തിരുവനന്തപുരം: സംസ്ഥാനത്തെ തെരുവുനായശല്യം നിയമസഭയില്‍ ചര്‍ച്ചക്കെടുത്തു. നിലവാരമില്ലാത്ത വാക്‌സിന്‍ വ്യാപകമായി വിതരണം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കുറ്റപ്പെടുത്തി.
തെരുവുനായ ശല്യം മൂലം കുട്ടികളെ മനസമാധാനത്തോടെ സ്‌കൂളുകളിലേക്കയക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിയുന്നില്ല. വാക്‌സിന്റെ ഗുണനിലവാരത്തെ കുറിച്ച് ആശങ്കകള്‍ ഉണ്ട്. ആരോഗ്യ വകുപ്പ് മരണങ്ങളെ കുറിച്ചാണ് പരിശോധിച്ച് വരുന്നത്. വാക്‌സിന്റെ ഗുണനിലവാരത്തെക്കുറിച്ച് പഠിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിക്കുന്ന കാര്യം പരിഗണിക്കണമെന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതം ചെയ്യുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടക്ക് ഒരു ലക്ഷത്തിലേറെ പേര്‍ക്ക് നായകളുടെ കടിയേറ്റെന്നും സഭ നിര്‍ത്തിവച്ച് ഈ വിഷയം ചര്‍ച്ച ചെയ്യണമെന്ന് മുസ്‌ലിം ലീഗ് എം.എല്‍.എ പി.കെ. ബഷീര്‍ ആവശ്യപ്പെട്ടു.
തെരുവുനായ്ക്കളുടെ വന്ധ്യംകരണം നിലച്ചു. സര്‍ക്കാര്‍ വിഷയം ഗൗരവമായി കാണുന്നില്ല, കുട്ടികളടക്കം സാധാരണക്കാരുടെ പ്രശ്‌നം കണ്ടില്ലെന്ന് നടിക്കരുത്. തെരുവുനായ പ്രശ്‌നത്തിലെന്താ കോടതി ഇടപെടാത്തത്. ലോകായുക്തയുടെ അല്ല പട്ടിയുടെ പല്ലാണ് സര്‍ക്കാര്‍ പറിക്കേണ്ടതെന്നും ബഷീര്‍ പറഞ്ഞു.