സൗദിയുടെ അവസാന ഗോള്‍ തുണയായി, പോളണ്ട് പ്രീക്വാര്‍ട്ടറില്‍; റൗണ്ട് ഓഫ് 16ല്‍ അര്‍ജന്റീനയുടെ എതിരാളി ഓസ്‌ട്രേലിയ
football news
സൗദിയുടെ അവസാന ഗോള്‍ തുണയായി, പോളണ്ട് പ്രീക്വാര്‍ട്ടറില്‍; റൗണ്ട് ഓഫ് 16ല്‍ അര്‍ജന്റീനയുടെ എതിരാളി ഓസ്‌ട്രേലിയ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 1st December 2022, 3:04 am

ഗ്രൂപ്പ് സിയില്‍ നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയോട് തോറ്റെങ്കിലും ലെവന്‍ഡോസ്‌കിയുടെ പോളണ്ട് പ്രീക്വാര്‍ട്ടറില്‍. ഒരു വിജയവും ഒരു സമനിലയും ഒരു തോല്‍വിയുമുള്ള പോളണ്ടിന് 4 പോയിന്റാണുള്ളത്.

ഗ്രൂപ്പില്‍ ഇതേ പോയിന്റുള്ള മെക്‌സിക്കോയെ ഗോള്‍ ശരാശരിയുടെ വ്യത്യാസത്തില്‍ പിന്നിലാക്കിയാണ് പോളിഷ് പടയുടെ പ്രീക്വാര്‍ട്ടര്‍ പ്രവേശനം.

സൗദി അറേബ്യയുമായുള്ള അവസാന മത്സരത്തില്‍ 2-0ന് മുന്നില്‍ നിന്ന ശേഷം അവസാനം ഗോള്‍ വഴങ്ങിയതാണ് മെക്‌സിക്കോയ്ക്ക് വിനയായത്.

ആദ്യ മത്സരത്തില്‍ സൗദിയോട് തോറ്റുതുടങ്ങിയ അര്‍ജന്റീന അവസാന രണ്ട് മത്സരങ്ങളും ആധികാരികമായി വിജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചത്.

ആറ് പോയിന്റാണ് അര്‍ജന്റീനക്കുള്ളത്. എന്നാല്‍ ആദ്യ മത്സരത്തില്‍ അര്‍ജന്റീനയെ തോല്‍പ്പിച്ച് ഞെട്ടിച്ച സൗദി പിന്നീടുള്ള രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടു.

ഗ്രൂപ്പ് ഡിയിലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സാകും പ്രീക്വാര്‍ട്ടറില്‍ പോളണ്ടിന്റെ എതിരാളികള്‍. ഈ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ ഓസ്‌ട്രേലിയയോടാകും അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍ ഏറ്റുമുട്ടുക.

അതേസമയം, നിര്‍ണായക മത്സരത്തില്‍ പോളണ്ടിനെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് അര്‍ജന്റീന പരാജയപ്പെടുത്തിയത്.

48ാം മിനിട്ടില്‍ മാക് അലിസ്റ്ററും 67ാം മിനിട്ടില്‍ ജൂലിയന്‍ അല്‍വാരസുമാണ് അര്‍ജന്റീനക്ക് വേണ്ടി ഗോള്‍ നേടിയത്. ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ച ആദ്യ പകുതിക്ക് ശേഷം, രണ്ടാം പകുതിയിലാണ് ഇരു ഗോളുകളും പിറന്നത്. മത്സരത്തില്‍ ഏകദേശം മുഴുവന്‍ സമയവും അര്‍ജന്റൈന്‍ ടീമിന്റെ ആധിപത്യമാണ് ഗ്രൗണ്ടില്‍ കാണാനായത്.