ഗാന്ധിനഗര്‍: സൂറത്തില്‍ വീണ്ടും തെരുവിലിറങ്ങി പ്രതിഷേധിച്ച് അതിഥി തൊഴിലാളികള്‍. നൂറുകണക്കിന് അതിഥി തൊഴിലാളികളാണ് തെരുവിലിറങ്ങി പ്രതിഷേധിച്ചത്.
സൂറത്തിലെ കഡോദരയില്‍ തിങ്കളാഴ്ച പകലാണ് സംഭവം. പ്രതിഷേധിച്ച തൊഴിലാളികളും പൊലീസും തമ്മില്‍ സംഘര്‍ഷവുമുണ്ടായി.
തങ്ങളെ വീടുകളിലേക്കയക്കണമെന്ന ആവശ്യമുന്നയിച്ചാണ് തൊഴിലാളികള്‍ നിരത്തിലിറങ്ങിയത്. രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് 40 ദിവസം കഴിഞ്ഞിട്ടും തങ്ങള്‍ കുടുങ്ങിക്കിടക്കുകയാണെന്നും വീടുകളിലേക്ക് തിരിച്ചെത്തണമെന്നുമായിരുന്നു തൊഴിലാളികളുടെ ആവശ്യം.
പൊലീസും തൊഴിലാളികളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി വാഹനങ്ങള്‍ നശിച്ചു. ഇതേതുടര്‍ന്ന് തൊഴിലാളികള്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.
കഴിഞ്ഞ മാസവും സൂറത്ത് ജില്ലയില്‍ വീട്ടിലേക്ക് പോകണമെന്ന ആവശ്യവുമായി നിരവധി തൊഴിലാളികള്‍ നിരത്തിലിറങ്ങിയിരുന്നു. അതേ സമയം ഗുജറാത്തില്‍ നിന്നും അതിഥി തൊഴിലാളികളെ സ്വദേശത്തേക്ക് മടക്കി അയച്ചു തുടങ്ങിയിട്ടുണ്ട്. ഇതിനിടയിലാണ് വീണ്ടും തൊഴിലാളികളുടെ പ്രതിഷേധം.
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ രണ്ടാമതാണ് ഗുജറാത്ത്. 5400 ലേറെ കേസുകളാണ് ഗുജറാത്തില്‍ മാത്രം ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.