|

അടിച്ച അടിയില്‍ വീണത് കിങ് ഖാനും, രണ്‍ബീര്‍ കപൂറും, ബോക്‌സ് ഓഫീസിലെ 'സ്ത്രീ' സാന്നിധ്യം വേറെ ലെവല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈ വര്‍ഷം എടുത്തുപറയാന്‍ വലിയ ഹിറ്റുകളില്ലാത്ത ഇന്‍ഡസ്ട്രിയാണ് ബോളിവുഡ്. വന്‍ പ്രതീക്ഷയില്‍ വന്ന പല സിനിമകളും ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞപ്പോള്‍ വളരെ കുറച്ച് സിനിമകള്‍ മാത്രമേ ശ്രദ്ധിക്കപ്പെട്ടുള്ളൂ. 350 കോടി ബജറ്റില്‍ വന്ന അക്ഷയ് കുമാറിന്റെ ബഡേ മിയാന്‍ ചോട്ടേ മിയാന്‍ നേടിയത് വെറും 92 കോടിയായിരുന്നു.

ഇപ്പോഴിതാ ബോളിവുഡിലെ ഏറ്റവുമുയര്‍ന്ന ആദ്യദിന കളക്ഷന്‍ സ്വന്തമാക്കിയിരിക്കുകയാണ് ശ്രദ്ധാ കപൂര്‍ കേന്ദ്ര കഥാപാത്രമായെത്തിയ സ്ത്രീ 2. അമര്‍ കൗശിക് സംവിധാനം ചെയ്ത് 2018ല്‍ റിലീസായ സ്ത്രീയുടെ തുടര്‍ഭാഗമാണ് ഇത്. ബോളിവുഡ് ഹൊറര്‍ യൂണിവേഴ്‌സിലെ നാലാമത്തെ ചിത്രമായ സ്ത്രീ 2 അഡ്വാന്‍സ് ബുക്കിങ്ങിലൂടെ തന്നെ ചരിത്രം സൃഷ്ടിച്ചിരുന്നു.

കഴിഞ്ഞ ദിവസം റിലീസായ ചിത്രം 76.5 കോടിയാണ് ആദ്യദിനം നേടിയത്. ബോളിവുഡ് സിനിമകളിലെ ഏറ്റവുമുയര്‍ന്ന ആദ്യദിന കളക്ഷനാണ് ഇത്. ഷാരൂഖ് ഖാന്‍ ചിത്രങ്ങളായ പത്താന്‍, ജവാന്‍, രണ്‍ബീര്‍ കപൂര്‍ നായകനായ അനിമല്‍ എന്നീ സിനിമകളെ മലര്‍ത്തിയടിച്ചാണ് ചന്ദേരിയില്‍ നിന്ന് വന്ന യക്ഷി ബോളിവുഡിനെ വിറപ്പിച്ചത്.

ആദ്യ ഭാഗം അവസാനിച്ചിടത്ത് തന്നെ തുടങ്ങിയ രണ്ടാം ഭാഗം ആദ്യവസാനം പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ഒന്നാണ്. ഹൊററിനോടൊപ്പം കോമഡിയും ചേര്‍ത്ത് പറഞ്ഞ കഥയിലെ അപ്രതീക്ഷിത കാമിയോകളും ട്വിസ്റ്റുകളും എല്ലാവരെയും ഞെട്ടിച്ചു. മൂന്നാം ഭാഗത്തിനുള്ള സൂചന നല്‍കി അവസാനിക്കുന്ന സിനിമ ബോക്‌സ് ഓഫീസില്‍ വലിയ കുതിപ്പ് നടത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ കരുതുന്നത്.

ഹൊറര്‍ ഴോണറിലെ സിനിമകള്‍ മാത്രമാണ് ഇക്കൊല്ലം ബോളിവുഡില്‍ ബ്ലോക്ക്ബസ്റ്ററായത്. അജയ് ദേവ്ഗണ്‍ ചിത്രം ഷൈത്താന്‍ 150 കോടി ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയിരുന്നു. ബോളിവുഡ് ഹൊറര്‍ യൂണിവേഴ്‌സില്‍ നിന്ന് പുറത്തിറങ്ങിയ മൂഞ്ച്യയും ബ്ലോക്ക്ബസ്റ്ററായി മാറി. 30 കോടിയില്‍ ഒരുങ്ങിയ മൂഞ്ച്യ 162 കോടിയാണ് നേടിയത്. ബോളിവുഡില്‍ ഇനി ഹൊറര്‍ സിനിമകളുടെ കാലമാകും വരാന്‍ പോകുന്നതെന്നാണ് ഈ വിജയങ്ങള്‍ നല്‍കുന്ന സൂചന.

Content Highlight: Stree 2 got the highest opening day collection in Bollywood