| Tuesday, 12th December 2023, 2:28 pm

സ്ട്രേഞ്ചര്‍ തിങ്സ് 5 ഷൂട്ടിങ് ആരംഭിക്കും; സീരീസ് എങ്ങനെ അവസാനിക്കണമെന്ന് സോഷ്യല്‍ മീഡിയയുമായി ആലോചിക്കില്ല: ദ ഡഫര്‍ ബ്രദേഴ്‌സ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നെറ്റ്ഫ്ളിക്‌സിന്റെ അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ സീരീസ് സ്ട്രേഞ്ചര്‍ തിങ്സ് അഞ്ചാമത്തെയും അവസാനത്തെയും സീസണ്‍ 2024 ജനുവരി ആദ്യം ഷൂട്ടിങ് ആരംഭിക്കും.

ഷൂട്ടിങ് ആരംഭിക്കുന്നതിന്റെ കൃത്യമായ തീയതി പുറത്തു വിട്ടിട്ടില്ല. ഹോളിവുഡിലെ സമരം കാരണം സീരീസിന്റെ ഷൂട്ടിങ് മുമ്പ് മാറ്റി വെക്കുകയായിരുന്നു.

അതിനിടയില്‍ സീരീസ് എങ്ങനെ അവസാനിക്കണം എന്നതിനെക്കുറിച്ച് സോഷ്യല്‍ മീഡിയയുമായി ആലോചിക്കില്ലെന്ന് സ്ട്രേഞ്ചര്‍ തിങ്‌സ് സ്രഷ്ടാക്കളായ ദ ഡഫര്‍ ബ്രദേഴ്‌സ് പറഞ്ഞു.

‘ഞങ്ങള്‍ക്ക് വ്യത്യസ്ത പ്രായപരിധിയിലുള്ള നിരവധി ആരാധകരുണ്ട്, ഈ ഷോ എങ്ങനെ അവസാനിക്കണമെന്ന് അവര്‍ ആഗ്രഹമുണ്ടാകാം.

അവര്‍ക്ക് അവരുടേതായ ആശയങ്ങളും ഉണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. എന്നാല്‍ ഞങ്ങള്‍ ഇതിനെക്കുറിച്ച് സോഷ്യല്‍ മീഡിയയുമായി ആലോചിക്കുന്നില്ല’ ദ ഡഫര്‍ ബ്രദേഴ്‌സ് പറയുന്നു.

സീരീസിന്റെ ആദ്യ സീസണ്‍ 2016ലായിരുന്നു റിലീസ് ചെയ്തിരുന്നത്. അതിന് ആകെ എട്ട് എപ്പിസോഡുകളായിരുന്നു ഉണ്ടായിരുന്നത്.

അന്ന് നെറ്റ്ഫ്ളിക്സില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ഇംഗ്ലീഷ് സീരീസായി സ്ട്രേഞ്ചര്‍ തിങ്സ് മാറിയിരുന്നു.

2016ന് ശേഷം ഒമ്പത് എപ്പിസോഡുകളുള്ള രണ്ടാമത്തെ സീസണ്‍ പുറത്തിറങ്ങിയത് 2017ലായിരുന്നു. പിന്നാലെ 2019ല്‍ മൂന്നാമത്തെ സീസണും 2022ല്‍ നാലാമത്തെ സീസണും പുറത്തിറങ്ങി.

ഇന്ത്യാനയിലെ ഹോക്കിന്‍സ് എന്ന സാങ്കല്‍പ്പിക നഗരത്തില്‍ നടക്കുന്ന അസാധാരണ സംഭവങ്ങളും അതിനെതിരെ പോരാടുന്ന ഒരു കൂട്ടം കൗമാരക്കാരുടെ കഥയുമാണ് സീരീസ് പറയുന്നത്.

വിനോന റൈഡര്‍, ഡേവിഡ് ഹാര്‍ബര്‍, ഫിന്‍ വുള്‍ഫാര്‍ഡ്, മില്ലി ബോബി ബ്രൗണ്‍, ഗേറ്റന്‍ മറ്റരാസോ, കലേബ് മക്ലാഫ്‌ലിന്‍, നതാലിയ ഡയര്‍, ചാര്‍ളി ഹീറ്റണ്‍, നോഹ ഷ്‌നാപ്പ്, സാഡി സിങ്ക്, ജോ കീറി എന്നിവരുള്‍പ്പെടെ ഒരുപാടുപേര്‍ ഈ സീരീസില്‍ അഭിനയിച്ചിട്ടുണ്ട്. ഇവരെല്ലാം തന്നെ അവസാന സീസണിലും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.

മുമ്പ് നെറ്റ്ഫ്ളിക്‌സ് സ്ട്രേഞ്ചര്‍ തിങ്സിന്റെ സ്ഫിന്‍ ഓഫ് ഷോ പ്രഖ്യാപിച്ചിരുന്നു. സീരീസ് അവസാനിച്ച ശേഷം ആനിമേറ്റഡ് സീരീസും ഉണ്ടായേക്കാം.

Content Highlight: Stranger Things 5 Start Shooting Soon

We use cookies to give you the best possible experience. Learn more