സെക്കന്‍ഡ് പാര്‍ട്ടില്‍ കമല്‍ ഹാസനാണ് മെയിന്‍, സ്‌ക്രിപ്റ്റ് ഈ വര്‍ഷം കംപ്ലീറ്റാകും: കല്‍ക്കി സ്റ്റോറിബോര്‍ഡ് റൈറ്റര്‍ വേണുഗോപാല്‍
Entertainment
സെക്കന്‍ഡ് പാര്‍ട്ടില്‍ കമല്‍ ഹാസനാണ് മെയിന്‍, സ്‌ക്രിപ്റ്റ് ഈ വര്‍ഷം കംപ്ലീറ്റാകും: കല്‍ക്കി സ്റ്റോറിബോര്‍ഡ് റൈറ്റര്‍ വേണുഗോപാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 11th August 2024, 12:59 pm

ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായി മാറിയിരിക്കുകയാണ് നാഗ് അശ്വിന്‍ സംവിധാനം ചെയ്ത കല്‍ക്കി 2898 എ.ഡി. സലാറിന് ശേഷം പ്രഭാസ് നായകനായ ചിത്രത്തില്‍ ബോളിവുഡ് ഷെഹന്‍ഷാ അമിതാഭ് ബച്ചനും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. റിലീസ് ചെയ്ത് രണ്ട് മാസത്തോടടുക്കുമ്പോള്‍ 1200 കോടിയോളം ചിത്രം കളക്ട് ചെയ്തുകഴിഞ്ഞു. പ്രഭാസിന്റെ കരിയറിലെ രണ്ടാമത്തെ 1000 കോടി ചിത്രമാണ് കല്‍ക്കി 2898 എ.ഡി.

ഉലകനായകന്‍ കമല്‍ ഹാസനാണ് ചിത്രത്തിലെ വില്ലനായ സുപ്രീം യാസ്‌കിനെ അവതരിപ്പിച്ചത്. വെറും 15 മിനിറ്റ് മാത്രമാണ് ചിത്രത്തില്‍ കമല്‍ ഹാസന്‍ വന്നുപോകുന്നത്. രണ്ടാം ഭാഗത്തിനുള്ള സൂചന നല്‍കി കല്‍ക്കി അവസാനിക്കുമ്പോള്‍ കമല്‍ ഹാസന്റെ കഥാപാത്രം എല്ലാവരെയും അമ്പരപ്പിച്ചിരുന്നു. കരിയറില്‍ നാലാം തവണയാണ് കമല്‍ വില്ലനായി എത്തുന്നത്.

കല്‍ക്കിയുടെ അടുത്ത ഭാഗത്തില്‍ കമല്‍ ഹാസനാണ് മെയിന്‍ കഥാപാത്രമെന്ന് പറയുകയാണ് ചിത്രത്തിന്റെ സ്റ്റോറിബോര്‍ഡ് റൈറ്റര്‍ വേണുഗോപാല്‍. ആദ്യ ഭാഗത്തില്‍ കമല്‍ ഹാസന്റെ ചുറ്റും കാണിച്ചിരിക്കുന്ന ഗോളങ്ങളുടെ അര്‍ത്ഥമെല്ലാം രണ്ടാം ഭാഗത്തില്‍ വിശദീകരിക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ സ്‌ക്രിപ്റ്റ് വര്‍ക്ക് അവസാനിക്കുമെന്നും 2026ല്‍ കല്‍ക്കി 2 തിയേറ്ററിലെത്തുമെന്നും വേണുഗോപാല്‍ പറഞ്ഞു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘ഈ സിനിമയില്‍ ഏറ്റവുമൊടുവിലാണ് കമല്‍ സാര്‍ ജോയിന്‍ ചെയ്തത്. മോഹന്‍ലാല്‍ അടക്കം പല ആര്‍ട്ടിസ്റ്റുകളെയും സുപ്രീം യാസ്‌കിന്‍ എന്ന കഥാപാത്രത്തിലേക്ക് നോക്കി. ഏറ്റവും ലാസ്റ്റ് കമല്‍ സാര്‍ ഓക്കെ പറഞ്ഞു. ഫസ്റ്റ് പാര്‍ട്ടില്‍ പുള്ളിക്ക് വെറും രണ്ട് സീന്‍ മാത്രമേ ഉള്ളൂ. സെക്കന്‍ഡ് പാര്‍ട്ടില്‍ കമല്‍ സാറിന്റെ ക്യാരക്ടറാണ് മെയിന്‍. സുപ്രീം യാസ്‌കിനെ ഫോക്കസ് ചെയ്തിട്ടാണ് സെക്കന്‍ഡ് പാര്‍ട്ട് മുന്നോട്ടുപോകുന്നത്.

കമല്‍ ഹാസന്റെ ചുറ്റും കാണിച്ചിരിക്കുന്ന ഗോളങ്ങളുടെ അര്‍ത്ഥമെല്ലാം രണ്ടാം ഭാഗത്തില്‍ വിശദീകരിക്കും. അതിന്റെ സ്‌ക്രിപ്റ്റ് വര്‍ക്ക് പകുതിയായി. നാഗ് അശ്വിന്‍ അത് കംപ്ലീറ്റ് ചെയ്യുന്നതിന്റെ തിരക്കിലാണ്. ഈ വര്‍ഷം അവസാനത്തോടെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. അടുത്ത വര്‍ഷം ഷൂട്ട് തുടങ്ങും. സെക്കന്‍ഡ് പാര്‍ട്ടിന്റെ 20 ശതമാനം ഫസ്റ്റ് പാര്‍ട്ടിന്റെ കൂടെ ഷൂട്ട് ചെയ്തിട്ടുണ്ട്. 2026ല്‍ കല്‍ക്കി 2 തിയേറ്ററിലെത്തിക്കാനാണ് പ്ലാന്‍,’ വേണുഗോപാല്‍ പറഞ്ഞു.

Content Highlight: Storyboard writer Venugopal about Kamal Haasan’s character in Kalki 2898 AD