| Thursday, 5th April 2018, 4:23 pm

ബി.എസ്.പിയുമായുള്ള സഖ്യം ശക്തിപ്പെടുത്തുക ലക്ഷ്യം: യു.പിയില്‍ അംബേദ്കര്‍ ജയന്തി ഗംഭീരമായി ആഘോഷിക്കാന്‍ സമാജ്‌വാദി പാര്‍ട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഗൊരഖ്പൂര്‍ ഫുല്‍പൂര്‍ ലോക്സഭാ ഉപതെരഞ്ഞെടുപ്പുകളില്‍ ബി.എസ്.പിയുമായി വൈരം മറന്ന് പ്രവര്‍ത്തിച്ചതിനു പിന്നാലെ യു.പിയില്‍ അംബേദ്കര്‍ ജയന്തി വിപുലമായി ആഘോഷിക്കാന്‍ തീരുമാനിച്ച് സമാജ്‌വാദി പാര്‍ട്ടി. ഏപ്രില്‍ 14ന് അംബേദ്ക്കറിന്റെ 127-ാം ജന്മദിനം മുമ്പെങ്ങുമില്ലാത്തവിധം വിപലമായി ആഘോഷിക്കാനാണ് പാര്‍ട്ടി തീരുമാനം.

ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ ദളിത് വോട്ടുകള്‍ എസ്.പി സ്ഥാനാര്‍ഥികളിലേയ്ക്ക് മാറ്റാന്‍ ബി.എസ്.പി സഖ്യം സഹായിച്ചുവെന്നുകണ്ടാണ് എസ്.പി തീരുമാനം. 2019 ലെ തെരഞ്ഞെടുപ്പില്‍ ബി.എസ്.പിയുമായുള്ള ബന്ധം ശക്തമാക്കുകയെന്ന ലക്ഷ്യമിട്ട് സമാജ് വാദി പാര്‍ട്ടി അംബേദ്ക്കറിന്റെ ജീവിതത്തെ ഡോക്യുമെന്ററിയായും പാട്ടുകളായും പ്രദര്‍ശിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.


Also Read:‘ഇനി ഇത് ആവര്‍ത്തിച്ചാല്‍ ഞങ്ങള്‍ ഇസ്‌ലാം മതത്തിലേക്കു മാറും’ അന്ത്യശാസനവുമായി രാജസ്ഥാനിലെ ദളിതര്‍


ഉത്തര്‍പ്രദേശിലെ എല്ലാ ജില്ലകളിലേയും സിറ്റികളിലേയും സമാജ് വാദി പ്രസിഡന്റുമാര്‍ പരിപാടികള്‍ സംഘടിപ്പിക്കും. പാര്‍ട്ടി നേതാക്കള്‍ അംബേദ്ക്കറുടെ നേട്ടങ്ങളെക്കുറിച്ചും ഭരണഘടന തയ്യാറാക്കിയതിലെ അദ്ദേഹത്തിന്റെ പങ്കിനെക്കുറിച്ചും സംസാരിക്കും.

ഹസ്രത്ഖഞ്ച് മേഖലയിലെ അംബേദ്ക്കറുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന അര്‍പ്പിച്ചതിനുശേഷം ലഖ്നൗവിലെ ഹെഡ്കോര്‍ട്ടേഴ്സില്‍ സമാജ് വാദി പ്രസിഡന്റ് തൊഴിലാളികളെ അഭിസംബോധന ചെയ്തു സംസാരിക്കും. മുലായം സിംങ് യാദവിനെ അതിഥിയായി ക്ഷണിച്ചിച്ചുണ്ട്.

അംബേദ്ക്കറിന്റെ ജന്മദിനാഘോഷത്തില്‍ ഉത്തര്‍പ്രദേശിലെ 90 ജില്ലകളിലും, നഗര പ്രദേശങ്ങളിലും പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സമാജ് വാദി യു.പി യൂണിറ്റ് പ്രസിഡന്റ് നരേഷ് ഉത്തം പറഞ്ഞു.

“ബി.എസ്.പിയുമായുളള പുതിയ സഖ്യത്തിനുവേണ്ടിയല്ലയിത് ചെയ്യുന്നത്. അംബേദ്ക്കറിനോട് എസ്. പിയ്ക്ക് എപ്പോഴും ബഹുമാനം ഉണ്ടായിരുന്നു.സമാജ് വാദികള്‍ എല്ലാവരെയും ബഹുമാനിക്കുന്നവരാണ്. അംബേദ്ക്കര്‍, റാം മനോഹര്‍ ലോഹ്യ, ജയ പ്രകാശ് നാരായണ്‍ എന്നിവരോട് എന്നും എസ്.പിയ്ക്ക് ബഹുമാനമാണുള്ളത്.” അദ്ദേഹം പറഞ്ഞു.

മുമ്പും അംബേദ്ക്കറിന്റെ ജന്മദിനം ആഘോഷിച്ചിട്ടുണ്ട് എന്നാല്‍ ഇത്തവണ ഗംഭീരമായി നടത്തുമെന്ന് എസ്.സി-എസ്.ടി ഉത്തര്‍പ്രദേശ് സെല്‍ ഹെഡ് സര്‍വേഷ് അംബേദ്ക്കര്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more