നാട്ടിലെങ്ങും തെരുവു നായ ഭീക്ഷണി രൂക്ഷമായതോടെ ഇതിനൊരു ശാശ്വത പരിഹാരം തേടി അലയുകയാണ് ജനങ്ങളും സര്‍ക്കാരും. അതിനിടയില്‍ തെരുവു നായ്ക്കളെ കൊല്ലാനുള്ള നിയമവിരുദ്ധ മാര്‍ഗങ്ങളും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.
സംസ്ഥാനത്ത് നിലവില്‍ മൂന്ന് ലക്ഷം തെരുവ് നായ്ക്കള്‍ ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്. കണക്കില്‍പെടാത്ത വിരുദ്ധന്‍മാര്‍ ഇനിയുമുണ്ടാകും. വര്‍ധിച്ച് വരുന്ന ഈ തെരുവു നായ്ക്കളുടെ ആക്രമണത്തിന് അറുതി വരുത്താന്‍ ഇവയെ മൊത്തമായും കൊന്നൊടുക്കണമെന്ന് വരെ പൊതുസമൂഹത്തില്‍ വാദങ്ങള്‍ വരുന്നുണ്ട്.
എന്നാല്‍ നായ്ക്കളെ കൊന്നൊടുക്കുന്നത് ശാശ്വത പരിഹാരമല്ല എന്നാണ് ആരോഗ്യ വിദഗ്ധനായ ജി.ആര്‍. സന്തോഷ്‌കുമാര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നത്.
മൂന്ന് ലക്ഷം നായ്ക്കളെ കൊന്നൊടുക്കി വിഷയം അവസാനിപ്പിക്കാം എന്ന് വാദിക്കുന്നവര്‍ ഒരിക്കലും ഒരു പരിഷ്‌കൃത ശാസ്ത്ര സമൂഹത്തിലെ അംഗങ്ങളായിരിക്കാന്‍ യോഗ്യരല്ലെന്ന് മാത്രമാണ് ഇപ്പോള്‍ പറയാന്‍ കഴിയുകയെന്നും, അവര്‍ സ്വപ്നം കാണുന്ന കൂട്ടക്കുരുതിക്ക് ഒരു ന്യായീകരണവും തല്‍ക്കാലം കാണാനാവുന്നില്ലെന്നും അദ്ദേഹം പറയുന്നു.
2010ല്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ജോലി ചെയ്യുമ്പോള്‍ റാബിസ് (പേവിഷബാധ) ഇമ്മ്യുണൈസേഷന്‍ ക്ലിനിക്കിന്റെ ചാര്‍ജ്ജുള്ള മെഡിക്കല്‍ ഓഫീസര്‍ ആയിരുന്നു താനെന്നും. പേശികളില്‍ നല്‍കുന്ന റാബിസ് വാക്‌സിനേഷന് പകരം ചര്‍മ്മത്തില്‍ കുത്തിവെയ്ക്കുന്ന രീതിയായ IDRV തുടങ്ങിയത് അക്കാലത്തായിരുന്നുവെന്നും,
ആ സമയത്ത് 60-70 പേര്‍ പട്ടികടിച്ചും പൂച്ച കടിച്ചും വരുമെന്നും, പകുതി പേര്‍ തുടര്‍ കുത്തിവെയ്പ്പിനും പകുതി പേര്‍ പുതിയതായും വരുന്നവരായിരുന്നു. അതായത് 30-35 പേര്‍ തിരുവനന്തപുരം നഗരത്തിനും പരിസരപ്രദേശങ്ങളില്‍ നിന്നും പട്ടി/പൂച്ച കടിയുമായി ഓരോ ദിവസവും പുതുതായി ക്ലിനിക്കില്‍ വന്നുകൊണ്ടിരുന്നുവെന്നും അദ്ദേഹം പറയുന്നു.
അന്ന് തിരുവനന്തപുരം ജില്ലയില്‍ നിന്നു മാത്രം കുട്ടികള്‍ ഉള്‍പ്പെടെ 18 മുതല്‍ 20 ഓളം മനുഷ്യര്‍ പേവിഷബാധയേറ്റ് ഒരോ വര്‍ഷവും മരണമടഞ്ഞിരുന്നുവെന്നും, അതില്‍ എല്ലാവരും വാക്‌സിന്‍ എടുക്കാത്തവരായിരുന്നുവെന്നും, തെരുവ് നായ്ക്കളില്‍ നിന്ന് മാത്രമല്ല, വളര്‍ത്തു നായ്ക്കളില്‍ നിന്നും വിഷബാധയേറ്റവര്‍രായിരുന്നു അവരെന്നും സന്തോഷ് കുമാര്‍ പറയുന്നു.
അന്ന് സോഷ്യല്‍ മീഡിയ ഈ നിലയില്‍ സജീവമായിരുന്നെങ്കില്‍ ഇന്ന് കാണുന്നതിനേക്കാള്‍ ഭീതിതമായ ചിത്രങ്ങളും വാര്‍ത്തകളും പ്രചരിക്കുമായിരുന്നു അദ്ദേഹം സൂചിപ്പിക്കുന്നു.
മാധ്യമങ്ങളിപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് കേരളം മുഴുവന്‍ ഈ വര്‍ഷം ഉണ്ടായ പേവിഷബാധ മരണങ്ങള്‍ 21 ആണെന്നും, അതില്‍ 15 പേര്‍ വാക്‌സിനേഷന്‍ സ്വീകരിക്കാത്തവരാണ്. അതായത്, പൊതുവെ പറഞ്ഞാല്‍ കഴിഞ്ഞ 12 വര്‍ഷങ്ങള്‍ക്കുള്ളില്‍ നമ്മുടെ നാട്ടിലെ പേവിഷമരണങ്ങള്‍ കാര്യമായ തോതില്‍ കുറഞ്ഞിരിക്കുന്നുവെന്നും, ഒരു ജില്ലയില്‍ മാത്രം 20 ആകാവുന്ന സ്ഥാനത്ത് സംസ്ഥാനം മുഴുവന്‍ 20 എന്ന നിരക്കില്‍ കുറഞ്ഞിരിക്കുന്നുവെന്നും സന്തോഷ് കുമാര്‍ പറയുന്നു.
ഈ സത്യത്തെ തെല്ലും അംഗീകരിക്കുന്ന രീതിയിലല്ല ഈ വിഷയം ഇന്ന് ചര്‍ച്ച ചെയ്യപ്പെടുന്നതെന്നും, തീര്‍ച്ചയായും ഇപ്പോഴുണ്ടായ 21 മരണങ്ങള്‍ ഒഴിവാക്കേണ്ടതാണ്. 15 പേര്‍ എന്തുകൊണ്ട് വാക്‌സിന്‍ സ്വീകരിച്ചില്ല എന്നത് അന്വേഷിക്കേണ്ട വിഷയമാണെന്നും, അതിനേക്കാള്‍ പരമപ്രധാനമായ ചോദ്യം എല്ലാവര്‍ക്കും അറിയാവുന്നത് പോലെ വാക്‌സിന്‍ നല്‍കിയ ശേഷവും എന്തുകൊണ്ട് മരണം സംഭവിച്ചു എന്നതാണെന്നും, പക്ഷെ അതൊരു പുതിയ സംഭവമല്ല. എന്നിട്ടും മുഖ്യമന്ത്രി പറയുന്നതുവരെ, ഒരു പഠന സംഘത്തെ നിയോഗിക്കാന്‍ ആരോഗ്യ വകുപ്പ് എന്തിന് കാത്തിരുന്നു എന്ന ചോദ്യം അവശേഷിക്കുന്നുവെന്നും സന്തോഷ് കുമാര്‍ ചോദിക്കുന്നു.
പേവിഷബാധ ചികില്‍സയില്‍ ഒരിടത്തും പരാമര്‍ശിക്കപ്പെടാത്ത ‘ഗോള്‍ഡന്‍ ഔവര്‍’ സങ്കല്പം ഇപ്പോള്‍ എങ്ങനെയാണ് ഉയര്‍ന്നുവന്നത്തെന്നും, എല്ലാ പട്ടികടിയും ഒരു പോലെയല്ലെന്നും, അത് മൂന്ന് കാറ്റഗറികളായി തിരിച്ചിട്ടുണ്ട്. നായ നക്കുന്നതും കടിക്കുന്നതും ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആകുന്നതിന്റെ അടിസ്ഥാനത്തില്‍ അതിന്റെ തീവ്രത കുറയുകയും കൂടുകയും ചെയ്യുമെന്നും,
ഇക്കാര്യം ജനങ്ങളെ പഠിപ്പിക്കാതെ ‘ഗോള്‍ഡന്‍ ഔവറി’നെക്കുറിച്ച് സംസാരിച്ചാല്‍ നായ കാലില്‍ നക്കിയവരും മുഖത്ത് കടിയേറ്റവരും ഒരേ സമയം ഒന്നടങ്കം മരണഭയത്തോടെ ആശുപത്രിയില്‍ തിക്കിക്കയറുകയും ചികിത്സ വെകി എന്ന പരാതിയില്‍ സംഘര്‍ഷമുണ്ടാവുകയുമായിരിക്കും ഫലമെന്നും അദ്ദേഹം പറയുന്നു.
തെരുവ് നായ്ക്കളുടെ എണ്ണം പരിമിതപ്പെടുത്താനായി 10-15 വര്‍ഷം മുമ്പ് ആരംഭിച്ച പദ്ധതികള്‍ എന്തുകൊണ്ട് തടസ്സപ്പെട്ടു? എല്ലാവരും ചേര്‍ന്ന് ഇന്ന് ഈ വിഷയം പരിഹരിക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു മുനമ്പില്‍ കൊണ്ടുനിര്ത്തിയിരിക്കുകയാണെന്
ചുരുക്കത്തില്‍, പേവിഷബാധയെക്കുറിച്ച് പൊതുമണ്ഡലത്തില്‍ കാണുന്ന സംവാദങ്ങള്‍ സമാന്യമായി പറഞ്ഞാല്‍ അവധാനതയില്ലാത്തതും, അര്‍ഹിക്കുന്ന സമതുലിത പുലര്‍ത്താത്തതും യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കാത്ത രീതിയില്‍ ഊതിപ്പെരുക്കിയതും സമൂഹത്തില്‍ മൊത്തത്തില്‍ ഭീതി സൃഷ്ടിക്കുന്നതുമാണെന്നും, ഇതിന്റെ ഗുണഭോക്താക്കളാരെന്ന് അല്‍പം കാത്തിരുന്നാല്‍ അറിയാനാവുമെന്നും അദ്ദേഹം കുറിപ്പില്‍ സൂചിപ്പിക്കുന്നുണ്ട്.
കൂട്ടത്തില്‍, ഈ വിഷയത്തെക്കുറിച്ച് അറിവ് നേടിയിട്ടുള്ള ഡോക്ടര്‍മാരും പൊതുജനാരോഗ്യ വിദഗ്ധരും മാധ്യമങ്ങളിലൂടെയും/സോഷ്യല്‍ മീഡിയയിലൂടെയും നല്‍കുന്ന അവബോധം അഭിനന്ദനാര്‍ഹമാണെന്നും, ഒട്ടും പ്രൊഫഷണല്‍ അല്ലാത്ത ചര്‍ച്ചകള്‍ക്ക് സമയം ചെലവഴിക്കുന്നതിന് പകരം അങ്ങനെയുള്ളവരെ ജനങ്ങള്‍ കുടുതല്‍ കേള്‍ക്കേണ്ടതായുണ്ടെന്നും സന്തോഷ് കുമാര്‍ പറയുന്നു.
Content Highlight: Stray dogs and anti-rabies vaccine