| Monday, 5th August 2024, 10:31 pm

പ്രഭാസിന്റെ രഥം ഓടിക്കാന്‍ നാഗ് അശ്വിന്‍ എന്നെ പിടിച്ചിരുത്തുകയായിരുന്നു: സ്‌റ്റോറിബോര്‍ഡ് റൈറ്റര്‍ വേണുഗോപാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായി മാറിയ ചിത്രമാണ് പ്രഭാസ് നായകനായ കല്‍ക്കി 2898 എ.ഡി. മഹാനടിക്ക് ശേഷം നാഗ് അശ്വിന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരന്നത്. ബോളിവുഡ് ഷെഹന്‍ഷാ അമിതാഭ് ബച്ചനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. മഹാഭാരതയുദ്ധത്തിന്റെ അവസാനം ആരംഭിച്ച് എ.ഡി 2898ല്‍ അവസാനിക്കുന്ന കഥയാണ് ചിത്രത്തിന്റേത്.

ചിത്രത്തില്‍ എല്ലാവരെയും കോരിത്തരിപ്പിച്ച സീനുകളിലൊന്നായിരുന്നു ക്ലൈമാക്‌സിലെ മഹാഭാരത സീക്വന്‍സുകള്‍. പ്രഭാസ് അവതരിപ്പിച്ച ഭൈരവ എന്ന കഥാപാത്രം മഹാഭാരതത്തിലെ കര്‍ണനാണെന്ന് റിവീല്‍ ചെയ്യുന്ന സീനിന് തിയേറ്ററുകള്‍ ഇളകിമറിയുകയായിരുന്നു. രണ്ടാം ഭാഗത്തില്‍ കര്‍ണന്റെ കൂടുതല്‍ സീനുകള്‍ കാണാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

ക്ലൈമാക്‌സ് സീനില്‍ കര്‍ണന്റെ രഥം ഓടിക്കുന്ന ശല്യര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് താനായിരുന്നുവെന്ന് പറയുകയാണ് ചിത്രത്തിന്റെ സ്റ്റോറിബോര്‍ഡ് റൈറ്ററായ വേണുഗോപാല്‍. മുടിയൊക്കെ നീട്ടിവളര്‍ത്തിയ ഗെറ്റപ്പിലായിരുന്നത് ആ സമയത്ത് സംവിധായകന്‍ തന്നെപ്പിടിച്ച് രഥം ഓടിക്കാന്‍ ഇരുത്തിയെന്ന് വേണുഗോപാല്‍ പറഞ്ഞു. ആക്ഷന്‍ സീനുകള്‍ക്ക് വേണ്ടി സ്റ്റാര്‍ വാര്‍സിന്റെ റഫറന്‍സാണ് തനിക്ക് തന്നതെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. സില്ലി മോങ്ക്‌സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു വേണുഗോപാല്‍.

‘മഹാഭാരത സീക്വന്‍സുകളെല്ലാം എങ്ങനെ വേണമെന്ന് അശ്വിന്‍ ആദ്യമേ മനസില്‍ പ്ലാന്‍ ചെയ്തിട്ടുണ്ടായിരുന്നു. അതിനനുസരിച്ചാണ് ആ സീനുകള്‍ ഡിസൈന്‍ ചെയ്തത്. ക്ലൈമാക്‌സില്‍ പ്രഭാസാണ് കര്‍ണനെന്ന് തിരിച്ചറിയുന്ന സീനില്‍ ആ രഥം ഓടിച്ചത് ഞാനാണ്. മുടിയൊക്കെ നീട്ടിവളര്‍ത്തിയ ഗെറ്റപ്പിലായതുകൊണ്ട് അശ്വിന്‍ എന്നെപ്പിടിച്ച് രഥം ഓടിക്കാന്‍ ഇരുത്തി. ആ സീന്‍ ശ്രദ്ധിച്ചാല്‍ ഇനി മനസിലാകും.

അതുപോലെ ആ സിനിമയിലെ ആക്ഷന്‍ സീനുകളെല്ലാം ആദ്യമേ ഡിസൈന്‍ ചെയ്ത് വെച്ചിട്ടുണ്ടായിരുന്നു. എങ്ങനെ ചെയ്യണം എന്ന് ഒരു ഐഡിയ കിട്ടാന്‍ സ്റ്റാര്‍ വാര്‍സ് സിനിമകളാണ് അശ്വിന്‍ സജസ്റ്റ് ചെയ്തത്. അത് കണ്ടിട്ടാണ് ഞങ്ങള്‍ ആ സീനുകള്‍ ഡിസൈന്‍ ചെയ്തത്. പക്ഷേ അതുമായി സിമിലാരിറ്റി ഉണ്ടാകാതിരിക്കാന്‍ ഞങ്ങള്‍ ശ്രദ്ധിക്കുകയും ചെയ്തു,’ വേണുഗോപാല്‍ പറഞ്ഞു.

Content Highlight: Storyboard writer Venugopal about climax sequence of Kalki 2898 AD

We use cookies to give you the best possible experience. Learn more