| Sunday, 12th September 2021, 10:03 pm

ചിത്രങ്ങള്‍ ചോര്‍ന്നു; അല്ലു അര്‍ജുന്‍ ചിത്രം പുഷ്പയുടെ ലൊക്കേഷനില്‍ മൊബൈല്‍ ഫോണുകള്‍ക്ക് കര്‍ശന നിയന്ത്രണം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹൈദരാബാദ്: അല്ലു അര്‍ജുന്‍ നായകനായി എത്തുന്ന പാന്‍ ഇന്ത്യന്‍ ചിത്രമാണ് പുഷ്പ. ചിത്രത്തിലെ നിര്‍ണായക രംഗങ്ങളില്‍ ഒന്ന് കാക്കിനാട ഷിപ്പിംഗ് പോര്‍ട്ടില്‍ പുരോഗമിക്കുകയാണ്.

ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷനില്‍ മൊബൈല്‍ ഫോണുകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. കഴിഞ്ഞ മാസം ചിത്രത്തിലെ ചില പ്രധാനപ്പെട്ട രംഗങ്ങള്‍ അപ്രതീക്ഷിതമായി ലീക്ക് ആയിരുന്നു. തുടര്‍ന്ന് അണിയറ പ്രവര്‍ത്തകര്‍ നിയമ നടപടികളുമായി രംഗത്ത് എത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് ലൊക്കേഷനില്‍ മൊബൈല്‍ ഫോണുകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിന്റെ എഡിറ്റിംങ്ങും മറ്റും നടക്കുമ്പോള്‍ ആരും മൊബൈല്‍ എഡിറ്റിങ് റൂമിലേക്ക് കൊണ്ട് പോകരുത് എന്ന കര്‍ശന നിര്‍ദ്ദേശം അല്ലു അര്‍ജുന്‍ തന്നെ നേരത്തെ നല്‍കിയിരുന്നു.

ഇതിനു പിന്നാലെയാണ് ഷൂട്ടിംഗ് സെറ്റില്‍ മൊബൈല്‍ കര്‍ശനമായി നിരോധിച്ചിരിക്കുന്നത്. ലൊക്കേഷനില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് പിടിക്കപ്പെട്ടാല്‍ നശിപ്പിക്കപ്പെടുകയോ, തിരിച്ചു കിട്ടാത്ത വിധം പിടിച്ചെടുകയോ ചെയ്യും എന്നുള്ള ബോര്‍ഡ് കാക്കിനാട പോര്‍ട്ടില്‍ ഉയര്‍ന്നിട്ടുണ്ട്.

രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. ചിത്രത്തിനായി 70 കോടി രൂപയാണ് അല്ലു പ്രതിഫലമായി വാങ്ങിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്.

അല്ലു അര്‍ജുനെ സൂപ്പര്‍താരമാക്കിയ സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പയില്‍ ഫഹദ് ഫാസിലാണ് ചിത്രത്തില്‍ വില്ലന്‍ റോളില്‍ എത്തുന്നത്. ബന്‍വാര്‍ സിംഗ് ഷെഖാവത്ത് ഐ.പി.എസ് എന്നാണ്ചിത്രത്തില്‍ ഫഹദിന്റെ കഥാപാത്രത്തിന്റെ പേര്.

മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മിക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്.

മിറോസ്ലോ കുബ ബറോസ്‌ക്കാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിയ്ക്കുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീതം സംവിധാനവും സൗണ്ട് ട്രാക്കും നിര്‍വഹിയ്ക്കുന്നത്.

ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സൗണ്ട് എന്‍ജിനീയറായി എത്തുന്ന ചിത്രത്തിന് വേണ്ടി ചിത്രസംയോജനം നടത്തുന്നത് കാര്‍ത്തിക് ശ്രീനിവാസ് ആണ്. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്. ചിത്രത്തിന്റെ ആദ്യ ഭാഗം ക്രിസ്തുമസിന് പുറത്തിറങ്ങും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Strict control over mobile phones at Allu Arjun movie Pushpa’s location

We use cookies to give you the best possible experience. Learn more