തിരുവനന്തപുരം: ലോക്ഡൗണ്‍ കാരണം ദുരിതത്തിലായതിന് പിന്നാലെ വൃക്ക വില്‍ക്കാന്‍ ഒരുങ്ങിയ തെരുവ് ഗായകന് സഹായം വാഗ്ദാനം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍. ഭിന്നശേഷിക്കാരനായ റൊണാള്‍ഡിനാണ് സര്‍ക്കാര്‍ സഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചത്.
വൃക്ക രോഗിയായ മൂത്ത മകന് ചികിത്സ ഉറപ്പാക്കും. റൊണാള്‍ഡിന്റെ സ്ഥിതി പരിശോധിക്കാന്‍ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വൃക്കയും കരളും വില്‍പ്പനയ്ക്ക് എന്ന ബോര്‍ഡുമായി റോണാള്‍ഡ് സഞ്ചരിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയിയല്‍ പ്രചരിച്ചിരുന്നു. സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് ഉള്‍പ്പെടെയുള്ളവര്‍ ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു.
ഈ ബോര്‍ഡ് സത്യമാകരുതേ എന്ന അടിക്കുറിപ്പോടെയായിരുന്നു ജൂഡ് ഫേസ്ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്തത്.
‘പരസ്യമായി വൃക്ക വില്‍ക്കുന്നത് നിയമ വിരുദ്ധമാണ്. പക്ഷെ മെഡിക്കല്‍ കോളേജിലൊക്കെ പോയി കുറേ ചോദിച്ചിരുന്നു, ആരെങ്കിലും ഉണ്ടോ എന്നൊക്കെ. അരസെന്റ് ഭൂമി വാങ്ങി എനിക്കും എന്റെ പട്ടിക്കും കിടക്കണം. പക്ഷെ ഈ ബോര്‍ഡ് ആരൊക്കെയോ മൊബൈലില്‍ ഒക്കെ എടുത്തു. എനിക്ക് ഇപ്പോള്‍ അതൊക്കെ കേട്ടിട്ട് പേടി തോന്നുന്നു,’ എന്നാണ് റോണാള്‍ഡ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.
ലോക്ഡൗണിന് മുമ്പ് പാട്ട് പാടി അത്യാവശ്യം കാശ് ലഭിക്കുമായിരുന്നു, എന്നാല്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഭക്ഷണം പോലും കിട്ടാതായ അവസ്ഥയാണ് എന്നും റൊണാള്‍ഡ് പറഞ്ഞു.