയാണ് സമരം.

ഇറ്റലിയിലെ മെല്‍ഫി പ്ലാന്റിലാണ് സമരം. ചൊവ്വാഴ്ചയാണ് ക്രിസ്റ്റ്യാനോയെ 105 മില്യന്‍ യൂറോ (ഏകദേശം 845 കോടി രൂപ)യ്ക്ക് ക്ലബ്ബിലെടുക്കാന്‍ യുവന്റസ് തീരുമാനമെടുത്തത്.

ഒരാള്‍ക്ക് വേണ്ടി മാത്രം പണം മുടക്കുന്നതിന് പകരം ആയിരക്കണക്കിന് വരുന്ന തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി പുതിയ കാര്‍ മോഡലുകള്‍ ഇറക്കുകയാണ് ഉടമകള്‍ ചെയ്യേണ്ടതെന്നാണ് സമരം ചെയ്യുന്ന തൊഴിലാളികളുടെ ആവശ്യം.

ക്രിസ്റ്റ്യാനോയെത്തിയതിന് പിന്നാലെ യുവന്റസിന് ഷെയര്‍മാര്‍ക്കറ്റില്‍ നേട്ടമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 90 വര്‍ഷത്തിലധികമായി ആഗ്നെല്ലി കുടുംബത്തിന് കീഴിലാണ് യുവന്റസ് ക്ലബ്ബ്. ലോകത്തെ എട്ടാമത്തെ വലിയ കാര്‍ നിര്‍മ്മാണ കമ്പനിയാണ് ഫിയറ്റ്. ഫെരാരി, ലാന്‍സിയ, ആല്‍ഫ റോമിയോ തുടങ്ങിയ വാഹന മോഡലുകളെല്ലാം കമ്പനിക്ക് കീഴിലാണ്.

We use cookies to give you the best possible experience. Learn more