| Saturday, 24th August 2024, 9:37 pm

ബോളിവുഡ് ബോക്‌സ് ഓഫീസില്‍ പ്രഭാസിനെയും വീഴ്ത്തി ചന്ദേരിയിലെ യക്ഷി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബോളിവുഡിലെ ഈ വര്‍ഷത്തെ കളക്ഷന്‍ റെക്കോര്‍ഡുകളെല്ലാം തകര്‍ത്ത് മുന്നേറുകയാണ് സ്ത്രീ 2. അമര്‍ കൗശിക്കിന്റെ ഹൊറര്‍ സിനിമാറ്റിക് യൂണിവേഴ്‌സിലെ അഞ്ചാമത്തെ ചിത്രമായ സ്ത്രീ 2വില്‍ രാജ്കുമാര്‍ റാവുവും ശ്രദ്ധാ കപൂറുമാണ് പ്രധാന താരങ്ങള്‍. ആദ്യദിനം തന്നെ 70 കോടിക്കു മുകളിലാണ് സ്ത്രീ 2 കളക്ട് ചെയ്തത്. ബോളിവുഡിലെ എക്കാലത്തെയും വലിയ ആദ്യദിന കളക്ഷന്‍ കൂടിയാണിത്.

അഞ്ച് ദിവസം കൊണ്ട് 200 കോടി കളക്ഷന്‍ നേടിയ ചിത്രം ഈ വര്‍ഷത്തെ ബോളിവുഡിലെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ പ്രഭാസ് ചിത്രം കല്‍ക്കി 2898 എ.ഡിയുടെ ഹിന്ദി കളക്ഷനും ചന്ദേരിയിലെ യക്ഷിക്ക് മുന്നില്‍ തകര്‍ന്നിരിക്കുകയാണ്. കല്‍ക്കി നേടിയ 277 കോടി വെറും ഒമ്പത് ദിവസം കൊണ്ടാണ് സ്ത്രീ 2വിന്റെ മുന്നില്‍ തകര്‍ന്നത്.

വേള്‍ഡ് വൈഡായി ഇതിനോടകം 307 കോടിയാണ് സ്ത്രീ 2 നേടിയത്. ഹിന്ദി വേര്‍ഷന്‍ കൊണ്ട് മാത്രമാണ് ചിത്രം ഇത്രയധികം കളക്ട് ചെയ്തത്. ഹൃതിക് റോഷന്‍ നായകനായ ഫൈറ്ററിന്റെ ലൈഫ്‌ടൈം കളക്ഷനും ചിത്രം ഇതിനോടകം മറികടന്നു. വെറും 50 കോടി ബജറ്റിലെത്തിയ ചിത്രം കളക്ഷന്‍ റെക്കോഡുകളെല്ലാം തകര്‍ക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ ഇന്ത്യന്‍ സിനിമാലോകത്തെ ചര്‍ച്ച.

2018ലാണ് സ്ത്രീയുടെ ആദ്യഭാഗം റിലീസായത്. മധ്യപ്രദേശിലെ ചന്ദേരി എന്ന ഗ്രാമവും അവിടെ ആളുകളുടെ സൈ്വര്യം കെടുത്തുന്ന സ്ത്രീ എന്ന യക്ഷിയുടെയും കഥ പറഞ്ഞ ചിത്രം വന്‍ വിജയമായിരുന്നു. പിന്നീട് ജാന്‍വി കപൂറിനെ നായികയാക്കി റൂഹി എന്ന ചിത്രം ഇതേ യൂണിവേഴ്‌സില്‍ പുറത്തിറങ്ങിയെങ്കിലും പരാജയം നേരിട്ടു. ഹൊറര്‍ യൂണിവേഴ്‌സിലെ മൂന്നാമത്തെ ചിത്രമായ വരുണ്‍ ധവാനെ നായകനാക്കി 2022ല്‍ ഭേഡിയയും വന്‍ വിജയമായി മാറിയിരുന്നു.

ഈ വര്‍ഷം രണ്ട് സിനിമകളാണ് ഇതേ യൂണിവേഴ്‌സില്‍ റിലീസായത്. അഭയ് വര്‍മ നായകനായ മൂഞ്ച്യയും വന്‍ വിജയമായി മാറിയിരുന്നു. യൂണിവേഴ്‌സിലെ മറ്റ് സിനിമകളുമായി കണക്ട് ചെയ്ത രീതിയും അപ്രതീക്ഷിത ഗസ്റ്റ് റോളുകളും സ്ത്രീ 2വിനെ തിയേറ്ററില്‍ ആഘോഷമാക്കി മാറ്റി. മൂന്നാം ഭാഗത്തിനുള്ള സൂചന നല്‍കിക്കൊണ്ടാണ് ചിത്രം അവസാനിച്ചത്.

Content Highlight: Stree 2 beats the Hindi collection of Kalki 2898 AD

Latest Stories

We use cookies to give you the best possible experience. Learn more