| Sunday, 10th September 2023, 8:41 pm

റേഷന്‍ നിഷേധിച്ചാല്‍ കര്‍ശന നടപടി; റേഷന്‍ വ്യാപാരികളുടെ സമരത്തിനെതിരെ മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കാര്‍ഡുടമകള്‍ക്ക് റേഷന്‍ നിഷേധിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഭക്ഷ്യ, സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍. നാളെ ഒരു വിഭാഗം റേഷന്‍ വ്യാപാരികള്‍ സമരം പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. പ്രതിഷേധിക്കുവാനുള്ള അവകാശം എല്ലാവര്‍ക്കമുണ്ടെന്നും എന്നാല്‍ സമരത്തിന്റെ ഭാഗമായി കാര്‍ഡുടമകള്‍ക്ക് റേഷന്‍ ലഭിക്കാതെ മടങ്ങിപ്പോകേണ്ട അവസ്ഥയുണ്ടായാല്‍ അതിനെ കര്‍ശനമായി നേരിടുമെന്നുമാണ് മന്ത്രി പറഞ്ഞിട്ടുള്ളത്.

റേഷന്‍ നിഷേധിച്ച് കൊണ്ടുള്ള സമരം അംഗീകരിക്കില്ലെന്നും മന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. കടയടച്ച് കൊണ്ടുള്ള സമരത്തില്‍ നിന്ന് വ്യാപാരികള്‍ പിന്‍മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

കിറ്റ് വിതരണത്തില്‍ വ്യാപാരികള്‍ക്ക് നല്‍കാനുള്ള കുടിശ്ശിക തീര്‍ത്ത് നല്‍കുക, വേതന പാക്കേജ് പരിഷ്‌കരിക്കുക, ഇ പോസ്സ് സംവിധാനത്തിലെ തകരാറുകള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് നാളെ ഒരു വിഭാഗം റേഷന്‍ വ്യാപാരികള്‍ കടയടച്ച് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സമരത്തിന് ആഹ്വാനം ചെയ്ത സംഘടന പ്രതിനിധകളുമായി മന്ത്രി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു.

വ്യാപാരികളുടെ ആവശ്യങ്ങളില്‍ ചിലത് സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടെന്നും ബാക്കിയുള്ളവ സര്‍ക്കാറിന്റെ സാമ്പത്തിക പ്രതിസന്ധി തീരുന്ന മുറക്ക് നടപ്പിലാക്കാമെന്നും മന്ത്രി വ്യാപാരികള്‍ക്ക് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ സമരത്തില്‍ നിന്ന് പിന്‍മാറണമെന്ന് മന്ത്രി വ്യപാരികളോട് ആവശ്യപ്പെട്ടിരുന്നെങ്കിലും സമരവുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് വ്യാപാരികളുടെ തീരുമാനം.

content highlights: Strict action if ration is denied; Minister against strike of ration traders

We use cookies to give you the best possible experience. Learn more