| Friday, 27th January 2023, 9:15 am

ബിഹാറില്‍ ഒരു തെരുവുനായ കടിച്ച് പരിക്കേല്‍പ്പിച്ചത് 70 പേരെ; നായയെ തിരഞ്ഞ് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: ബിഹാറിലെ അറ നഗരത്തില്‍ തെരുവ് നായ ഭീഷണിയില്‍ ഭയന്ന് നാട്ടുകാര്‍. ഒരു തെരുവുനായ 70 പേരെ കടിച്ച് പരിക്കേല്‍പ്പിച്ചതായി പൊലീസ് അറിയിച്ചു.

അറ നഗരത്തിലെ ശിവ്ഗഞ്ച്. ഷിറ്റ്‌ല തോല, മഹാദേവ റോഡ്, സദര്‍ ഹോസ്പിറ്റല്‍ പ്രദേശങ്ങളിലെ 70 പേരെ നായ ആക്രമിച്ചതായി ഭോജ്പൂര്‍ പൊലീസ് സൂപ്രണ്ട് പ്രമോദ് കുമാര്‍ അറിയിച്ചു.

നായയുടെ ആക്രമണത്തില്‍ പരിക്കേറ്റവരെല്ലാം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണെന്നും പൊലീസ് സൂപ്രണ്ട് അറിയിച്ചു.

പൊലീസും മറ്റ് അധികൃതരും തെരുവുനായയെ കണ്ടെത്താനായി തിരച്ചില്‍ നടത്തുകയാണെന്നും തെരുവുനായ ശല്യത്തെ നിയന്ത്രിക്കാന്‍ നഗരത്തിലെ പലയിടങ്ങളിലും സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചുവെന്നും പൊലീസ് പറയുന്നു.

‘തെരുവ് നായ പരിക്കേല്‍പ്പിച്ച എണ്‍പതിലധികം ആളുകളെ ചികിത്സിച്ചു. രണ്ട് മണിക്കൂറിനുള്ളിലാണ് പരിക്കേറ്റ എല്ലാവരും ആശുപത്രിയിലെത്തിയത്. പരിക്കേറ്റവരില്‍ 10-12 കുട്ടികളുണ്ട്. പത്ത് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്,’ അറ ആശുപത്രിയിലെ ഡോക്ടര്‍ കുമാര്‍ പറഞ്ഞു.

തെരുവുനായയുടെ ഭീഷണി മൂലം പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണെന്ന് നാട്ടുകാര്‍ പറയുന്നതായി പ്രാദേശിക മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

തെരുവുനായകളെ പിടികൂടാനും വന്ധ്യംകരിക്കുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കാനും ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Content Highlight: Stray dog goes on biting spree in Bihar Ara, over 70 people injured

We use cookies to give you the best possible experience. Learn more