ഷിംല: ഹിമാചല്‍ പ്രദേശിന്റെ 15ാമത് മുഖ്യമന്ത്രിയായി കോണ്‍ഗ്രസിന്റെ സുഖ്‌വിന്ദര്‍ സിങ് സുഖു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരിക്കുകയാണ്. ശനിയാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷി അംഗങ്ങളുടെ യോഗത്തിലാണ് 58 കാരനായ സുഖ്‌വിന്ദറിന്റെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയിലും ഹിമാചലിലെ വിജയം കോണ്‍ഗ്രസിന് വലിയ ആശ്വാസമായിരുന്നു. 68 അംഗ ഹിമാചല്‍ നിയമസഭയില്‍ 40 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് ഭരണംപിടിച്ചിരുന്നത്.
അതുകൊണ്ടുതന്നെ സുഖ്‌വിന്ദര്‍ സിങ് സുഖുവിന്റെ സ്ഥാനാരോഹണം ദേശീയ തലത്തില്‍ തന്നെ വലിയ രീതിയിലാണ് കോണ്‍ഗ്രസ് ആഘോഷിക്കുന്നത്.
‘ആരുടെയെങ്കിലും മകനോ മകളോ അല്ലാത്തതിനാല്‍ പദവികള്‍ ഒന്നും അയാള്‍ക്ക് ലഭിക്കില്ല’ എന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരിഹാസത്തിനുള്ള കോണ്‍ഗ്രസിന്റെ മറുപടിയാണ് സുഖ്‌വിന്ദര്‍ സിങ് സുഖുവിനെ മുഖ്യമന്ത്രിയാക്കുന്നതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.
ആരാണ് സുഖ്‌വിന്ദര്‍ സിങ് സുഖു?
നാഷണല്‍ സ്റ്റുഡന്റ് യൂണിയന്‍ ഓഫ് ഇന്ത്യ(ചടഡക)യിലൂടെയാണ് സുഖ്‌വിന്ദര്‍ സിങ് സുഖു രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. നാല് തവണ എം.എല്‍.എ ആയിട്ടുള്ള സുഖു രണ്ട് തവണ ഷിംല മുന്‍സിപ്പല്‍ കോര്‍പറേഷന്റെ മേയറായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഹിമാചല്‍ ജനസംഖ്യയുടെ 33 ശതമാനത്തോളം വരുന്ന രജ്പുത് വിഭാഗത്തില്‍നിന്നുള്ള നേതാവാണ് അദ്ദേഹം. ഹമിര്‍പുര്‍ ജില്ലയിലെ നദൗന്‍ മണ്ഡലത്തില്‍ നിന്നാണ് നാല് തവണയും സുഖ്‌വിന്ദര്‍ സിങ് സുഖു വിജയിച്ചുകയറിയത്.
2003ലാണ് നദൗവ് മണ്ഡലത്തില്‍ നിന്ന് അദ്ദേഹം നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യം വിജയിക്കുന്നത്. തുടര്‍ന്ന് 2007ല്‍ ഈ സീറ്റ് നിലനിര്‍ത്തി. എന്നാല്‍ 2012ല്‍ സുഖുവിന് തോല്‍വിയേറ്റുവാങ്ങേണ്ടിവന്നു.
അതിന് ശേഷം 2017ല്‍ സീറ്റ് തിരിച്ചുപിടിക്കുകയും 2022ല്‍ വീണ്ടും വിജയിക്കുകയും ചെയ്തു. 3,363 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഈ തെരഞ്ഞെടുപ്പില്‍ സുഖുവിന്റെ വിജയം.
രാഹുല്‍ ഗാന്ധിയുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്നയാളാണദ്ദേഹം. ഞായറാഴ്ച നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാനായി ഭാരത് ജോഡോ യാത്രക്ക് അവധി നല്‍കിയാണ് രാഹുല്‍ ഹിമാചലിലെത്തിയത്.
ഹിമാചലില്‍ തെരഞ്ഞെടുപ്പില്‍ പ്രചാരണ സമിതി തലവനും സുഖുവായിരുന്നു. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോഴേ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആദ്യമേ ഉയര്‍ന്ന പേര് സുഖുവിന്റേതായിരുന്നു. 40 വര്‍ഷമായി ഹിമാചല്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം നേതൃത്വത്തിനും സംസ്ഥാനത്തിലെ സാധാരണ ജനങ്ങള്‍ക്കും സ്വീകാര്യനാണ്.
1964ലാണ് ജനനം. 2013 മുതല്‍ 2019 വരെ ആറ് വര്‍ഷക്കാലം ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷനായി സുഖു സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇതിന് മുമ്പ് 10 വര്‍ഷത്തോളം ഹിമാചല്‍ പ്രദേശ് യൂത്ത് കോണ്‍ഗ്രസ് മേധാവിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
1988 മുതല്‍ 1995 വരെ ഏഴ് വര്‍ഷം എന്‍.എസ്.യു.ഐയുടെ പ്രസിഡന്റായിരുന്നു.
കഴിഞ്ഞ വര്‍ഷം അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിര്‍ഭദ്ര സിങ്ങുമായുള്ള സുഖുവിന്റെ അഭിപ്രായഭിന്നത ദേശീയ തലത്തില്‍ തന്നെ വാര്‍ത്തയായതാണ്.
അതേസമയം, ഞായറാഴ്ച ഷിംലയില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ സുഖുവിന് സത്യവാചകം ചൊല്ലികൊടുത്തു. മുകേഷ് അഗ്‌നിഹോത്രി ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. രാഹുല്‍ ഗാന്ധിക്ക് പുറമെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവരും പങ്കെടുത്തു.
Content Highlight: Story, Who is Sukhwinder Singh Sukhu who took office as Himachal Chief Minister?