ഗസ: ഇസ്രഈലി ബോംബാക്രമണത്തെ തുടർന്ന് സംസ്‌കരിക്കാനാകാത്തതിനാൽ അൽ ശിഫ ആശുപത്രി പരിസരത്ത് മൃതദേഹങ്ങൾ അഴുകുകയും തെരുവ് നായകൾ ഭക്ഷിക്കുകയും ചെയ്യുന്നതായി റിപ്പോർട്ട്.
ഇന്ധനവും വൈദ്യുതിയുമില്ലാത്ത ആശുപത്രി ശവപ്പറമ്പായി മാറുകയാണെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.
ആശുപത്രിക്ക് ചുറ്റും ഇസ്രഈലി ടാങ്കുകൾ വളയുകയും ആശുപത്രി പ്രവർത്തനം നിലക്കുകയും ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി ആശുപത്രിയിൽ നിന്ന് പുറത്തുപോകാനോ പുറത്തുനിന്ന് ആർക്കെങ്കിലും അകത്തോട്ട് പ്രവേശിക്കാനോ സാധിച്ചിട്ടില്ല.
ആശുപത്രിയിൽ വെള്ളവും വൈദ്യുതിയുമില്ലെന്നും ഭക്ഷണം തീരാറായെന്നും ആശുപത്രി അധികൃതർ പറയുന്നു. രോഗികൾക്ക് പുറമേ ആയിരക്കണക്കിന് ഫലസ്തീനികളുടെ അഭയകേന്ദ്രം കൂടിയായിരുന്നു അൽ ശിഫ ആശുപത്രി.
ഇന്ധനവും വൈദ്യുതിയും പൂർണമായും നിലച്ചതോടെ പൂർണ വളർച്ചയെത്താത്ത കുഞ്ഞുങ്ങൾ മരണത്തിന്റെ വക്കിലാണെന്നും അഞ്ച് കുഞ്ഞുങ്ങൾ ഇതിനകം മരണപ്പെട്ടുവെന്നും അൽ ശിഫ ആശുപത്രിയിലെ ഡോക്ടർമാർ പറയുന്നു.
‘അവർ ഓരോരുത്തരായി മരിച്ചുവീഴാൻ നമ്മൾ കാത്തിരിക്കുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. അനസ്തേഷ്യ മെഷീൻ പ്രവർത്തിപ്പിക്കുന്ന ഒരു സോക്കറ്റ് മാത്രമേ ഇവിടെയുള്ളൂ. ജീവൻ രക്ഷിക്കാനുള്ള പ്രവർത്തനങ്ങളല്ലാതെ ഇവിടെ ഒന്നും ചെയ്യുന്നില്ല,’ ആശുപത്രിയിലെ പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവി അഹ്മദ് മുഖള്ളാട്ടി പറഞ്ഞൂ.
ഗർഭപാത്രത്തിലെ സാഹചര്യം പുനസൃഷ്ടിക്കുന്നതാണ് ഇൻക്യൂബേറ്റർ മെഷീനുകൾ ചെയ്യുന്നത്. ഇതിന് ഉയർന്ന തോതിൽ വൈദ്യുതി ആവശ്യമാണ്. പ്രതിരോധം കൈവരിച്ചിട്ടില്ലാത്തതിനാൽ ഇൻഫെക്ഷൻ സംഭവിക്കാതിരിക്കാൻ ചുറ്റുപാട് നിന്നും കുഞ്ഞുങ്ങളെ മാറ്റി നിർത്തേണ്ടതുണ്ട്.
എന്നാൽ വൈദ്യുതി ഇല്ലാത്തത് കാരണം കുഞ്ഞുങ്ങളെ സാധാരണ കിടക്കയിലേക്ക് മാറ്റിയിരിക്കുകയാണ്. അവിടെ അവർക്ക് അതിജീവിക്കാൻ കഴിയില്ല.
‘മൃതശരീരങ്ങൾ ഇൻഫെക്ഷന്റെയും എല്ലാ തരം ബാക്റ്റീരിയകളുടെയും രോഗങ്ങളുടെയും ഉറവിടമാകും. അപ്പോൾ നമുക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല,’ അദ്ദേഹം പറഞ്ഞു.
600 രോഗികളും 37 കുഞ്ഞുങ്ങളുമാണ് ആശുപത്രിയിൽ കഴിയുന്നത്.
വംശഹത്യ അവസാനിപ്പിക്കുവാനും രോഗികളെ ആശുപത്രിയിൽ നിന്ന് മാറ്റാൻ സുരക്ഷിതമായ ഇടനാഴി ഒരുക്കാനും മുഖള്ളാട്ടി ആവശ്യപ്പെട്ടു.
Content Highlight: Stray dogs eat corpses at al-Shifa hospital amid total siege, WHO says Gaza hospital unable to bury dead bodies