| Monday, 30th August 2021, 3:57 pm

കര്‍ഷകരുടെ തല തല്ലിപ്പൊളിക്കണമെന്നു പറഞ്ഞത് ശരിയായില്ല, പക്ഷേ നടപടി അത്യാവശ്യം; പൊലീസ് അതിക്രമത്തെ ന്യായീകരിച്ച് ഖട്ടര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഹരിയാനയിലെ പൊലീസ് അതിക്രമത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍.

ക്രമസമാധാനം നിയന്ത്രണത്തില്‍ വരുത്താന്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്നാണ് ഖട്ടര്‍ പറഞ്ഞത്.

മൂന്നാം ഘട്ട സമരപ്രഖ്യാപനത്തിന് പിന്നാലെ കര്‍ണാലിലുണ്ടായ പൊലീസ് അതിക്രമത്തിന്റെ പശ്ചാത്തലത്തിലാണ് ഖട്ടറിന്റെ പ്രതികരണം.

കര്‍ഷകര്‍ക്കെതിരെ ഉദ്യോഗസ്ഥന്‍ ഉപയോഗിച്ച വാക്ക് ശരിയല്ലെന്നും ഖട്ടര്‍ പറഞ്ഞു. ‘അവറ്റകളുടെ തല തല്ലിപ്പൊളിക്കണം’ എന്നായിരുന്നു ഐ.എ.എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്.

ഉദ്യോഗസ്ഥന്റെ വാക്കുകള്‍ ശരിയല്ലെങ്കിലും, അവിടെ ക്രമസമാധാന നില നിയന്ത്രിക്കാന്‍ കര്‍ശനമായ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നാണ് ഖട്ടര്‍ പറഞ്ഞത്.

കര്‍ഷകരുടെ തല തല്ലി പൊളിക്കാന്‍ നിര്‍ദ്ദേശം നല്‍കിയ കര്‍ണാല്‍ എസ്.ഡി.എം ആയുഷ് സിന്‍ഹക്ക് എതിരെ നിയമനടപടികള്‍ ആലോചിക്കാന്‍ നാളെ കര്‍ഷകര്‍ യോഗം വിളിച്ചിട്ടുണ്ട്. ഇായാളെ പുറത്താക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കിസാന്‍ മോര്‍ച്ച ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, കര്‍ണാലില്‍ പൊലിസ് നടപടിക്കെതിരെ പ്രതിഷേധിച്ച നൂറിലേറെ കര്‍ഷകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സിര്‍സയില്‍ ഉപരോധം നടത്തിയ കര്‍ഷകര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞദിവസം കര്‍ണാലില്‍ പൊലിസ് നടപടിക്കിടെ പരിക്കേറ്റ കര്‍ഷകന്‍ മരിച്ചിരുന്നു. കര്‍ണാല്‍ സ്വദേശി സൂശീല്‍ കാജള്‍ ആണ് മരിച്ചത്. ഇദ്ദേഹത്തിന് തലയ്ക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Strictness Was Needed,  Haryana Chief Minister On Officer’s Remark

We use cookies to give you the best possible experience. Learn more