കല്‍പ്പറ്റ: വയനാട്ടിലെ ദുരന്തബാധിത മേഖലയിലേക്കുള്ള വിനോദ സഞ്ചാരത്തിന് കര്‍ശന വിലക്ക്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരി പറഞ്ഞു.
വിനോദ സഞ്ചാരികള്‍ സ്വന്തം നിലയ്ക്കോ താമസിക്കുന്ന റിസോര്‍ട്ടുകളുടെ വാഹനങ്ങളിലോ മുണ്ടക്കൈ-ചൂരല്‍മല മേഖലയിലേക്ക് എത്തരുതെന്നാണ് നിര്‍ദേശം. വേനലവധി ആയതിനാല്‍ നിയന്ത്രിക്കാനാകാത്ത വിധത്തില്‍ ജില്ലയിലേക്ക് വിനോദ സഞ്ചാരികള്‍ എത്തുമെന്ന വിലയിരുത്തലിലാണ് നടപടി.
നിലവില്‍ ദുരന്തബാധിത പ്രദേശങ്ങള്‍ നിരോധിത മേഖലകളായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദേശവാസികള്‍ക്കും കര്‍ഷകര്‍ക്കും മാത്രമാണ് ഈ മേഖലയിലേക്ക് പ്രവേശനാനുമതി ഉള്ളത്. എന്നാല്‍ പ്രദേശവാസികളാണെന്ന വ്യാജേന വിനോദ സഞ്ചാരികളും സ്ഥലത്തെത്തുന്നുണ്ട്.
ഇത് നിയന്ത്രിക്കാനാണ് ജില്ലാ പൊലീസ് മേധാവി പ്രത്യക്ഷമായി നടപടി എടുത്തത്. നേരത്തെ മുണ്ടക്കൈയിലെത്തുന്ന വിനോദ സഞ്ചാരികളെ തടയണമെന്ന് ആവശ്യപ്പെട്ട് ദുരന്തബാധിതര്‍ തന്നെ രംഗത്തെത്തിയിരുന്നു.
2024 ജൂലൈ 30ന് പുലര്‍ച്ചെയോടെ മുണ്ടക്കൈ-ചൂരല്‍മലയിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ 298 പേരാണ് മരിച്ചത്. ദുരന്തത്തില്‍ അകപ്പെട്ട ആളുകളെ ഇനിയും കണ്ടെത്താനുണ്ട്. ഈ സാഹചര്യത്തിലാണ് ദുരന്തബാധിതര്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ പ്രതിഷേധിച്ചത്.
മാര്‍ച്ച് 27ന് ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനായുള്ള ടൗണ്‍ഷിപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ശിലാസ്ഥാപനം നടത്തി. 402 കുടുംബങ്ങള്‍ക്കാണ് ടൗണ്‍ഷിപ്പില്‍ വീടുകളൊരുങ്ങുന്നത്.
ഏഴ് സെന്റ് ഭൂമിയില്‍ 1000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് വീടുകള്‍ നിര്‍മിക്കുക. ഒരു വര്‍ഷത്തിനുള്ളില്‍ വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കുമെന്നാണ് റവന്യൂ മന്ത്രി കെ. രാജന്‍ തറക്കല്ലിടല്‍ ചടങ്ങില്‍ പറഞ്ഞത്. ആരോഗ്യകേന്ദ്രങ്ങള്‍, അംഗനവാടി, പൊതുമാര്‍ക്കറ്റ്, കമ്യൂണിറ്റി സെന്റര്‍, മള്‍ട്ടി പര്‍പ്പസ് ഹാള്‍, ലൈബ്രറി എന്നീ സ്ഥാപനങ്ങള്‍ ടൗണ്‍ഷിപ്പിലുണ്ടാകും.
ഇതിനിടെ വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. വായ്പ എഴുതിത്തള്ളാനാവില്ലെന്നും ഒരു വര്‍ഷത്തെ മൊറട്ടോറിയം അനുവദിക്കാമെന്നുമാണ് കേന്ദ്ര സര്‍ക്കര്‍ കോടതിയെ അറിയിച്ചത്.
കൂടാതെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് വിവിധങ്ങളായ ധനസഹായങ്ങള്‍ പ്രഖ്യാപിക്കുമ്പോഴും കേന്ദ്രം വയനാട് പുനരധിവാസത്തിനായി കേരളത്തിന് ഇതുവരെ ധനസഹായം പ്രഖ്യാപിച്ചിട്ടില്ല. പകരം 150 കോടിയുടെ വായ്പ മാത്രമാണ് അനുവദിച്ചത്.
ഈ തുക മാര്‍ച്ച് 31നുള്ളില്‍ ചെലവഴിക്കണമെന്നായിരുന്നു കേന്ദ്രത്തിന്റെ നിര്‍ദേശം. എന്നാല്‍ ഹൈക്കോടതി തന്നെ വിമര്‍ശനം ഉയര്‍ത്തിയതോടെ പുനരധിവാസത്തിലെ സംസ്ഥാന ഫണ്ട് വിനിയോഗ കാലാവധി കേന്ദ്രം നീട്ടി നല്‍കിയിരുന്നു. ഈ വര്‍ഷം ഡിസംബര്‍ 31 വരെ ഉപാധികളോടെയാണ് കേന്ദ്രം കാലാവധി നീട്ടി നല്‍കിയത്.
Content Highlight: Strict ban on tourists entering Mundakkai-Churalmala areas