തിരുവനന്തപുരം: കാരോട്-കഴക്കൂട്ടം ടോള്‍ പിരിവിനെതിരായ സമരം പിന്‍വലിച്ചു. മന്ത്രി വി. ശിവന്‍കുട്ടി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് സമരം അവസാനിപ്പിക്കാന്‍ ധാരണയായത്. നാളെ മുതല്‍ ടോള്‍ പിരിവ് തുടരാനും തീരുമാനമായിട്ടുണ്ട്.
10 കിലോമീറ്ററിനുള്ളില്‍ താമസിക്കുന്ന നാട്ടുകാര്‍ക്ക് സൗജന്യമനുവദിക്കാനും ചര്‍ച്ചയില്‍ ധാരണയായി.
‘കഴിഞ്ഞ 47 ദിവസമായി നടത്തി വരുന്ന സമരം പിന്‍വലിക്കാമെന്ന് സമരസമിതി നേതാക്കള്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. നാളെ മുതല്‍ അവിടെ ടോള്‍ പിരിച്ച് തുടങ്ങും.
ഒരാഴ്ചക്കാലം ഐഡന്‍ഡിറ്റി കാര്‍ഡുകള്‍ കാണിച്ച് നാട്ടുകാര്‍ക്ക് സഞ്ചരിക്കാനാവും അതിന് ശേഷം അവര്‍ക്ക് പെര്‍മെനന്റായ പാസ് അനുവദിക്കാനുള്ള നപടികള്‍ സ്വീകരിക്കുമെന്ന നിലയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ ആലോചിച്ചിട്ടുള്ളത്,’ ചര്‍ച്ചകള്‍ക്ക് ശേഷം മന്ത്രി വി. ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
ടോള്‍ കമ്പനിയും ചര്‍ച്ചയിലെ തീരുമാനങ്ങള്‍ സ്വാഗതം ചെയ്തിട്ടുണ്ട്.
കക്ഷി രാഷ്ട്രീയ ഭേദമന്യേ കഴിഞ്ഞ 47 ദിവസമായി നടത്തി വരുന്ന സമരമാണ് ഇപ്പോള്‍ മന്ത്രിതല ചര്‍ച്ചയില്‍ അവസാനിച്ചിരിക്കുന്നത്. പാതാ നിര്‍മാണം പൂര്‍ത്തിയാകാതെ ടോള്‍ പിരിക്കുന്നു എന്നായിരുന്നു സമര സമിതിക്കാരുടെ പ്രധാന ആക്ഷേപം.
സമരത്തെ തുടര്‍ന്ന് മന്ത്രി വി. ശിവന്‍കുട്ടി, സ്ഥലം എം.എല്‍.എ, ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗമാണ് വിളിച്ചു ചേര്‍ത്തത്.
കാരോട്-കഴക്കൂട്ടം പാതയുടെ 47 കിലോമീറ്ററില്‍ ആകെ 24 കിലോമീറ്റര്‍ മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത്. ചില സ്ഥലങ്ങളില്‍ അശാസ്ത്രീയമായാണ് പാത നിര്‍മിച്ചിരിക്കുന്നതെന്നും പക്ഷ്, ടോള്‍ പിരിവ് നിര്‍ബാധം തുടരുകയാണെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. തുടര്‍ന്നാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും നാട്ടുകാരും ഒറ്റക്കെട്ടായി സമരവുമായി രംഗത്തെത്തിയത്.