ന്യൂദല്‍ഹി: തെരുവ് നായകളുടെ ആക്രമണത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ സംസ്ഥാനസര്‍ക്കാരിനെതിരെ നടപടിയെടുക്കുമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
സിരിജഗന്‍ കമ്മറ്റി ശുപാര്‍ശ ചെയ്ത പ്രകാരമുള്ള നഷ്ടപരിഹാരം നായയുടെ ആക്രമണം നേരിട്ടവര്‍ക്ക് നല്‍കണമെന്നും ഉത്തരവാദിത്വത്തില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞ് മാറാന്‍ കഴിയില്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു.
സുപ്രീംകോടതി നിയോഗിച്ച സിരിജഗന്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പാക്കിയില്ലെന്നുകാട്ടി ജോസ് സെബാസ്റ്റ്യന്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ഉത്തരവ്. സമിതി നഷ്ടപരിഹാരം നിശ്ചയിച്ചുകഴിഞ്ഞാല്‍ സര്‍ക്കാര്‍ അതു നല്‍കണമെന്നും ഉത്തരവാദിത്തം വച്ചൊഴിയാന്‍ പാടില്ലെന്നും കോടതി ഇടക്കാല ഉത്തരവില്‍ പറഞ്ഞു.
സമിതി പരിഗണിച്ച പട്ടികയിലുള്ള 129 പേര്‍ക്കു നഷ്ടപരിഹാരം നല്‍കിയിട്ടില്ലെന്നും 92 പേര്‍ക്കു പലിശ നല്‍കിയിട്ടില്ലെന്നുമാണു കോടതി പരിഗണിച്ച റിപ്പോര്‍ട്ടിലുള്ളത്.
കേസ് അടുത്തമാസം 13ലേക്ക് മാറ്റി. നടപടികള്‍ എത്രയും പെട്ടന്ന് തീര്‍ക്കാനും സത്യവാങ്മൂലം നല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഹര്‍ജിക്കാര്‍ക്കുവേണ്ടി വി.കെ.ബിജുവും സര്‍ക്കാരിനുവേണ്ടി വി.ഗിരിയും സ്റ്റാന്‍ഡിങ് കൗണ്‍സില്‍ സി.കെ.ശശിയുമാണ് ഹജരായത്.