| Monday, 14th November 2022, 9:48 pm

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ആരാധകരുടെ മനം കവര്‍ന്ന് 'റാവല്‍ പിണ്ടി എക്‌സ്പ്രസ്'

വി.എച്ച്. നിഷാദ്

ഷാര്‍ജ: നാല്‍പത്തിയൊന്നാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ സമാപനദിവസം ആകാംക്ഷയോടെ കാത്തിരുന്ന യു.എ.ഇ ജനത കണ്ടത് ഹൃദയംകൊണ്ട് സദസിനുനേരെ ബൗള്‍ ചെയ്യുന്ന ഒരു ‘റാവല്‍പിണ്ടി എക്‌സ്പ്രസി’നെയാണ്.

ലോകമാനമുള്ള ക്രിക്കറ്റ് ആരാധകരുടെ പ്രിയ താരവും ഫാസ്റ്റ് ബൗളറുമായിരുന്ന പാക്കിസ്ഥാനി ക്രിക്കറ്റ് ഇതിഹാസം ഷുഹൈബ് അക്തര്‍ ഒരു നിമിഷം തന്റെ ബാല്യകാലത്തിലേക്ക് വേഗത്തില്‍ തിരിച്ചു നടക്കുകയായിരുന്നു. അന്താരാഷ്ട്ര പുസ്തകോല്‍സവ നഗരിയിലെ ബാള്‍ റൂമില്‍ തിങ്ങിനിറഞ്ഞ സദസ്സിനോട് സംവദിച്ചു കൊണ്ടിരിക്കേ, കൗതുകപൂര്‍വ്വം വേദിയിലേക്ക് നടന്നു വന്ന ഒരു കൊച്ചുകുട്ടി, അക്തറിന്റെ മുന്നില്‍ കാല്‍ തെറ്റി വീണപ്പോഴായിരുന്നു അത്. തന്റെ കുട്ടിക്കാലം ഓര്‍മവന്ന അക്തര്‍ ഓടിച്ചെന്ന് കുട്ടിയെ വാരിയെടുക്കുകയായിരുന്നു.

‘പരന്ന കാലുമായാണ് (flat-foot) ഞാന്‍ ജനിച്ചത്. ഇടറുന്ന കാലുമായി വേച്ചു നടന്ന ആ പഴയ കാലം പെട്ടെന്ന് ഞാന്‍ ഓര്‍ത്തുപോയി,’ കുട്ടിയെ ആ നിമിഷത്തില്‍ ഒരു പക്ഷിക്കുഞ്ഞിനെ പോലെ ചേര്‍ത്തുപിടിച്ചുകൊണ്ട് അക്തര്‍ പറഞ്ഞു.

‘എന്നാല്‍ എന്നെ പോലെ അല്ല ഇവന്‍. ആരോഗ്യമുള്ളതാണ് ഇവന്റെ കാലുകള്‍,’ കൊച്ചു ബാലനെ അവന്റെ മാതാപിതാക്കളെ ഏല്‍പിച്ചു കൊണ്ട് അദ്ദേഹം തുടര്‍ന്നു.

അന്താരാഷ്ട്ര പുസ്തകോല്‍സവത്തിന്റെ പന്ത്രണ്ടാം ദിനത്തില്‍ ബാസം-ഇ-ഉര്‍ദു എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മുഖാമുഖ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നാല്‍പത്തിയേഴുകാരനായ ക്രിക്കറ്റ് ഇതിഹാസം.

ലാഭേച്ഛയില്ലാതെ ഉറുദു ഭാഷയെ പ്രോത്സാഹിപ്പിക്കുന്ന സംഘടനയാണ് ബസം-ഇ-ഉര്‍ദു. യു.എ.ഇയിലെ ഉറുദു സാഹിത്യ വൃത്തങ്ങളിലെ പരിചിത മുഖവും ബസം -ഇ-ഉര്‍ദു അംഗവുമായ തര-നൂം- അഹമ്മദാണ് അക്തറുമായി സംഭാഷണത്തിലേര്‍പ്പെട്ടത്.

പതിമൂന്നാം നൂറ്റാണ്ടിലെ ഉര്‍ദു കഥപറച്ചില്‍ കലാരൂപമായ ‘ദസ്താംഗോയ്’ എന്ന സെഷനോടെയായിരുന്നു ഷുഹൈബ് അക്തറുമൊത്തുള്ള പരിപാടിയുടെ തുടക്കം.

ഇന്ത്യയില്‍ നിന്നുള്ള വിഖ്യാത കഥപറച്ചിലുകാരന്‍ സയ്യിദ് സാഹില്‍ ആഘ, അക്തറിന്റെ ജീവിതത്തില്‍ നിന്നുള്ള രസകരമായ വിശദാംശങ്ങളും ഉപകഥകളും ചേര്‍ത്ത് ഒരു കഥയുടെ രൂപത്തില്‍ അവതരിപ്പിച്ചുകൊണ്ട് ‘ദസ്താന്‍-ഇ-ഷോയബ് അക്തര്‍’ എന്ന സായാഹ്ന പരിപാടിക്ക് ചിറകു കൊടുത്തു.

ദരിദ്ര കാലം

രണ്ട് ഷര്‍ട്ടുകളും രണ്ട് ജോഡി ജീന്‍സും മാത്രമുള്ള ദാരിദ്ര്യത്തിന്റെ നാളുകളെക്കുറിച്ചാണ് ഷുഹൈബ് അക്തര്‍ തുടര്‍ന്ന് സംസാരിച്ചത്. ഒരു ജ്യൂസ് വില്‍പനക്കാരനും കുതിരവണ്ടി വലിക്കുന്നയാളും അക്കാലത്ത് തന്നെ പതിവായി സഹായിക്കുമായിരുന്നു. ക്രിക്കറ്റ് താരമായപ്പോള്‍ അക്തര്‍ അവരുടെ അടുത്തേക്ക് മടങ്ങിയെത്തി. അവരെ ജീവിതത്തില്‍ പിന്തുണച്ച് ചേര്‍ത്തു നിര്‍ത്തി.

ഉറുദു ഭാഷയോടുള്ള തന്റെ ഇഷ്ടത്തെക്കുറിച്ച് സംസാരിച്ച അക്തര്‍, ഈ ഭാഷ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള അതിര്‍ത്തി മായ്ച്ചു കളഞ്ഞ് ആളുകളെ ബന്ധിപ്പിച്ചിട്ടുണ്ടെന്നും പരാമര്‍ശിച്ചു.

‘ഇന്ത്യയില്‍ ഉറുദു ഭാഷ സംസാരിക്കുന്ന ആളുകളോട് എനിക്ക് ബഹുമാനമുണ്ട്. കഴിഞ്ഞ ദിവസം രാത്രിയില്‍ ഇന്ത്യന്‍ കവിയും ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തറിനെ യു.എ.ഇയില്‍ വച്ച് കണ്ടുമുട്ടിയിരുന്നു. അദ്ദേഹത്തോട് എനിക്ക് കടുത്ത ആരാധനയാണ്,’ ഷുഹൈബ് അക്തര്‍ കൂട്ടിച്ചേര്‍ത്തു.

തങ്ങളുടെ വേരുകള്‍ ആരും ഒരിക്കലും മറക്കരുതെന്നും ജീവിതത്തില്‍ ഒരിക്കലും തളരരുതെന്നും അദ്ദേഹം തന്റെ ആരാധകരോട് അഭ്യര്‍ത്ഥിച്ചു.

‘മനുഷ്യര്‍ക്ക് സര്‍വശക്തനില്‍ നിന്ന് മഹാശക്തികള്‍ നല്‍കിയിട്ടുണ്ട്. മനുഷ്യന് അപാരമായ കഴിവുകള്‍ ഉള്ളതിനാല്‍ ഒരു വ്യക്തിയെന്ന നിലയില്‍ നമുക്ക് നേടാനാകുന്ന പരമാവധി എന്താണെന്ന് പര്യവേക്ഷണം ചെയ്യുകയും അനാവരണം ചെയ്യുകയും പ്രവര്‍ത്തിക്കുകയും വേണം.

ശ്രമങ്ങള്‍ ഉപേക്ഷിക്കാതെ തുടരുക എന്നതാണ് ജീവിതത്തില്‍ പ്രധാനം,’ ആവേശഭരിതരായ ജനക്കൂട്ടത്തെ നോക്കി അക്തര്‍ പറഞ്ഞു.

വന്യമായ ബൗളിങ് രീതികളില്‍നിന്ന്, നാളുകള്‍ പിന്നിട്ട് സൂഫിസത്തിന്റെ ലോകത്തേക്ക് യാത്ര ചെയ്യുന്ന ഒരു സഞ്ചാരിയുടെ മുഖഭാവമായിരുന്നു ആ വാക്കുകള്‍ പറയുമ്പോള്‍ ഈ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ഇതിഹാസത്തിന്.

CONTENT HIGHLIGHT: story on Pakistan Cricketer  Shuob Akthar’s  participation in Sharjah International Book Fair

വി.എച്ച്. നിഷാദ്

We use cookies to give you the best possible experience. Learn more