ബെംഗളൂരു: ജെ.ഡി.എസ് നേതാവ് പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്കെതിരെയും കേസെടുക്കുമെന്നറിയിച്ച് പ്രത്യേക അന്വേഷണ സംഘം. ഇരകളുടെ സ്വകാര്യത ഉറപ്പുവരുത്തുന്നതാണ് പ്രാധാന്യമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുകയും പങ്കുവെക്കുകയും ചെയ്താല്‍ ഐ.ടി ആക്ട് 67 (എ) പ്രകാരം കേസെടുക്കുമെന്നാണ് അറിയിപ്പ്. ഇരകളുടെ പേരുവിവരങ്ങള്‍ തിരിച്ചറിയാവുന്ന വിധത്തിലുള്ള ഘടകങ്ങള്‍ പങ്കുവെച്ചാലും കേസെടുക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചു.
പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ അടങ്ങുന്ന രണ്ടായിരത്തിലധികം ക്ലിപ്പുകളാണ് ഇതിനോടകം പുറത്തുവന്നിരിക്കുന്നത്. ഇവ കര്‍ണാടകയില്‍ വ്യാപകമായി പ്രചരിക്കുന്നതിനിടെയാണ് അന്വേഷണ സംഘത്തിന്റെ അറിയിപ്പ്.
പ്രജ്വലിന് പുറമെ പിതാവ് എച്ച്.ഡി. രേവണ്ണയ്‌ക്കെതിരെയും കൂടുതല്‍ പീഡന പരാതികള്‍ ഉയര്‍ന്നുവരുന്നുണ്ട്. ഇംഗ്ലണ്ടില്‍ വെച്ച് ഒതുക്കിത്തീര്‍ത്ത കേസിനെ കുറിച്ചും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് ലൈംഗികാതിക്രമക്കേസില്‍ ദേവഗൗഡയുടെ മകനും കൂടിയായ എച്ച്.ഡി. രേവണ്ണയെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. ദേവഗൗഡയുടെ കര്‍ണാടകയിലെ വസതിയില്‍ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് രേവണ്ണയെ അറസ്റ്റ് ചെയ്തത്.