നാടിനെ സംരക്ഷിക്കാന്‍ മലബാര്‍ ഗോള്‍ഡിന്റെ ആഭരണ നിര്‍മ്മാണ ശാലയ്‌ക്കെതിരെ ഇരിപ്പ് സമരം
Daily News
നാടിനെ സംരക്ഷിക്കാന്‍ മലബാര്‍ ഗോള്‍ഡിന്റെ ആഭരണ നിര്‍മ്മാണ ശാലയ്‌ക്കെതിരെ ഇരിപ്പ് സമരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th January 2015, 11:13 am

kakknjery-01കാക്കഞ്ചേരി: മലബാര്‍ ഗോള്‍ഡിന്റെ ആഭരണ നിര്‍മ്മാണ ശാലയ്‌ക്കെതിരെ നടത്തുന്ന ഇരിപ്പ് സമരം 20 ദിവസം പിന്നിട്ടു. പിറന്ന നാടിനെ സംരക്ഷിക്കാന്‍ എന്ന പേരിലാണ് കാക്കഞ്ചേരി പരിസര സംരക്ഷണ സമിതി സത്യഗ്രഹം നടത്തുന്നത്.

വരും തലമുറയെ മാറാ രോഗികളാക്കി മാറ്റാതിരിക്കാന്‍ മലബാര്‍ ഗോള്‍ഡിന്റെ ആഭരണ ശാലക്കെതിരെ കാക്കഞ്ചേരി സംരക്ഷണ സമിതി സത്യാഗ്രഹ സമരത്തിലേക്ക് എന്ന മുദ്രവാക്യമാണ് സമരസമിതി ഉയര്‍ത്തുന്നത്. “ഇവിടെ ഞങ്ങള്‍ക്ക് ജീവിക്കണം” എന്നതാണ് സമരക്കാരുടെ ആവശ്യം.

സമരത്തിന്റെ 20ാം ദിവസം വിവിധ സംഘടനകളാണ് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരപ്പന്തലില്‍ എത്തിയത്. ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരം കുടുംബശ്രീ പ്രവര്‍ത്തകരും തൊഴിലുറപ്പ് അംഗങ്ങളും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരപ്പന്തലില്‍ എത്തി.

ജീവിതം പിടിവിട്ടുപോകുമെന്നഘട്ടത്തില്‍ ഏത് പ്രതിസന്ധിയേയും നേരിടാമെന്നുറച്ച്, ഒരു സംഘം ഗ്രാമീണര്‍ തുടങ്ങിവെച്ച ചെറുത്ത് നില്‍പ്പാണ് ഇപ്പോള്‍ 20 ദിവസം പിന്നിട്ടിരിക്കുന്നത്. ഭക്ഷ്യാനുബന്ധവസ്തുക്കളും, സംസ്‌കരണശാലകളും, ഐ.ടി. കമ്പനികളുമൊക്കെയായി മലപ്പുറത്തെ കാക്കഞ്ചേരിയില്‍ ദേശീയപാതയോരത്ത് പ്രവര്‍ത്തിക്കുന്ന കിന്‍ഫ്ര പാര്‍ക്കിലെ 2 ഏക്കര്‍ 25 സെന്റ് സ്ഥലത്താണ് മലബാര്‍ ഗോള്‍ഡിന്റെ ആഭരണ നിര്‍മ്മാണശാല പ്രവര്‍ത്തിക്കുന്നത്.

പ്രതിദിനം 120 കിലോ സ്വര്‍ണ്ണാഭരണങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയുന്ന പ്ലാന്റാണ് കാക്കഞ്ചേരിയിലേത്. പൊട്ടാസ്യം സൈനേഡും, കാഡ്മിയവും, സിങ്കും, നിക്കലും, കോപ്പര്‍ ഓക്‌സൈഡുകളും ആസിഡ് മാലിന്യങ്ങളും, വാതകങ്ങളും ചേര്‍ന്ന് നാടിനെ മാറാദുരിതത്തിലാഴ്ത്തുമെന്നാണ് പ്രദേശവാസികള്‍ ഭയക്കുന്നത്. പ്രതിദിനം 3 ലക്ഷം ലിറ്റര്‍ വെള്ളമാണ് ജ്വല്ലറിയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടത്.

രാസമാലിന്യങ്ങള്‍ കലര്‍ന്ന ഇത്രയധികം മാരകമായ വെള്ളം കാക്കഞ്ചേരിയെപോലെ ഉയര്‍ന്ന സ്ഥലത്ത് നിന്നും ഒഴുക്കിവിടുമ്പോള്‍, കാക്കഞ്ചേരിയില്‍ മാത്രമല്ല സമീപസ്ഥപ്രദേശങ്ങളിലെ ജലസ്രോതസ്സുകളും ഭൂഗര്‍ഭജലവും എന്നെന്നേക്കുമായി മലിനമാവുകയും, ജനജീവിതം അസാധ്യമായി മാറുകയും ചെയ്യുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

ഈ രാസ മാലിന്യങ്ങള്‍ ശ്വാസകോശം, കരള്‍, വൃക്ക, നാഡിവ്യവസ്ഥ, പ്രത്യുല്‍പാദനശേഷി തുടങ്ങിയവയെയെല്ലാം ദോഷകരമായി ബാധിക്കുമെന്നും പരിസരസംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ശാസ്ത്രീയ പഠനങ്ങളുടെയും വിവരാവകാശപ്രകാരം ലഭിച്ച രേഖകളുടെയും, വസ്തുക്കളുടേയും അടിസ്ഥാനത്തിലാണ് അവര്‍ ഈ കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

കോഴിക്കോട്ടെ തിരുവണ്ണൂരില്‍ മൂന്ന് കിലോ സ്വര്‍ണാഭരണങ്ങള്‍ പ്രതിദിനം നിര്‍മ്മിക്കാന്‍ ശേഷിയുള്ള ആഭരണ നിര്‍മ്മാണ പ്ലാന്റ്, പ്രവര്‍ത്തനമാരംഭിച്ച് 6 മാസം കൊണ്ട് തന്നെ ജനജീവിതത്തെ ദുഷ്‌കരമാക്കി. ഒടുവില്‍ ജനകീയ പ്രതിഷേധത്തിന് മുന്നില്‍ ആ ആഭരണ നിര്‍മ്മാണശാല അടച്ചുപൂട്ടേണ്ടിവന്നു. മൂന്ന് കിലോ നിര്‍മ്മാണ ശേഷിയുള്ള ആഭരണ നിര്‍മ്മാണശാല ഈ വിധം ദുരന്തം വിതച്ചുവെങ്കില്‍, ദിനം തോറും 120 കിലോ ഉത്പാദന ശേഷിയുള്ള പ്ലാന്റ് എത്രമാത്രം ദുരന്തം വിയ്ക്കുമെന്ന ചോദ്യമാണ് നാട്ടുകാര്‍ ഉന്നയിക്കുന്നത്.

നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന കാക്കഞ്ചേരിയിലെ ആഭരണ നിര്‍മ്മാണശാലയെക്കുറിച്ച്, സമരസമിതി പ്രവര്‍ത്തകര്‍ നടത്തുന്ന പ്രചരണങ്ങള്‍ അടിസ്ഥാനമില്ലാത്തവയാണെന്നാണ് മലബാര്‍ ഗോള്‍ഡ് വക്താക്കള്‍ വ്യക്തമാക്കുന്നത്.

മലബാര്‍ ഗോള്‍ഡ് മലപ്പുറം കാക്കഞ്ചേരി കിന്‍ഫ്രാ വ്യവസായ പാര്‍ക്കില്‍ നടത്തുന്ന അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനം ഹൈക്കോടതി ജൂണില്‍ സ്റ്റേ ചെയ്തിരുന്നു. രാജ്യത്തെ തന്നെ ആദ്യ ഭക്ഷ്യ സംസ്‌കരണ പാര്‍ക്കില്‍ നിയമങ്ങളും ഉറപ്പുകളും ലംഘിച്ചായിരുന്നു ആഭരണ നിര്‍മ്മാണ ശാല തുടങ്ങിയിരുന്നത്. ചുവപ്പു പട്ടികയില്‍പ്പെടുന്ന മലിനീകരണ വ്യവസായം തുടങ്ങാന്‍ പണിയുന്ന അനധികൃത നിര്‍മ്മാണത്തിനെതിരെ ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു സ്റ്റേ.

കിന്‍ഫ്രാ മലബാര്‍ ഗോള്‍ഡിനു സ്ഥലം അനുവദിച്ചത് നിയമവിരുദ്ധമാണെന്നും ഹരജിയില്‍ പറഞ്ഞിരുന്നു. യൂണിറ്റിനെതിരെ പരിസര വാസികളും സമരം നടത്തിയിരുന്നു. അവര്‍ നല്‍കിയ ഹര്‍ജി ചെന്നൈ ഗ്രീന്‍ ട്രൈബ്യൂണല്‍ ഫയലില്‍ സ്വീകരിക്കുകയും, സര്‍ക്കാരിനു നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.