|

ഹൃതിക് റോഷനെ ശ്രദ്ധ കപൂര്‍ ബോക്‌സ് ഓഫീസില്‍ മലര്‍ത്തിയടിക്കുമോ? അഡ്വാന്‍സ് ബുക്കിങില്‍ മികച്ച മുന്നേറ്റവുമായി സ്ത്രീ 2

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബോളിവുഡ് സൂപ്പര്‍നാച്ചുറല്‍ യൂണിവേഴ്‌സിലെ നാലാമത്തെ ചിത്രമായ സ്ത്രീ 2 റിലീസിന് തയാറെടുക്കുകയാണ്. 2018ല്‍ പുറത്തിറങ്ങിയ സ്ത്രീയുടെ തുടര്‍ച്ചയാണ് സ്ത്രീ 2. ശ്രദ്ധ കപൂര്‍, രാജ് കുമാര്‍ റാവു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സ്ത്രീ ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായി മാറിയിരുന്നു. ചന്ദേരി എന്ന ഗ്രാമത്തില്‍ നടക്കുന്ന കഥ പറഞ്ഞ സ്ത്രീ അതുവരെ ഉണ്ടായിരുന്ന ഹൊറര്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായിരുന്നു.

രണ്ടാം ഭാഗത്തിന്റെ ട്രെയ്‌ലറിന് വന്‍ വരവേല്പാണ് ലഭിച്ചത്. സൂപ്പര്‍ നാച്ചുറല്‍ യൂണിവേഴ്‌സില്‍ നിന്ന് പുറത്തുവന്ന ഭേഡിയയുമായി സ്ത്രീ 2വിന് കണക്ഷന്‍ ഉണ്ടാകുമോ എന്നറിയാനാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ഓഗസ്റ്റ് 15ന് ചിത്രം തിയേറ്ററിലെത്തും. ഇപ്പോഴിതാ റിലീസിന് നാല് ദിവസം ബാക്കി നില്‍ക്കെ അഡ്വാന്‍സ് ബുക്കിങ്ങില്‍ മികച്ച പ്രകടനമാണ് സ്ത്രീ 2 നടത്തുന്നത്.

ഇന്ത്യയിലെ മുന്‍നിര മള്‍ട്ടിപ്ലെക്‌സ് ചെയിനായ പി.വി.ആര്‍ -ഐനോക്‌സില്‍ മാത്രം 45000 ടിക്കറ്റുകളാണ് ആദ്യദിനം വിറ്റുപോയത്. ഇതേ പ്രകടനം നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ ആദ്യദിന കളക്ഷന്‍ 30 കോടിക്ക് മുകളില്‍ പോകാന്‍ സാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടല്‍. ഈ വര്‍ഷം ഏടുത്തുപറയാന്‍ വലിയ ഹിറ്റില്ലാത്ത ബോളിവുഡിന്റെ പിടിവള്ളിയാണ് സ്ത്രീ 2.

ഹൃതിക് റോഷന്‍ നായകനായ ഫൈറ്ററാണ് ഈ വര്‍ഷത്തെ ഏറ്റവുമുയര്‍ന്ന ഫസ്റ്റ് ഡേ കളക്ഷന്‍ നേടിയ ബോളിവുഡ് ചിത്രം. 22 കോടിയാണ് ഫൈറ്റര്‍ ആദ്യദിനം നേടിയത്. 200 കോടി ബജറ്റിലൊരുങ്ങിയ ആക്ഷന്‍ ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് 250 കോടിയാണ് കളക്ട് ചെയ്തത്. ഫൈറ്ററിന്റെ കളക്ഷന്‍ സ്ത്രീ 2 മറികടക്കാന്‍ സാധ്യതയുണ്ടെന്നാണ് അനലിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നത്.

അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ 2വും അജയ് ദേവ്ഗണ്‍ ചിത്രം സിങ്കം എഗൈനും ആഗസ്റ്റ് 15ന് റിലീസ് പ്രഖ്യാപിച്ചിരുന്നു. ഈ രണ്ട് സിനിമകളും റിലീസ് മാറ്റിയതിനാലാണ് സ്ത്രീ 2 ഈ തിയതിയില്‍ റിലീസ് ചെയ്യുന്നത്. സ്വാതന്ത്ര്യദിനവും അതിനോടടുത്ത് വരുന്ന വീക്കെന്‍ഡം വലിയ രീതിയില്‍ മുതലെടുക്കാന്‍ സാധിക്കുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ കണക്കുകൂട്ടല്‍.

Content Highlight: Stree 2 has preforming well in advance booking