| Monday, 5th August 2024, 1:36 pm

യാസ്‌കിന് ചുറ്റുമുള്ള ആ ഗോളങ്ങള്‍ക്ക് ചില അര്‍ത്ഥങ്ങളുണ്ട്; കല്‍ക്കിയുടെ സെക്കന്റ് പാര്‍ട്ടില്‍ പ്രതീക്ഷിക്കാം: വേണുഗോപാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നാഗ് അശ്വിന്‍ സംവിധാനം ചെയ്ത് പ്രഭാസ് നായകനായ ചിത്രമാണ് കല്‍ക്കി 2898 എ.ഡി. ഈ വര്‍ഷം പുറത്തിറങ്ങിയവയില്‍ മികച്ച ഒരു ചിത്രമായിരുന്നു ഇത്. പ്രഭാസിന് പുറമെ അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപിക പദുക്കോണ്‍, ദിഷ പഠാനി, വിജയ് ദേവരകൊണ്ട, ബ്രഹ്‌മാനന്ദം എന്നിവരും മലയാളികളായ ശോഭന, അന്ന ബെന്‍, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവരും സിനിമയില്‍ ഒന്നിച്ചിരുന്നു.

ഇവര്‍ക്ക് പുറമെ കല്‍ക്കിയില്‍ മലയാളികളായ നിരവധി ആളുകള്‍ അതിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സിനിമയില്‍ സ്റ്റോറി ബോര്‍ഡ് ആര്‍ട്ടിസ്റ്റുമാരില്‍ ഒരാളായി പ്രവര്‍ത്തിച്ചത് മലയാളിയായ വേണുഗോപാല്‍ ആയിരുന്നു. കല്‍ക്കിയിലെ കമല്‍ ഹാസന്റെ സുപ്രിം യാസ്‌കിന്‍ എന്ന കഥാപാത്രത്തെ കുറിച്ച് പറയുകയാണ് അദ്ദേഹം. സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വേണുഗോപാല്‍.

‘കമല്‍ സാറാണ് മെയിന്‍ വില്ലനെന്ന് ഞങ്ങള്‍ ആരും തന്നെ അറിയുണ്ടായിരുന്നില്ല. ഇതിനിടയില്‍ അദ്ദേഹത്തിന്റെ വര്‍ക്ക് ചെയ്യാന്‍ ഉണ്ടായിരുന്നു. ആ സമയത്ത് കല്‍ക്കിയുടെ ക്രൂവില്‍ ഞാന്‍ ആണ് ആദ്യമായി ഈ കാര്യം അറിയുന്നത്. എല്ലാം അത്രയും സീക്രട്ടായിട്ടാണ് വെച്ചിരുന്നത്. വര്‍ക്ക് ചെയ്യുമ്പോള്‍ പലരും കാര്യം അറിഞ്ഞിട്ട് എന്റെ അടുത്തേക്ക് വരുമായിരുന്നു. ആ സമയത്ത് ഞാന്‍ ഹേയ് മിണ്ടരുതെന്ന് പറയും.

കല്‍ക്കിയില്‍ കമല്‍ സാറിന് ചുറ്റുമുള്ള ആ ഗോളങ്ങള്‍ക്ക് വളരെ കൃത്യമായ ഒരുപാട് അര്‍ത്ഥങ്ങളുണ്ട്. അതൊക്കെ സെക്കന്റ് പാര്‍ട്ടില്‍ ഉണ്ടാകും. സെക്കന്റ് പാര്‍ട്ടിന്റെ മെയിന്‍ കമല്‍ ഹാസനാണെന്ന് എനിക്ക് തോന്നുന്നു. മൊത്തം സിനിമയുടെ ഐഡിയ എനിക്ക് ഉണ്ടായിരുന്നു. അതിന്റെ പകുതി മാത്രമാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ള ആദ്യ ഭാഗത്തില്‍ ഉണ്ടായിരുന്നത്,’ വേണുഗോപാല്‍ പറഞ്ഞു.


Content Highlight: Storyboard Artist Venugopal Talks About Kamal Haasan’s Character In Kalki 2898 AD

We use cookies to give you the best possible experience. Learn more