World News
പണിമുടക്കി ചാറ്റ് ജി.പി.ടി; പരാതിപ്പെട്ട് സോഷ്യല്‍ മീഡിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 23, 03:05 pm
Thursday, 23rd January 2025, 8:35 pm

ന്യൂദല്‍ഹി: ദശലക്ഷക്കണക്കിന് ഉപയോക്താക്കള്‍ക്ക് ചാറ്റ് ജി.പി.ടി ആക്‌സസ് ചെയ്യാന്‍ കഴിയുന്നില്ലെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയിലുള്‍പ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളിലും എ.ഐ ആക്‌സസ് ചെയ്യാന്‍ കഴിയുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ചാറ്റ് ജി.പി.ടി ആക്‌സസ് ചെയ്യുമ്പോള്‍ നിരവധി ഉപയോക്താക്കള്‍ക്ക് സേവനം താത്കാലികമായി ലഭ്യമല്ലെന്ന സന്ദേശമാണ് ലഭിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഡൗണ്‍ ഡിക്ടേറ്ററില്‍ നിന്നുള്ള ഡാറ്റയനുസരിച്ച് വൈകുന്നേരം അഞ്ച് മണിക്കും ആറ് മണിക്കുമിടയില്‍ 3700 ലധികം ഉപയോക്താക്കള്‍ക്ക് സേവനം ലഭിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഈ ഉപയോക്താക്കളില്‍ ഏകദേശം 88 ശതമാനം പേര്‍ക്കും ചാറ്റ് ജി.പി.ടിയുടെ സേവനത്തിലാണ് പ്രശ്‌നങ്ങള്‍ നേരിട്ടതെന്നും കുറച്ച് പേര്‍ക്ക് എ.പി.ഐയില്‍ പ്രശ്‌നം നേരിട്ടുവെന്നും മിന്റ് റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം സേവനത്തില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുവെന്ന വാര്‍ത്തയ്ക്ക് ഓപ്പണ്‍ എ.ഐ പ്രതികരിക്കുകയുണ്ടായി. ചാറ്റ് ജി.പി.ടിയും എ.പി.ഐയും സേവനത്തില്‍ ചില പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും പ്രശ്‌നം പരിശോധിച്ച് പരിഹരിക്കുമെന്നും അവര്‍ പ്രതികരിച്ചു. അതേസമയം സേവനത്തില്‍ പ്രശ്‌നങ്ങള്‍ നേരിട്ടതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല.

അതേസമയം ഈ മാസത്തില്‍ തന്നെ രണ്ട് തവണയോളം ചാറ്റ് ജി.പി.ടി സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ടതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ചാറ്റ് ജി.പി.ടിയുടെ സാങ്കേതിക തകാറിനെ മുന്‍നിര്‍ത്തി ഉപയോക്താക്കള്‍ സോഷ്യല്‍ മീഡിയയില്‍ പരാതിയുമായി രംഗത്തെത്തുകയും ചെയ്തു.

Content Highlight: Strike Chat GPT; Complaining on social media