ഇന്ത്യയില്‍ നിന്ന് മാത്രം ആഭ്യന്തര ബോക്സ് ഓഫീസില്‍ 600 കോടി നേടുന്ന ആദ്യ ചിത്രമായി സ്ത്രീ 2. ഷാരൂഖ് ഖാന്റെ ജവാന്റെ ഹിന്ദി പതിപ്പിനെയും മറികടന്നാണ് ശ്രദ്ധ കപൂറിന്റെ സ്ത്രീ 2 ഈ നേട്ടം സ്വന്തമാക്കുന്നത്. ഓഗസ്റ്റ് 14ന് പുറത്തിറങ്ങിയതുമുതല്‍ ആഭ്യന്തര ബോക്സ് ഓഫീസില്‍ സ്ത്രീ 2ന്റെ കുതിപ്പ് തുടരുകയാണ്.
ഷാരൂഖ് ഖാന്റെ ജവാന്‍, പത്താന്‍, രണ്‍ബീര്‍ കപൂര്‍ നായകനായ അനിമല്‍, പ്രഭാസ് നായകനായ ബാഹുബലി 2: ദി കണ്‍ക്ലൂഷന്‍ എന്നിവയുടെ ഹിന്ദി പതിപ്പുകളുടെ ആജീവനാന്ത ബിസിനസ് മറികടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് സ്ത്രീ 2 ഈ നാഴികക്കല്ല് സ്വന്തമാക്കുന്നത്. ‘വോ സ്ത്രീ ഹേ, വോ കുച്ച് ഭി കര്‍ സക്തി ഹേ'( അവള്‍ സ്ത്രീയാണ്, അവള്‍ക്കെന്തും ചെയ്യാന്‍ സാധിക്കും) എന്ന് പറയുന്ന ചിത്രം ബോക്സ് ഓഫീസിലും ഇത് സത്യമാണെന്ന് തെളിയിക്കുന്നു.
കോമഡി ഹൊറര്‍ ചിത്രമായ സ്ത്രീയുടെ രണ്ടാം ഭാഗമായാണ് സ്ത്രീ 2 റിലീസ് ആയത്. ഓഗസ്റ്റ് 14 നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. നിരേണ്‍ ഭട്ടിന്റെ രചനയില്‍ അമര്‍ കൗശിക് സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചിരിക്കുന്നത് മാഡോക്ക് ഫിലിംസും ജിയോ സ്റ്റുഡിയോസും ചേര്‍ന്നാണ്. ശ്രദ്ധ കപൂര്‍, രാജ്കുമാര്‍ റാവു, പങ്കജ് ത്രിപാഠി, അഭിഷേക് ബാനര്‍ജി, അപര്‍ശക്തി ഖുറാന എന്നിവര്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവരെ കൂടാതെ നിരവധി ഗസ്റ്റ് റോളുകളും ചിത്രത്തിലുണ്ട്.
ഒരിടവേളക്ക് ശേഷം ശ്രദ്ധ കപൂര്‍ ചെയ്യുന്ന സിനിമയാണ് സ്ത്രീ 2. ഫീമെയില്‍ ലീഡിലുള്ള ഒരു ചിത്രം റെക്കോഡുകള്‍ തിരുത്തുന്നതും ഇത് ആദ്യമാണ്. സ്ത്രീ 2 ഇതുവരെ ബോക്‌സ് ഓഫീസില്‍ ഷാരുഖ് ഖാനെയും ഹൃതിക് റോഷനെയും ബാഹുബലിയെയും വരെ മലര്‍ത്തിയടിച്ച് കഴിഞ്ഞു. സ്ത്രീയുടെ ആദ്യഭാഗവും സൂപ്പര്‍ ഹിറ്റ് ആയിരുന്നു.