| Monday, 29th March 2021, 11:45 am

സൂയിസ് കനാലില്‍ കുടുങ്ങിയ കപ്പല്‍ വീണ്ടും ചലിച്ചു തുടങ്ങി; ഗതാഗത കുരുക്ക് നീങ്ങുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഈജിപ്ത്: മെഡിറ്ററേനിയന്‍ കടലിനെയും ചെങ്കടലിനെയും ബന്ധിപ്പിക്കുന്ന പ്രധാന ഇടനാഴിയായ സൂയിസ് കനാലില്‍ കുടുങ്ങിയ കപ്പല്‍ ചലിച്ചു തുടങ്ങി. ഒരാഴ്ചയായി കപ്പല്‍ സൂയിസ് കനാലില്‍ കുടുങ്ങി കിടക്കുകയായിരുന്നു.

സൂയിസ് കനാലിലൂടെയുള്ള ഗതാഗതം എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ശക്തമായ കാറ്റിനെ തുടര്‍ന്ന് എവര്‍ ഗിവണ്‍ എന്ന കപ്പല്‍ നിയന്ത്രണം തെറ്റി കനാലിന് കുറുകെ വന്ന് സൂയിസ് കനാലില്‍ ബ്ലോക്ക് ഉണ്ടാക്കുകയായിരുന്നു. ഒരാഴ്ചയോളമാണ് കനാലിലൂടെയുള്ള ചരക്കു ഗതാഗതം തടസ്സപ്പെട്ടത്. ഇത് ലോകത്തെ വ്യാപാരമേഖലയില്‍ വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു.

ഡസന്‍ കണക്കിന് കണ്ടെയ്‌നര്‍ കപ്പലുകള്‍, ബള്‍ക്ക് കാരിയറുകള്‍, ഓയില്‍ ടാങ്കറുകള്‍, ദ്രവീകൃത പ്രകൃതിവാതകം, തുടങ്ങിയവ വഹിക്കുന്ന 369 ഓളം കപ്പലുകള്‍ കനാല്‍ കടക്കാന്‍ കാത്തിരിക്കുകയാണെന്ന് എസ്.സി.എ ചെയര്‍മാന്‍ ഒസാമ റാബി പറഞ്ഞിരുന്നു.

തിങ്കളാഴ്ച പ്രാദേശിക സമയം 4.30 കൂടിയാണ് കപ്പല്‍ നിങ്ങിതുടങ്ങിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം കപ്പലിന്റെ സാങ്കേതിക മാനേജര്‍ വാര്‍ത്തകളോട് പ്രതികരിക്കാന്‍ തയ്യാറായില്ല. കപ്പല്‍ ഭാഗികമായി നീക്കി തുടങ്ങിയെന്ന് ഈജിപ്ഷ്യന്‍ വാര്‍ത്താ ഏജന്‍സികളും റിപ്പോര്‍ട്ടു ചെയ്യുന്നു.

എന്നാല്‍ സൂയിസ് കനാല്‍ അതോറ്റിയില്‍ നിന്നും വാര്‍ത്തയ്ക്ക് ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല.
എവര്‍ ഗിവണ്‍ കപ്പലിനെ അത് ഇടിച്ചു നില്‍ക്കുന്ന മണല്‍ത്തിട്ടകളില്‍ നിന്നും മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍  സൂയിസ് കനാല്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ ഒരാഴ്ച മുന്‍പേ ആരംഭിച്ചിരുന്നു.

രണ്ട് ലക്ഷം മെട്രിക് ടണ്‍ ഭാരമുള്ളതാണ് എവര്‍ ഗിവണ്‍ കപ്പല്‍. ലോകത്താകെ സമുദ്രത്തിലുടെ ചരക്കു കടത്തുന്ന കണ്ടെയ്‌നറുകളില്‍ 30 ശതമാനവും സൂയിസ് കനാലിലൂടെയാണ് പോകുന്നത് എന്നതുകൊണ്ട് ആഗോള വിപണയിലെ ചരക്കു കൈമാറ്റത്തിന്റെ 12 ശതമാനവും നടക്കുന്നത് ഈ കനാലിലൂടെയാണ്.

ക്രൂഡ് ഓയില്‍ വിതരണത്തിന്റെ 4 ശതമാനവും സൂയിസ് കനാലിലൂടെയാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ ആഗോള വിപണയില്‍ സൂയിസ് കനാലിലെ ഗതാഗത കുരുക്ക് പ്രതികൂലമായി ബാധിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Stranded Suez Canal ship re-floated, undergoing checks

We use cookies to give you the best possible experience. Learn more