ടെഹ്‌റാന്‍: ചൈനയുമായി ഇറാന്‍ 25 വര്‍ഷത്തേക്ക് തന്ത്രപ്രധാനമായ പങ്കാളിത്തത്തില്‍ ഒപ്പുവെച്ചത് അമേരിക്കയ്ക്കുള്ള മറുപടിയാണെന്ന് ഇറാന്‍. സ്പീക്കര്‍ മുഹമ്മദ് ബാഖിര്‍ ഖാലീബാഫാണ് ബൈഡന് മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
മാര്‍ച്ച് 27ന് ചൈനയുമായി തന്ത്രപ്രധാനമായ കരാറില്‍ ഇറാന്‍ ഒപ്പുവെച്ചിരുന്നു. ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവേദ് സരിഫ് ചൈനീസ് സ്റ്റേറ്റ് കൗണ്‍സിലറും വിദേശകാര്യമന്ത്രിയുമായ വാങ് യിയുമായിട്ടായിരുന്നു കരാറില്‍ ഒപ്പുവെച്ചത്.
അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന ചര്‍ച്ചകളും നീക്കങ്ങളും അമേരിക്കയ്ക്ക് അനുകൂലമല്ല എന്നും ഖാലിബാഫ് കൂട്ടിച്ചേര്‍ത്തു. ഇറാനും ചൈനയും തമ്മില്‍ വ്യത്യസ്ത മേഖലകളില്‍ സഹകരണം ഉറപ്പാക്കുന്നതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പുതിയ കരാര്‍.
അടുത്ത് ആഴ്ച അമേരിക്കയും ഇറാനും തമ്മില്‍ ജെ.പി.സി.ഒ.എ കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിന് പിന്നാലെയാണ് ഖാലിബാഫിയുടെ പ്രതികരണം. വിയന്നയിലാണ് ഇരു രാജ്യങ്ങളുടെ പ്രതിനിധികളും തമ്മില്‍ ചര്‍ച്ച നടക്കുക. നേരിട്ടുള്ള ചര്‍ച്ചയായിരിക്കില്ല നടക്കുക എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു.
2018 ല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ജെ.പി.സി.ഒ.എ കരാറില്‍ നിന്നും പിന്‍വാങ്ങി ഇറാന് ഉപരോധം ഏര്‍പ്പെടുത്തിയതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വലിയ രീതിയില്‍ വഷളായിരുന്നു. ജോ ബൈഡന്‍ അധികാരത്തിലെത്തിയാല്‍ അമേരിക്ക കരാറിലേക്ക് തിരികെയെത്തുമെന്നും ഉപരോധം നീക്കുമെന്നും പ്രതീക്ഷിച്ച ഇറാന് അനുകൂലമായ നയം മാറ്റം ബൈഡനില്‍ നിന്ന് ഇതുവരെയുണ്ടായിട്ടില്ല.