”ചുട്ടുപൊള്ളുന്ന വെയില്‍. 45 ഡിഗ്രിയോളം വരുന്ന ചൂട്. കൊവിഡ് ടെസ്റ്റിംഗ് കേന്ദ്രത്തിന് മുന്നില്‍ നിരവധി പേര്‍ വരിവരിയായി നില്‍ക്കുന്നു. പക്ഷേ, പരിശോധനാകേന്ദ്രം അതുവരെ തുറന്നിട്ടുണ്ടായിരുന്നില്ല. കൊവിഡ് ബാധിച്ചതായി സംശയിക്കുന്നവരെ കൊണ്ടുവന്ന് നിര്‍ത്തിയിരിക്കുകയാണവിടെ.” മസ്‌കറ്റില്‍ ജോലി ചെയ്യുന്ന ഒരു യുവാവ് താന്‍ ഓഫീസിലേക്ക് പോകുന്ന വഴിയില്‍ കണ്ട ഒരു കാഴ്ചയെക്കുറിച്ച് വിശദീകരിക്കുന്നതിങ്ങനെയാണ്.
ഗള്‍ഫ് രാഷ്ട്രങ്ങളിലെ കൊവിഡ് വ്യാപനം അനിയന്ത്രിതമായ രീതിയിലേക്ക് വര്‍ദ്ധിച്ചതോടെ പലവിധ പ്രതിസന്ധികളിലകപ്പെട്ട് ദുരിതമനുഭവിക്കുന്ന പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ഇതിനകം തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്.
പ്രവാസികളെ നാട്ടിലേക്ക് അടിയന്തരമായി തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യങ്ങള്‍ക്ക് അനുകൂലമായ തീരുമാനം തുടക്കത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നില്ലെങ്കിലും പ്രവാസി സംഘടനകള്‍, വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍, സംസ്ഥാന സര്‍ക്കാറുകള്‍ എന്നിവരുടെ നിരന്തര സമ്മര്‍ദങ്ങള്‍ക്കും ഇടപെടലുകള്‍ക്കുമൊടുവില്‍ ‘വന്ദേ ഭാരത്’ എന്ന മിഷനിലൂടെ കേന്ദ്രം പ്രവാസികളെ ഘട്ടം ഘട്ടമായി തിരിച്ചുകൊണ്ടുവരുന്നതിനുള്ള നീക്കങ്ങള്‍ ആരംഭിക്കുകയും ചെയ്തു.
എന്നാല്‍ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ജീവിക്കുന്ന 32 ലക്ഷത്തോളം വരുന്ന പ്രവാസികളില്‍ തിരിച്ചുവരാനാഗ്രഹിക്കുന്നവരെ മുന്‍ഗണനാ പ്രകാരം നാട്ടിലേക്കെത്തിക്കുന്നതിനോ, അവരനുഭിവിക്കുന്ന മറ്റ് പ്രയാസങ്ങള്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള പരിഹാരങ്ങള്‍ കാണുന്നതിനോ നമ്മുടെ സര്‍ക്കാറുകള്‍ക്ക് ഇനിയും സാധിച്ചിട്ടില്ല എന്നാണ് അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന പ്രവാസികളുടെ സാഹചര്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത്.
ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിച്ചുവരികയാണ്. മടങ്ങിവരാനാഗ്രഹിക്കുന്ന പ്രവാസികളെ നാട്ടിലേക്കെത്തിക്കാനുള്ള സംവിധാനങ്ങള്‍ ഭാഗികമായി നടന്നുവരുന്നുണ്ടെങ്കിലും ഇതില്‍ സ്വീകരിക്കേണ്ട മുന്‍ഗണകള്‍ പാലിക്കപ്പെടുന്നില്ല എന്നാണ് ആരോപണങ്ങള്‍ ഉയരുന്നത്.
ജോലിക്കായി ഗള്‍ഫ് രാജ്യങ്ങളിലേക്കെത്തിയവരില്‍ നിരവധി മലയാളികളാണ് കൊവിഡ് ബാധിച്ച് മരിക്കുന്നത്. കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ കണക്കുകളെക്കാള്‍ അധികമാണ് ഇവിടങ്ങളിലെ കണക്കുകള്‍.
ലേബര്‍ ക്യാംപുകളിലെ തൊഴിലാളികള്‍
ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിക്ക് വരുന്ന തൊഴിലാളികള്‍ പലരും ലേബര്‍ ക്യാംപുകളില്‍ നേരിടുന്നത് വളരെ ശോചനീയമായ സാഹചര്യമാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. മിക്കയിടങ്ങളിലും കൊവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്നതായുള്ള റിപ്പോര്‍ട്ടുകളുമുണ്ട്.
ഇതുവരെയും നാട്ടിലേക്കെത്താന്‍ സാധിക്കാത്ത ഒരു ഗള്‍ഫ് പ്രവാസിയുടെ മകള്‍ പറയുന്നത് തന്റെ അച്ഛന്‍ താമസിച്ചിരുന്നിടത്ത് കൊവിഡ് സ്ഥിരീകരിച്ചവരെയും നെഗറ്റീവായവരെയും കൊവിഡ് പരിശോധനാ ഫലം പുറത്തുവരുന്നതുവരെ ഒരുമിച്ചായിരുന്നു താമസിപ്പിച്ചിരിക്കുന്നതെന്നാണ്.
‘ഒരു മാസത്തോളമായി അവിടെ ജോലി നിര്‍ത്തിവെച്ചിരിക്കുകയാണെന്നാണ് അറിയുന്നത്.വിവിധ ബ്ലോക്കുകളിലായി ഏകദേശം 3000ത്തോളം പേര്‍ താമസിച്ചിരുന്ന ഒരു ക്യാംപായിരുന്നു അത്. അവിടെയുള്ള എല്ലാവര്‍ക്കും കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നു. എന്നാല്‍ രണ്ടാഴ്ചയ്ക്ക് ശേഷം ഫലം പുറത്തുവരുന്നത് വരെയും ആളുകളെ ഒരുമിച്ചായിരുന്നു താമസിപ്പിച്ചിരുന്നത്,’ പ്രവാസിയുടെ മകള്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
ഈ കമ്പനിയുടെ കീഴില്‍ താമസിച്ചിരുന്ന ജീവനക്കാരില്‍ 70 ശതമാനത്തോളം പേര്‍ക്കും കൊവിഡ് സ്ഥിരീകരിക്കുകയുണ്ടായി. പരിശോധനാഫലം പുറത്തു വരുന്നവരെ ഇത്രയുമാളുകള്‍ ഒരുമിച്ചാണ് താമസിച്ചതെന്നത് ആശങ്കയുളവാക്കുന്നതാണെന്നത് ആശങ്കയുളവാക്കുന്നതാണെന്ന് പെണ്‍കുട്ടി പറയുന്നു.
നിലവില്‍ അവര്‍ക്ക് ഭക്ഷണം എത്തിക്കുന്നുണ്ട്. ആദ്യമൊക്കെ അടിസ്ഥാന വേതനത്തിന്റെ 30 ശതമാനം നല്‍കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ സാലറിയോ ജോലിയോ ഒന്നും തന്നെ ഇല്ലാത്ത സാഹചര്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇതിന് സമാനമായ സാഹചര്യമാണ് മിക്കയിടങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലെ പല ലേബര്‍ ക്യാംപുകളിലും നടക്കുന്നത്. ഷാര്‍ജയിലെ മദാം ലേബര്‍ ക്യാംപില്‍ ഭക്ഷണമില്ലാതെ നിരവധി പേരാണ് കഴിയുന്നതെന്നാണ് ദെയ്ദ് പ്രവാസി ഇന്ത്യ എന്ന സന്നദ്ധ സംഘടനാ പ്രവര്‍ത്തകന്‍ ഡൂള്‍ന്യൂസിനോട് വ്യക്തമാക്കിയത്.
‘ദുബായിലെ ഷാര്‍ജയിലുള്ള മദാം ലേബര്‍ ക്യാംപില്‍ ഭക്ഷണമില്ലാതെ 15ഓളം പേരാണ് കഴിയുന്നത്. ഇവര്‍ക്ക് രണ്ടു മാസത്തോളമായി ഭക്ഷണമെത്തിച്ചു കൊടുത്തിരുന്നത് ദെയ്ദ് പ്രവാസി ഇന്ത്യയാണ്. എന്നാല്‍ ഞങ്ങള്‍ക്ക് നിലവില്‍ സാമ്പത്തിക ബുദ്ധിമുട്ടുണ്ട്. ആദ്യം രണ്ടു മുറികളിലായാണ് ഈ 15 പേരും കഴിഞ്ഞിരുന്നത്. എന്നാല്‍ വാടക കൊടുക്കാന്‍ സാധിക്കാത്തതു മൂലം ഉടമസ്ഥന്‍ മുറി പൂട്ടിയിട്ടു. ഇതേ തുടര്‍ന്ന് 15 പേരും കൂടി ഒരു മുറിയിലാണിപ്പോള്‍ താമസിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.
എംബസികളും കമ്പനികളും
ഗള്‍ഫ് നാടുകളിലേക്ക് ജോലിക്കായി എത്തുന്നവര്‍ക്ക് എംബസിയുമായി ഉണ്ടാവുന്നതിനേക്കാള്‍ നേരിട്ട് ബന്ധമുണ്ടാവുക അവര്‍ ജോലി ചെയ്യുന്ന കമ്പനിയുമായാണ്. ജോലിക്കെത്തുമ്പോള്‍ തന്നെ കമ്പനിയുമായി അവര്‍ക്ക് കരാറുണ്ടാകും. ജീവനക്കാരുടെ ഉത്തരവാദിത്വം അവരെ എത്തിക്കുന്ന സ്‌പോണ്‍സര്‍മാര്‍ക്കും കമ്പനിയുമായിരിക്കും.
ഈ കരാര്‍ പ്രകാരം കമ്പനി ഉറപ്പുനല്‍കുന്ന വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കമ്പനി ബാധ്യസ്ഥരാണ്. കമ്പനികളുമായി നേരിട്ട് പ്രശ്‌നം നേരിടുന്ന സമയത്താണ് അധികവും സര്‍ക്കാരുമായോ എംബസികളുമായോ ബന്ധപ്പെടുന്ന സ്ഥിതിയുണ്ടാവുകയെന്ന് സന്നദ്ധ സംഘടനാ പ്രവര്‍ത്തകന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
സന്നദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ അധികവും ലേബര്‍ ക്യാംപുകളില്‍ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കായി ഭക്ഷണമെത്തിക്കുകയും അവരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും പല ലേബര്‍ ക്യാംപുകളിലും സ്ഥിതി അത്യധികം മോശമാണെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘എല്ലായിടത്തും രോഗമുള്ളവരെയും ഇല്ലാത്തവരെയും ഒരു പോലെയാണ് പരിഗണിക്കുന്നതെന്ന് പറയാന്‍ സാധിക്കില്ല. എന്നാല്‍ പല ക്യാംപുകളിലും സ്ഥിതി വളരെയധികം മോശമാണ്. ആളുകളില്‍ പലര്‍ക്കും വേണ്ടത്ര സൗകര്യങ്ങളില്ല. ക്വാറന്റീന്‍ സൗകര്യങ്ങളില്ല. പലരും ഒരുമിച്ചാണ് താമസിപ്പിക്കുന്നത്,’ സന്നദ്ധ പ്രവര്‍ത്തകന്‍ പറയുന്നു.
നാട്ടിലേക്കെത്താന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ നോര്‍ക്കയില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നത് തന്നെ പലപ്പോഴും ഏറെ വൈകിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രവാസികളെ നാട്ടിലേക്കെത്തിക്കാന്‍ കമ്പനികള്‍ നേരിട്ട് ഇടപെടാമെന്ന് വാഗ്ദാനം നല്‍കുന്നതാണ് ഇതിന് കാരണമെന്ന് പ്രവാസിയുടെ മകള്‍ ആരോപിക്കുന്നു.
‘കൊവിഡ് വ്യാപനം നടന്നു തുടങ്ങിയ സമയങ്ങളില്‍ ജീവനക്കാര്‍ക്ക് വേണമെങ്കില്‍ നാട്ടിലേത്താനുള്ള സൗകര്യമൊരുക്കാമെന്നും മറ്റും കമ്പനി പറഞ്ഞിരുന്നു. ആദ്യം ചാര്‍ട്ടേഡ് ഫ്‌ളൈറ്റ് ഏര്‍പ്പാടാക്കി തരാമെന്ന് ജീവനക്കാരോട് പറയുകയും പിന്നീട് ഇവര്‍ ഒറ്റയ്ക്ക് തന്നെ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത് പോകേണ്ടി വരുമെന്ന് അറിയിക്കുകയുമായിരുന്നു. അപ്പോഴേക്കും സമയം ഒരുപാട് വൈകി,’ പെണ്‍കുട്ടി പറയുന്നു.
തൊഴിലാളികള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുള്ളവരുണ്ടെങ്കില്‍ അവരെ ചാര്‍ട്ടേഡ് ഫ്‌ളൈറ്റ് ഏര്‍പ്പാടാക്കി നാട്ടിലേക്കെത്തിക്കുമെന്നായിരുന്നു ആദ്യം കമ്പനികള്‍ പറഞ്ഞിരുന്നത്. ഇത് കാരണം പല ജീവനക്കാരും നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തില്ല. എ്ന്നാല്‍ നാട്ടിലേക്കെത്താനുള്ള നടപടിക്രമങ്ങള്‍ കമ്പനികള്‍ക്ക് ഏറ്റെടുത്ത് നടത്താന്‍ സാധിക്കില്ലെന്ന് മനസിലാക്കിയതിനെ തുടര്‍ന്ന് ജീവനക്കാരോട് നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത് സ്വന്തം നിലയ്ക്ക് നാട്ടിലേക്ക് പോകാന്‍ ആവശ്യപ്പെടുകയായിരുന്നു.
ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് ബാധിതരായ പ്രവാസികളുടെ ചികിത്സ
പ്രവാസികളുടെ കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ടതാണ് ഉയരുന്ന മറ്റൊരു ആശങ്ക. സര്‍ക്കാര്‍ പ്രോട്ടോകോള്‍ ഉണ്ടെന്ന് പറയുമ്പോഴും ഈ നിര്‍ദേശങ്ങളൊന്നും കൃത്യമായി പാലിക്കപ്പെടുന്നില്ലെ എന്നതാണ് പ്രവാസികള്‍ക്കിടയിലെ കൊവിഡ് ബാധ ഉയരുന്നതിന് പ്രധാന കാരണമെന്ന് മസ്‌കറ്റിലെ സന്നദ്ധ പ്രവര്‍ത്തകന്‍ ഡൂള്‍ന്യൂസിനോട് വ്യക്തമാക്കി.
മസ്‌കറ്റില്‍ ജോലി സ്ഥലത്ത് ഷിഫ്റ്റുകളിലായി 50 ശതമാനം ജോലിക്കാരെ വെച്ചു മാത്രമേ ജോലി ചെയ്യിക്കാവൂ എന്ന് നിര്‍ദേശമുണ്ട്. ഇവിടെ ലോക്ക്ഡൗണ്‍ പിന്‍വലിച്ചത് ഈയടുത്താണ്. എന്നാല്‍ പലയിടങ്ങളിലും ലോക്ക് ഡൗണ്‍ തുടരുന്നുമുണ്ട്. സൂപ്പര്‍മാര്‍ക്കറ്റുകളും ഓഫീസുകളും മാത്രമാണ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. പൊതുയിടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നും സന്നദ്ധ പ്രവര്‍ത്തകന്‍ പറയുന്നു.
എന്നാല്‍ രോഗികളെ കിടത്തി ചികിത്സിക്കുന്ന ഒരു സാഹചര്യമല്ല മസ്‌കറ്റില്‍ കാണാന്‍ കഴിയുന്നതെന്നാണ് ഇദ്ദേഹം വ്യക്തമാക്കുന്നത്.
‘രോഗം സ്ഥിരീകരിക്കുന്നവര്‍ക്ക് എന്തു ലക്ഷണമാണോ ഉള്ളത് അതിന്റെ മരുന്ന് നല്‍കും. ചുമയാണെങ്കില്‍ ചുമയ്ക്കുള്ളത്, പനിയാണെങ്കില്‍ പനിക്കുള്ളത്. എന്നിട്ട് ഇവരെ വീടുകളിലേക്കയക്കും.അവിടെ ക്വാറന്റീനിലിരിക്കാന്‍ നിര്‍ദേശിക്കും. ഇതാണ് നടക്കുന്നത്,’ സന്നദ്ധ പ്രവര്‍ത്തകന്‍ പറയുന്നു.
ഒമാനിലെ മസ്‌കറ്റില്‍ മാത്രമല്ല, ദുബായിലും മറ്റു പല ഗള്‍ഫ് മേഖലകളിലും ഇതേ സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ടെസ്റ്റ് നെഗറ്റീവായവര്‍ക്ക് പ്രത്യേകിച്ച് ക്വാറന്റീന്‍ നിര്‍ദേശങ്ങളൊന്നും തന്നെ നല്‍കാറില്ലെന്നും വീണ്ടും ടെസ്റ്റുകള്‍ നടത്താറില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. പരിശോധന നടത്തുന്നതുവരെ കൊവിഡ് ബാധിതരും ഫലം നെഗറ്റീവായവരും ഒരുമിച്ചാണ് കഴിയുന്നതെന്ന സാഹചര്യവുമുണ്ട്. ഒരിക്കല്‍ ടെസ്റ്റ് നടത്തി നെഗറ്റീവാകുന്നവരെ ക്വാറന്റീനിലിരിക്കാന്‍ നിര്‍ദേശിക്കുന്നില്ല. മാത്രമല്ല പിന്നീട് ടെസ്റ്റ് നടത്തുന്നുമില്ല. പക്ഷെ ഇ്ത കൊണ്ടു ചെന്നെത്തിക്കുന്നത് വലിയ ആഘാതത്തിലേക്കായിരിക്കുമെന്ന് ഗള്‍ഫില്‍ കുടുങ്ങി കിടക്കുന്ന പ്രവാസിയുടെ മകള്‍ വ്യക്തമാക്കുന്നു.
‘ബാപ്പായ്ക്ക് കൊവിഡ് നെഗറ്റീവായിരുന്നു. ഫലം പുറത്തുവന്നതിന് ശേഷം മാത്രമാണ് ഇവരെ മാറ്റി പാര്‍പ്പിച്ചത്. അതുവരെ ഈ ആളുകളെല്ലാം ഒരുമിച്ചായിരുന്നു കഴിഞ്ഞിരുന്നത്. അതിന് ശേഷവും ഇവരെ നിരീക്ഷണത്തില്‍ വെക്കുകയോ മറ്റോ ഉണ്ടായിട്ടില്ല. ഇത്രയും പേര്‍ ഒരുമിച്ച് താമസിച്ചിരുന്ന സാഹചര്യത്തില്‍ ഒരു തവണ നെഗറ്റീവ് ആയവര്‍ക്ക് ഇനിയും കൊവിഡ് സ്ഥിരീകരിക്കാനുള്ള സാഹചര്യവുമില്ലേ,’ പ്രാവസിയുടെ മകള്‍ ചോദിക്കുന്നു.
കൃത്യമായ ചികിത്സയില്ലാതെ, സൗകര്യങ്ങളില്ലാതെ,ഭക്ഷണം പോലും കിട്ടാതെ നിരവധി പേരാണ് ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്നത്. ഇന്ത്യന്‍ എംബസിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും നേതൃത്വത്തില്‍ തൊഴിലാളികളെ നാട്ടിലേക്കെത്തിക്കാനുള്ള പരിശ്രമങ്ങള്‍ നടത്തുമ്പോള്‍ ആര്‍ക്കാണ് മുന്‍ഗണന ലഭിക്കുന്നതെന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്ന് പ്രവാസി സന്നദ്ധ പ്രവര്‍ത്തകന്‍ പറയുന്നു.
വിസാ കാലാവധി തീര്‍ന്നവരും അസുഖ ബാധിതരായവരും തുടങ്ങി ഉടനടി നാട്ടിലേക്കേത്തണ്ടവരെ തഴഞ്ഞു കൊണ്ട് വിവിധ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി അനര്‍ഹരെ നാട്ടിലേക്കെത്തിക്കുകയാണെന്നും ഇദ്ദേഹം ആരോപിക്കുന്നു. കൃത്യമായി ധാരണയോടു കൂടി ഈ വിഷയത്തില്‍ ഇടപെടാന്‍ അധികൃതര്‍ തയ്യാറായാല്‍ നിരവധി പ്രവാസികളെ കൊവിഡ് പടരുന്നതില്‍ നിന്നും രക്ഷിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറയുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക