തിരുവനന്തപുരം: സാമൂഹ്യമാധ്യമങ്ങള്‍ വഴി നേതാക്കളെ അപകീര്‍ത്തിപ്പെടുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കെ.പി.സി.സി അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. വര്‍ധിച്ച് വരുന്ന ഇത്തരം നടപടികളെ ആശങ്കയോടെയാണ് സമിതി കാണുന്നതെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. അച്ചടക്ക സമിതി യോഗത്തിലാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇക്കാര്യം അറിയിച്ചത്.
‘ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെയും നേതൃത്വത്തിന്റെയും യശസും അന്തസും കാത്തുസൂക്ഷിക്കേണ്ടത് ഓരോ പാര്‍ട്ടി പ്രവര്‍ത്തകന്റെയും ഉത്തരവാദിത്തവും കടമയുമാണ്. എന്നാല്‍ ചിലരെങ്കിലും വികാരവിക്ഷോഭത്തിന് വിധേയമായി ബഹുജനശ്രദ്ധക്കായി സാമൂഹ്യമാധ്യങ്ങളിലൂടെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിവരുന്നു. ഇത്തരം പ്രവണത ഒരു വിധത്തിലും അംഗീകരിക്കാനാവില്ല.
ആഭ്യന്തര ജനാധിപത്യം പൂര്‍ണമായും അനുവദിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതുകൊണ്ട് തന്നെ പരാതികള്‍ പറയുവാനും പരിഹാരം കണ്ടെത്താനും നിശ്ചിതമായ പാര്‍ട്ടി ഫോറങ്ങളുണ്ട്. അവിടെ പരാതികള്‍ ഉന്നയിക്കാതെ സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തി ആരോപണവും ആക്ഷേപവും ഉന്നയിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന നടപടി അവസാനിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് സമിതി വിലയിരുത്തി. പാര്‍ട്ടിക്കുള്ളില്‍ പറയേണ്ട വിഷയങ്ങള്‍ വ്യവസ്ഥാപിതമായ മാര്‍ഗത്തിലുടെ നേതൃത്വത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരേണ്ടതാണ്.
അതിന് ശ്രമിക്കാതെ കോണ്‍ഗ്രസ് വിരോധികള്‍ക്ക് ആയുധം നല്‍കുന്ന ചിലരുടെ നടപടി കര്‍ശനമായി തടയും. അതിനായി അച്ചടക്ക സമിതി ചില തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. മാധ്യമങ്ങള്‍ വഴി വ്യക്തിവിരോധം തീര്‍ക്കുന്നതിനും നേതൃത്വത്തെ അപമാനിക്കുന്നതിനും ആരെങ്കിലും ശ്രമിച്ചാല്‍ പാര്‍ട്ടി അച്ചടക്ക ലംഘനമായി കണക്കാക്കും.
നേതൃത്വത്തിനെതിരെ ദുഷ്പ്രചരണം നടത്തുന്ന കേന്ദ്രം ഏതാണെന്ന് ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കണ്ടെത്തി അത്തരക്കാര്‍ക്കെതിരെ കടുത്ത അച്ചടക്ക നടപടി സമിതി സ്വീകരിക്കും. ഇന്നത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് കൂടുതല്‍ ഐക്യത്തോടെയും പരസ്പരവിശ്വാസത്തോടെയും മുന്നോട്ട് പോകുന്നതിന് വേണ്ടിയാണ് കര്‍ശനമായ നടപടി സ്വീകരിക്കാന്‍ അച്ചടക്ക സമിതിയെ പ്രേരിപ്പിച്ച ഘടകം, കോണ്‍ഗ്രസിനെ സ്നേഹിക്കുന്ന എല്ലാവരുടെയും സഹകരണം ഉണ്ടാകണം,’ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
Content Highlights: Strict action will be taken against those who defame leaders through social media said by Thiruvanchoor Radhakrishnan