ലൂയിസ് ഹാമില്‍ട്ടണെ അത്ഭുതപ്പെടുത്തി കൊല്‍ക്കത്തയിലെ തെരുവുകുട്ടികള്‍
DSport
ലൂയിസ് ഹാമില്‍ട്ടണെ അത്ഭുതപ്പെടുത്തി കൊല്‍ക്കത്തയിലെ തെരുവുകുട്ടികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 30th October 2013, 11:16 pm

[]കൊല്‍ക്കത്ത: ഇഷ്ടികച്ചൂളകളില്‍ കുട്ടികള്‍ ജോലി ചെയ്യുന്നത് കണ്ടുനില്‍ക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. എന്നാല്‍ ഫോര്‍മുല വണ്‍ ഡ്രൈവറായ ലൂയിസ് ഹാമില്‍ട്ടണ്‍ പറയുന്നത് ആ കുട്ടികളുടെ ഊര്‍ജം തന്നെ പ്രചോദിപ്പിക്കുന്നു എന്നാണ്.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തിങ്കളാഴ്ചയാണ് അദ്ദേഹം കൊല്‍ക്കത്ത സന്ദര്‍ശിക്കാന്‍ എത്തിയത്.

സേവ് ദ ചില്‍ഡ്രന്‍ ഫോറത്തിന്റെ ആഗോള അംബാസഡര്‍ കൂടിയായ ഹാമില്‍ട്ടണ്‍ നഗരത്തിന് പുറത്തുള്ള ഇഷ്ടികച്ചൂളയിലാണ് സന്ദര്‍ശനം നടത്തിയത്. കഷ്ടപ്പാടനുഭവിക്കുന്ന ഒട്ടേറെ കുട്ടികളെ അദ്ദേഹം നേരിട്ട് കണ്ടു.

“ഈ കുട്ടികളുടെ ഊര്‍ജസ്വലത എന്നും എന്റെ മനസിലുണ്ടാവും. ഇവരെല്ലാവരും മിടുക്കരാണ്. എന്തായിത്തീരാനാണ് ആഗ്രഹമെന്ന് എന്റെ ചോദ്യത്തിന് എല്ലാവരും മനോഹരങ്ങളായ മറുപടികളാണ് നല്‍കിയത്. ശോഭനമായൊരു ഭാവി അവര്‍ സ്വപ്‌നം കാണുന്നുണ്ട്. ഈ ഓര്‍മ്മ എന്നും എന്നോടൊപ്പം ഉണ്ടാകും” ഇരുപത്തെട്ടുകാരനായ ഈ ബ്രിട്ടീഷ്‌കാരന്‍ പറയുന്നു.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ എപ്പോഴും മുന്നില്‍ നില്‍ക്കുന്ന ഈ  മുന്‍ലോക ചാമ്പ്യന്‍ പുതിയ റോളില്‍ ഏറെ ഉത്സാഹത്തിലാണ്. തെരുവില്‍ അലയാന്‍ വിധിക്കപ്പെട്ട കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പ് വരുത്താനും അവരുടെ സ്വപ്‌നങ്ങള്‍ സഫലമാകാന്‍ സഹായിക്കുകയും ചെയ്യുന്ന സംഘടനയാണ് സേവ് ദ ചില്‍ഡ്രന്‍.

“കുട്ടികള്‍ തെരുവില്‍ അലയുന്നതും അപകടകരമായ സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്നതും കാണുന്നത് സങ്കടകരം തന്നെയാണ്. നൂറുകണക്കിന് കുട്ടികള്‍ പഠിക്കാനുള്ള അവസരം ലഭിക്കാതെ പിന്തള്ളപ്പെടുന്നത് വേദനാജനകവും.

മറ്റുള്ളവര്‍ക്ക് പിന്തുടരാന്‍ കഴിയുന്ന തരത്തിലുള്ള മാറ്റത്തിന്റെ ചെറുതിരകള്‍ സൃഷ്ടിക്കുന്ന വ്യക്തിയാകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നേരത്തെ എനിക്ക് സമയമുണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് ഇത്തരം പ്രവൃത്തികള്‍ക്കായി സമയം കണ്ടെത്താന്‍ എനിക്ക് കഴിയുന്നുണ്ട്.” ഹാമില്‍ട്ടണ്‍ പറയുന്നു.

ചേരികളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള സഞ്ചരിക്കുന്ന പഠനകേന്ദ്രങ്ങളും അദ്ദേഹം സന്ദര്‍ശിച്ചു. മഞ്ഞ നിറമുള്ള വലിയ ബസുകളാണ് ഇവ.

അത്തരമൊരു സന്ദര്‍ശനത്തിലാണ് റെയില്‍വെ ട്രാക്കിന് സമീപമുള്ള ചേരിയില്‍ താമസിക്കുന്ന ഒന്‍പതുകാരിയായ പെണ്‍കുട്ടിയെയും അദ്ദേഹം കണ്ടുമുട്ടിയത്. ഓരോ ദിവസവും ജീവന്‍ പണയം വെച്ചാണ് ഈ കുട്ടി പാളം കടക്കുന്നത്.

“ഇന്നത്തെക്കാലത്ത് ചില കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ കൈ കൊണ്ട് തൊടാന്‍ പോലും കഴിയുന്നില്ലെന്ന വസ്തുത ഞെട്ടിപ്പിക്കുന്നതാണ്. ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാനായി ഈ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് നമ്മള്‍ ഉറപ്പ് വരുത്തണം.” ഹാമില്‍ട്ടണ്‍ പറയുന്നു.

ആഗോള തലത്തിലുള്ള കാറോട്ടപ്രേമികളെ കോരിത്തരിപ്പിക്കുന്ന ഹാമില്‍ട്ടണ്‍ പക്ഷേ നഗരത്തില്‍ വാഹനമോടിക്കുന്നവരുടെ ആരാധകനാണ്.

“തെരുവുകളില്‍ അത്ഭുതപ്പെടുത്തുന്ന കഴിവുകളുള്ള ഡ്രൈവര്‍മാരുണ്ട്. ധാരാളം വാഹനങ്ങളും കാല്‍നടയാത്രക്കാരും റോഡുകളിലുണ്ട. ഇതിനിടയിലൂടെ വിദഗ്ധമായി വാഹനമോടിക്കുന്നവര്‍ എന്നെ അതിശയിപ്പിക്കുന്നു.” കൊല്‍ക്കത്തയിലേയ്ക്കുള്ള ആദ്യ സന്ദര്‍ശനം ശരിക്കുമൊരു പഠനം തന്നെയാണെന്ന് അദ്ദേഹം സമ്മതിക്കുന്നു.

“ഇന്ന് ഞാന്‍ കണ്ട ലോകം യഥാര്‍ത്ഥത്തില്‍ ഞാന്‍ ജീവിക്കുന്ന ലോകത്തില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്.” ഹാമില്‍ട്ടണ്‍ കൂട്ടിച്ചേര്‍ക്കുന്നു.