|

എയര്‍ ഇന്ത്യ പൈലറ്റുമാര്‍ക്ക് അന്ത്യശാസനവുമായി വ്യോമയാന വകുപ്പ്‌

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയിലെ ഒരു വിഭാഗം പൈലറ്റുമാര്‍ നടത്തുന്ന സമരം എട്ടാം ദിവസത്തിലേക്ക് കടന്നു.സമരം നടത്തുന്ന പൈലറ്റുമാര്‍ക്ക് അന്ത്യശാസനവുമായി സര്‍ക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്.

സമരം നടത്തി രാജ്യത്തെ ഭീഷണിപ്പെടുത്തി നിര്‍ത്താനാകില്ലെന്ന് വ്യോമയാന മന്ത്രി അജിത് സിങ് പറഞ്ഞു. പൈലറ്റുമാരുടെ സമരം അന്യായമാണ്. അവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എയര്‍ ഇന്ത്യ ഇന്ന് മാത്രം 24 അന്താരാഷ്ട്ര സര്‍വീസുകളാണ് റദ്ദാക്കിയത്. ഇന്നലെ ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കാനായി എയര്‍ ഇന്ത്യ മാനേജ്‌മെന്റ് പ്രതിനിധികള്‍ വ്യോമയാന മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ എത്തിയിരുന്നെങ്കിലും ചര്‍ച്ചയെ കുറിച്ച് അറിയില്ലെന്നു പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നുവെന്ന് മാനേജ് മെന്റ് കുറ്റപ്പെടുത്തി.

ഏതാണ്ട് 150 കോടി രൂപയുടെ നഷ്ടമാണ് കഴിഞ്ഞ കുറച്ചുദിവസങ്ങള്‍ കൊണ്ട് എയര്‍ ഇന്ത്യയ്ക്ക് ഉണ്ടായതെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ചര്‍ച്ചയ്ക്ക് തങ്ങള്‍ തയ്യാറാണെന്ന് പൈലറ്റുമാര്‍ അറിയിച്ചിട്ടുണ്ട്. സമരം ഒത്തുതീര്‍പ്പാവാത്തതിന് എയര്‍ ഇന്ത്യ മാനേജ്‌മെന്റിനെയാണ് പൈലറ്റുമാരുടെ സംഘടനയായ പൈലറ്റ് ഗില്‍ഡ് കുറ്റപ്പെടുത്തുന്നത്.

സമരത്തെ തുടര്‍ന്ന് 71 പൈലറ്റുമാരെയാണ് കമ്പനി കഴിഞ്ഞ ദിവസം പിരിച്ചുവിട്ടത്. പൈലറ്റുമാരുടെ സമരം അന്യായമാണെന്ന് ദല്‍ഹി ഹൈക്കോടതി വിധിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ ആവശ്യം അംഗീകരിക്കാതെ സമരത്തില്‍ നിന്നും പിന്‍മാറില്ലെന്നാണ് പൈലറ്റുമാരുടെ നിലപാട്.

Latest Stories