ബോളിവുഡിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായി മാറിയിരിക്കുകയാണ് സ്ത്രീ 2. അമര്‍ കൗഷിക് സംവിധാനം ചെയ്ത ചിത്രം മാഡോക് സൂപ്പര്‍ നാച്ചുറല്‍ സിനിമാറ്റിക് യൂണിവേഴ്‌സിലെ അഞ്ചാമത്തെ ചിത്രമാണ്. 2018ല്‍ റിലീസായ സ്ത്രീയുടെ തുടര്‍ച്ചയാണ് ഈ ചിത്രം. രാജ് കുമാര്‍ റാവു, ശ്രദ്ധ കപൂര്‍, പങ്കജ് ത്രിപാഠി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ആദ്യദിനം തൊട്ട് റെക്കോഡ് കളക്ഷന്‍ നേടിയിരുന്നു.
റിലീസ് ചെയ്ത് മൂന്നാം വാരത്തിലേക്ക് കടന്നപ്പോള്‍ ബോളിവുഡിലെ പല വമ്പന്‍ ചിത്രങ്ങളുടെയും കളക്ഷന്‍ സ്ത്രീ 2 തകര്‍ത്തെറിയുകയാണ്. ജവാന്‍, പത്താന്‍ എന്നീ സിനിമകളുടെ ആദ്യദിന കളക്ഷന്‍ മറികടന്ന സ്ത്രീ 2 ഫൈറ്ററിന്റെ ഫൈനല്‍ കളക്ഷനും ആദ്യവാരത്തില്‍ തകര്‍ത്തു. ഇപ്പോഴിതാ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ അനിമലിന്റെ ഇന്ത്യന്‍ കളക്ഷനും മറികടന്നിരിക്കുകയാണ് സ്ത്രീ 2.
വേള്‍ഡ്‌വൈഡായി 900 കോടിയോളം കളക്ട് ചെയ്ത അനിമല്‍ ഇന്ത്യയില്‍ നിന്ന് മാത്രം 540 കോടിയാണ് നേടിയത്. ഈ കളക്ഷനാണ് വെറും 60 കോടി മുതല്‍മുടക്കില്‍ വന്ന സ്ത്രീ 2 തകര്‍ത്തത്. ഇന്ത്യയില്‍ നിന്ന് മാത്രം ഇതിനോടകം 545 കോടി ചിത്രം നേടിക്കഴിഞ്ഞു. ബോളിവുഡില്‍ അടുത്തകാലത്ത് വമ്പന്‍ റിലീസുകളില്ലാത്തത് സ്ത്രീ 2വിന് തുണയാകുന്നുണ്ട്.
ചന്ദേരി എന്ന ഗ്രാമത്തിലെ യക്ഷിയുടെ കഥ പറഞ്ഞ് അവസാനിപ്പിച്ച ആദ്യ ഭാഗത്തിനെക്കാള്‍ മികച്ചതാണ് സ്ത്രീ 2. സിനിമാറ്റിക് യൂണിവേഴ്‌സിലെ മറ്റ് സിനിമകളുടെ റഫറന്‍സും അവയുമായി കണക്ട് ചെയ്ത രീതിയും തിയേറ്ററില്‍ കൈയടികള്‍ക്ക് വഴിവെച്ചു. അതിനോടൊപ്പം വന്ന കാമിയോ റോളുകളും സിനിമയെ മികച്ചതാക്കി. മൂന്നാം ഭാഗത്തിന് സൂചന നല്‍കിക്കൊണ്ടാണ് ചിത്രം അവസാനിച്ചത്.
രണ്‍ബീര്‍ കപൂര്‍ നായകനായി സന്ദീപ് വാങ്ക റെഡ്ഡി സംവിധാനം ചെയ്ത അനിമല്‍ സ്ത്രീവിരുദ്ധതയുടെ പേരില്‍ നിരവധി വിമര്‍ശനങ്ങള്‍ കേട്ടിരുന്നു. വിമര്‍ശനങ്ങള്‍ക്ക് നേരെ സംവിധായകന്‍ സന്ദീപ് വാങ്ക പ്രതികരിച്ച രീതിയും വലിയ ചര്‍ച്ചയായിരുന്നു വയലന്‍സും സ്ത്രീവിരുദ്ധതയും നിറഞ്ഞ അനിമലിന്റെ കളക്ഷന്‍ റെക്കോഡ് സ്ത്രീ എന്ന് പേരുള്ള സിനിമ തകര്‍ത്തത് കാവ്യനീതിയാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
Content Highlight: Stree 2 crossed domestic collection of Animal