| Friday, 9th October 2020, 12:55 pm

നീതി തേടി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ സെക്രട്ടറിയേറ്റില്‍; സമരം ആരംഭിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ പെണ്‍കുട്ടികളുടെ അമ്മയുടെ സമരം ആരംഭിച്ചു. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥരെ പുറത്താക്കണമെന്ന ആവശ്യവുമായി നടത്തുന്ന സമരം പ്രതിക്ഷ നേതാവ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.

ആദ്യം കേസ് അന്വേഷിച്ച വാളയാര്‍ എസ്.ഐ പിസി ചാക്കോ, പിന്നീട് അന്വേഷണത്തിന് നേതൃത്വം കൊടുത്ത അന്നത്തെ നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി സോജന്‍ എന്നിവര്‍ക്കെതിരെ നടപടി വേണമെന്നും കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മാസം കൊച്ചിയിലും ഇവര്‍ ഉപവാസ സമരം നടത്തിയിരുന്നു.

കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ ഇപ്പോഴും സുരക്ഷിതരായി കഴിയുന്നെന്ന് കുടുംബം ആരോപിച്ചിരുന്നു. അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡി.വൈ.എസ്.പി സോജന് സ്ഥാനക്കയറ്റം നല്‍കാനുള്ള തീരുമാനം സര്‍ക്കാര്‍ പുന പരിശോധിക്കുമെന്നും കുടുംബം ആവശ്യപ്പെടുന്നുണ്ട്.

കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് മാസങ്ങളായിട്ടും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കാര്യമായ നടപടികളൊന്നും തന്നെ ഉണ്ടായിട്ടില്ലെന്നും പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു. അതേസമയം സര്‍ക്കാരിലുള്ള പ്രതീക്ഷ കൈവിട്ടില്ലെന്നും അവര്‍ പറഞ്ഞു.

വാളയാര്‍ കേസില്‍ പെണ്‍കുട്ടികള്‍ക്ക് നീതി നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് രമേശ് ചെന്നിത്തല സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ പറഞ്ഞു. കേസില്‍ എന്തുകൊണ്ട് പുനരന്വേഷണം നടത്തുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

വാളയാര്‍ പെണ്‍കുട്ടികളുടെ കുടുംബത്തെ മുഖ്യമന്ത്രി വഞ്ചിച്ചു. കേരളവും ഉത്തര്‍ പ്രദേശ് പോലെയായി. പിണറായി വിജയനും യോഗി ആദിത്യനാഥും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളത് എന്നും അദ്ദേഹം ചോദിച്ചു.

നേരത്തെ വാളയാര്‍ സമരസമിതിയുടെ നേതൃത്വത്തില്‍ ഹൈക്കോടതിയ്ക്ക് മുന്നില്‍ സമരമിരുന്നിരുന്നു. സമര സമിതിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിലേക്ക് വാളയാര്‍ നീതിയാത്രയും സെക്രട്ടറിയേറ്റിന് മുന്നില്‍ കുടില്‍ കെട്ടി സമരവും സംഘടിപ്പിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Strike by mother of Valayar Daughters started at Secretariat

We use cookies to give you the best possible experience. Learn more