ചരിത്രത്തിലാദ്യമായി സംസ്ഥാന സെക്രട്ടറിയേറ്റില്‍ സ്ത്രീകള്‍ക്ക് പ്രാതിനിധ്യം നല്‍കി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് പുന:സംഘടിപ്പിച്ചു. ലീഗിന്റെ ചരിത്രത്തില്‍ ഇതാദ്യമായി വനിതകളെ സംസ്ഥാന പരമോന്നത ഘടകത്തിലുള്‍പ്പെടുത്തിയതിനെ രാഷ്ട്രീയ കേരളം ശ്രദ്ധയോടെയാണ് നോക്കി കാണുന്നത്. സ്ത്രീകള്‍ക്കൊപ്പം ദളിത് നേതാക്കള്‍ക്കും സംസ്ഥാന സെക്രട്ടേറിയറ്റില്‍ ലീഗ് പ്രാതിനിധ്യം നല്‍കിയിട്ടുണ്ട്.
കോഴിക്കോട് ലീഗ് ഹൗസില്‍ ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തിലാണ് മൂന്ന് സ്ത്രീകളെയും രണ്ട് ദളിത് നേതാക്കളെയും ഉള്‍പ്പെടുത്തി 63 അംഗ ജംബോ കമ്മിറ്റി രൂപീകരിച്ചത്. വനിതാ നേതാക്കളായ ഖമറുന്നീസ അന്‍വര്‍, അഡ്വ. നൂര്‍ബിനാ റഷീദ്, അഡ്വ. കെ. പി മറിയുമ്മ എന്നിവരാണ് പാര്‍ട്ടിയുടെ ചരിത്രത്തിലാദ്യമായി ലീഗിന്റെ പരമോന്നത സമിതിയിലെത്തിയത്.
സ്ത്രീകളെ ലീഗ് പരിഗണിക്കുന്നില്ലെന്ന വിമര്‍ശനം ഉയരുമ്പോഴാണ് സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് ഖമറുന്നിസ അന്‍വര്‍, നൂര്‍ബിന റഷീദ്, കെ.പി മറിയുമ്മ എന്നീ നേതാക്കളെത്തുന്നത്. ലീഗ് ഹൗസില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സിലില്‍ ഐക്യകണ്ഠേനയാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.
20,41,650 പേരാണ് മുസ്ലിം ലീഗില്‍ അംഗങ്ങളായി നിലവിലുളളതെന്ന് സംസ്ഥാന നേതാക്കള്‍ അവകാശപ്പെട്ടു. ഇതില്‍ വനിതകളുടെയും യുവാക്കളുടെയും എണ്ണം കൂടുതലാണെന്നും അതിന്റെ കൂടി പ്രതിഫലനമാണ് എല്ലാ മേഖലയെയും ഉള്‍പ്പെടുത്തിയ ഭാരവാഹി-സെക്രട്ടേറിയറ്റ് തെരഞ്ഞെടുപ്പെന്നും കൗണ്‍സിലിനു ശേഷം ലീഗ് നേതൃത്വം പറഞ്ഞിരുന്നു.
വളരെയധികം സന്തോഷമുള്ളൊരു മുഹൂര്‍ത്തമായിരുന്നു ലീഗിന്റെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നിമിഷമെന്ന് അഡ്വ. നൂര്‍ബിനാ റഷീദ് ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു. മുസ്ലിം ലീഗിന്റെ ചരിത്രത്തില്‍ ഒരു വനിത സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാവുക എന്നു പറയുന്നത് ലീഗിനു പൊതു സമൂഹത്തില്‍ മുഖച്ഛായ ഒന്നുകൂടി വര്‍ധിക്കാന്‍ കാരണമാകുമെന്നും നൂര്‍ബിനാ റഷീദ് പറഞ്ഞു.
“വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ലീഗിലെ വനിതാ പ്രാതിനിധ്യത്തെ കുറിച്ച് ആരോപണം ഉന്നയിക്കുന്ന സാഹചര്യത്തില്‍ അതിനൊരു മറുപടിയായാണ് ഇതിനെ കാണുന്നത്. ലീഗില്‍ തന്നെ നല്ലൊരു മെമ്പര്‍ഷിപ്പ് സ്ത്രീകള്‍ക്കുണ്ട്. എം.എസ്.എഫിലുമുണ്ട്. ഇനി നയരൂപീകരണ ബോഡിയിലും കൂടി അംഗമാകുന്നത് സ്ത്രീകള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വനിതാ ലീഗിന് ശക്തി പകരും” നൂര്‍ബിനാ പറഞ്ഞു.
വനിതകളെ സെക്രട്ടറിയറ്റിലേക്ക് തെരഞ്ഞെടുത്തത് മികച്ചൊരു മുന്നേറ്റമായി കാണാമെന്നും നൂര്‍ബിനാ പറയുന്നു. വനിതകളുടെ പ്രാതിനിധ്യം അന്നുമുതലേ താഴെത്തട്ടിലുണ്ടായിരുന്നു. സന്ദര്‍ഭത്തിനനുസരിച്ച ഒരോരോ കാലഘട്ടത്തില്‍ അതിന്റെതായ മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കും.” നൂര്‍ബിനാ പറയുന്നു.
പുതിയൊരു മാറ്റം തന്നെയാണ് ഇന്നലെ ഉണ്ടായിരിക്കുന്നതെന്നും സ്ത്രീകള്‍ക്ക് കരുത്തുപകരുന്ന രീതിയില്‍ കൂടുതല്‍ ആത്മവിശ്വാസം പകരുന്ന രീതിയിലുള്ള മാറ്റമാണിതെന്നും പറയുന്ന നൂര്‍ബിന പാര്‍ട്ടി നമ്മളോടൊപ്പം ഉണ്ടെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് ഇതിലൂടെയെന്നും കൂട്ടിച്ചേര്‍ത്തു.
സ്ത്രീകളുടെ കടന്നു വരവ് മുസ്ലിം ലീഗില്‍ മാറ്റങ്ങളുണ്ടാക്കാന്‍ സാധിക്കുമെന്നും തെരഞ്ഞെടുപ്പിലൂടെ വനിതാ ലീഗിനെ ശക്തിപ്പെടുത്തുക. നയരൂപീകരണ ബോഡികളുടെ ഭാഗമാവുക. എന്നിവയെല്ലാമാണ് പ്രധാന കടമകളെന്നും നൂര്‍ബിനാ പറയുന്നു. “തീരുമാനമെടുക്കുന്ന ബോഡിയില്‍ സ്ത്രീ പ്രതിനിധ്യം ഉറപ്പാക്കി. സ്ത്രീകളെ സംബന്ധിക്കുന്ന എന്ത് വിഷയം വന്നാലും ഞങ്ങള്‍ക്ക് സംസാരിക്കാമല്ലോ.” അവര്‍ പറഞ്ഞു.
പാര്‍ട്ടി കൗണ്‍സില്‍ യോഗത്തിനു പിന്നാലെ പുതിയ ഭാരവാഹി തെരഞ്ഞെടുപ്പിലെ സന്തോഷം പങ്കുവെച്ച മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ദളിതര്‍ക്കും വനിതകള്‍ക്കും പങ്കാളിത്തമുള്ള “സെക്രട്ടേറിയറ്റ് ” പുതിയ ചരിത്രമാണെന്നാണ് പറഞ്ഞത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട നേതാക്കളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
“മുസ്ലിം ലീഗിന് പുതിയ സംസ്ഥാന കമ്മിറ്റി നിലവില്‍ വന്നു. യുവജനങ്ങള്‍ക്കും പുതുമുഖങ്ങള്‍ക്കും പ്രാമുഖ്യമുള്ള ഭാരവാഹിപ്പട്ടിക പാര്‍ട്ടിക്ക് തീര്‍ച്ചയായും കരുത്ത് പകരും. ദളിതര്‍ക്കും വനിതകള്‍ക്കും പങ്കാളിത്തമുള്ള “സെക്രട്ടറിയേറ്റ് ” പുതിയ ചരിത്രമാണ് കുറിച്ചിരിക്കുന്നത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.” പി.കെ ഫിറോസ് പറയുന്നു.
അതേസമയം ലീഗിന്റെ തീരുമാനത്തെക്കുറിച്ച് അഭിപ്രായമാരാഞ്ഞപ്പോള്‍ ലീഗിന്റേത് അവരുടെ രാഷ്ട്രീയ തീരുമാനം മാത്രമാണെന്നും തങ്ങള്‍ക്ക് അതില്‍ ഒന്നും പറയാനില്ലെന്നുമാണ് സമസ്ത കേരള ഇ.കെ വിഭാഗം നേതാവ് നവാസ് ഫൈസി പറഞ്ഞത്. “നമുക്ക് അതില്‍ പ്രതികരണമൊന്നുമില്ല. അത് പാര്‍ട്ടി തീരുമാനിച്ചതല്ലേ. ഞങ്ങള്‍ ഇടപെടുന്നില്ല. അതൊരു രാഷ്ട്രീയ പാര്‍ട്ടിയല്ലേ”- നവാസ് ഫൈസി ഡൂള്‍ന്യൂസിനോട് പറഞ്ഞു.