| Tuesday, 18th September 2018, 5:04 pm

കന്യാസ്ത്രീ സഹോദരിമാരേ, മതമൗലികവാദികള്‍ തെരുവില്‍ ചീന്തിയെറിഞ്ഞ ഹൈപേഷ്യയെ നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ

വി.പി റജീന

തങ്ങളാല്‍ അടിച്ചമര്‍ത്തപ്പെട്ട പെണ്ണിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പുകളെ മതപൗരോഹിത്യം എല്ലാകാലത്തും ഭയന്നിട്ടുണ്ട്. അതേതുമതത്തിലെയായാലും. ലൈംഗികതയും അപവാദങ്ങളുമായിരുന്നു ആ പെണ്ണുങ്ങള്‍ക്കെതിരെ ഏറ്റവും എളുപ്പത്തിലും കടുപ്പത്തിലും പ്രയോഗിച്ച ആയുധം. അതേ ഉയിര്‍ത്തെണീക്കലുകളെ ഇന്നും പൗരോഹിത്യം ഒരേപോലെ ഭയക്കുന്നു.

സ്ത്രീയവകാശങ്ങളടക്കമുള്ള മാനവവിമോചനത്തിനു വേണ്ടി ജീവിതം സമര്‍പ്പിച്ച മഹത്തുക്കളുടെയെല്ലാം പിന്‍ഗാമികളുടെ മുഖമുദ്ര തന്നെ സ്ത്രീവിരുദ്ധതയായി മാറിയ ചരിത്രമാണ് എല്ലാ മതങ്ങള്‍ക്കുമുള്ളത്. മനുഷ്യ ചരിത്രം പിന്നിട്ടുവന്ന വഴികളില്‍ ആയിരക്കണക്കാണ്ടുകളുടെ പഴക്കം ഈ സ്ത്രീ വിരുദ്ധതയ്ക്കുണ്ട്. ആ വഴിയില്‍ അന്വേഷിച്ചുചെന്നാല്‍ ജീവിതവും ജീവനും അവഗണിക്കപ്പെടുകയും തല്ലിക്കെടുത്തപ്പെടുകയും ചെയ്ത പ്രഗല്‍ഭരും ധീരരുമായ എത്രയോ വനിതകളെ കണ്ടുമുട്ടാന്‍ കഴിയും.

അതിലൊരാളായിരുന്നു ക്രിസ്തുവിനുശേഷം നാലാം ശതകത്തില്‍ അലക്‌സാന്‍ഡ്രിയയില്‍ ജീവിച്ചിരുന്ന ഹൈപേഷ്യ. ഹൈപേഷ്യയെക്കുറിച്ച് ആദ്യമായി വായിക്കുന്നത് ടി.ഡി രാമകൃഷ്ണന്റെ “ഫ്രാന്‍സിസ് ഇട്ടിക്കോര”യിലാണ്. എന്നാല്‍, ചരിത്രവും ഭാവനയുമൊക്കെയായി ഇടകലര്‍ന്ന ആ നോവലിലെ കഥാപാത്രം ഈ ഭൂമുഖത്ത് നൂറ്റാണ്ടുകള്‍ക്കു മുമ്പ് ജീവിച്ചിരുന്ന യഥാര്‍ത്ഥ വ്യക്തിയായിരുന്നുവെന്നറിഞ്ഞപ്പോള്‍ മുതല്‍ ഹൈപേഷ്യയെ കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹിച്ചിരുന്നു.

മതങ്ങള്‍ക്കകത്ത് അധികാരകേന്ദ്രങ്ങളാല്‍ ഊട്ടിവളര്‍ത്തപ്പെട്ട ആണധികാര വ്യവസ്ഥ പെണ്ണിന്റെ ജ്ഞാനാന്വേഷണങ്ങളെയും സ്വകാര്യതയേയും സ്വതന്ത്ര്യ വ്യക്തിത്വത്തേയും എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്നതിന്റെ എല്ലാം തികഞ്ഞ ഉദാഹരണങ്ങളിലൊന്നാണ് ഹൈപേഷ്യ. മത പൗരോഹിത്യത്തിനെതിരെ പോരാട്ടത്തില്‍ ഏര്‍പെട്ടിരിക്കുന്ന ഓരോ സ്ത്രീയും നിര്‍ബന്ധമായും കടന്നുപോവേണ്ട ജീവിതവും അന്ത്യവുമാണ് അവരുടേത്. അത്തരം ഉണര്‍വുകളെയും നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങളെയും തല്ലിക്കെടുത്താന്‍ ഭരണകൂടവും തല്‍പര കക്ഷികളും പല വിധത്തില്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രത്യേക സാഹചര്യത്തില്‍ ഇതിവിടെ കുറിയ്ക്കാന്‍ ഞാന്‍ നിര്‍ബന്ധിതയായിരിക്കുന്നു. കാരണം, ഇപ്പോഴല്ലെങ്കില്‍ പിന്നെയൊരിക്കലും പറയാന്‍ കഴിഞ്ഞെന്നുവരില്ല.

ആരായിരുന്നു ഹൈപേഷ്യ

ഒരു കാലത്ത് ലോകത്തോളം പെരുമ നേടിയ അലക്‌സാന്‍ഡ്രിയ എന്ന മഹാ വൈജ്ഞാനിക നഗരത്തിലെ ഗണിതശാസ്ത്ര പ്രതിഭയും ജ്യോതിശാസ്ത്രജ്ഞയുമായിരുന്ന ഏക സ്ത്രീ തത്വശാസ്ത്ര പണ്ഡിത. അവിശ്വസനീയമായ സവിശേഷതകള്‍ ഉള്ള അതിബുദ്ധിമതി. ആരെയും ആകര്‍ഷിക്കുന്ന അസാധാരണമായ വ്യക്തിത്വത്തിന്റെയും സൗന്ദര്യത്തിന്റെയും ഉടമ. ഒറ്റവാചകത്തില്‍ പറഞ്ഞാല്‍ പ്രപഞ്ച രഹസ്യങ്ങളിലേക്കുള്ള നിരന്തര അന്വേഷണമായിരുന്നു ആ ജീവിതം.

അലക്‌സാന്‍ഡ്രിയയിലെ വിഖ്യാത ഗണിത ശാസ്ത്രജ്ഞനും തത്വചിന്തകനും ആയിരുന്ന തിയോണിന്റെ മകളായി എ.ഡി 370ല്‍ ആയിരുന്നു ഹൈപേഷ്യയുടെ ജനനം.

(ജനനതിയതി ഇപ്പോഴും തര്‍ക്ക വിഷയമാണ്). അലക്‌സാന്‍ഡ്രിയ തത്വശാസ്ത്രത്തിലടക്കം കത്തിനിന്ന കാലമായിരുന്നു അത്. ക്രിസ്തുവിന് മുമ്പ് ബി.സി 331 ല്‍ അലക്‌സാണ്ടര്‍ ചക്രവര്‍ത്തി സ്ഥാപിച്ച നഗരമായ അലക്‌സാന്‍ഡ്രിയ റോമാ സാമ്രാജ്യത്തിന്റെ സാംസ്‌കാരികവും ബൗദ്ധികവുമായ എല്ലാത്തരം ഉണര്‍വിന്റെയും കേന്ദ്രമായി മാറിക്കഴിഞ്ഞിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ഗ്രന്ഥാലയം അവിടെയായിരുന്നുവല്ലോ. (വിജ്ഞാനത്തിന്റെ ശത്രുക്കളാല്‍ അവിടെയുള്ള പതിനായിരക്കണക്കിന് പുസ്തകങ്ങള്‍ പിന്നീട് ചുട്ടെരിക്കപ്പെട്ടു).

തത്വശാസ്ത്രം, ഗണിതം, സാഹിത്യം എന്നുവേണ്ട സകല വിജ്ഞാനത്തിന്റെയും വന്‍ ശേഖരമുള്ള ആ ഗ്രന്ഥാലയം ഉള്‍പെടുന്നതായിരുന്നു തിയോണിന്റെയും മകളുടെയും ജീവിതപരിസരം.

അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം കേവലം മകളെന്ന നിലയില്‍ ആയിരുന്നില്ല ഹൈപേഷ്യയുമായുള്ള ബന്ധം. ഹൈപേഷ്യയെ ഒരു സമ്പൂര്‍ണ മനുഷ്യനാക്കാന്‍ തിയോണ്‍ ആഗ്രഹിച്ചിരുന്നുവെന്ന് ചരിത്രകാരന്‍മാര്‍ പറയുന്നു. കുട്ടിക്കാലത്തുതന്നെ അവള്‍ പിതാവിന്റെ ഗഹനമായ അറിവുകളിലൂടെ കടന്നുപോയിരുന്നുവത്രെ!. തിയോണിന്റെ ചിന്തകള്‍ എല്ലാം പകര്‍ത്തിയെഴുതാന്‍ നിയോഗിക്കപ്പെട്ടത് ഹൈപേഷ്യയെയായിരുന്നു.

അതുവരെയുണ്ടായിരുന്ന മതാധിഷ്ഠിതമായ പരമ്പരാഗത ജ്ഞാനത്തെ ചോദ്യം ചെയ്യാന്‍ തക്കവണ്ണം കരുത്തയായി ഹൈപേഷ്യ വളര്‍ന്നു. കേവലമായ അറിവുകളെ യുക്തികൊണ്ടും ബുദ്ധികൊണ്ടും അളക്കുന്ന സ്വതന്ത്രമായ അന്വേഷണങ്ങള്‍. ഗോളശാസ്ത്രത്തിലും ജ്യോതിശാസ്ത്രത്തിലും അഗ്രഗണ്യയായി. ഭൂമിയാണ് പ്രപഞ്ചത്തിന്റെ കേന്ദ്രമെന്ന അന്നത്തെ പ്രബലമായ വിശ്വാസത്തെയടക്കം ഹൈപേഷ്യ ചോദ്യം ചെയ്തു. ജ്ഞാനമണ്ഡലത്തിലെ ലിംഗാതിര്‍വരമ്പുകള്‍ അവള്‍ തകര്‍ത്തു. അങ്ങനെ എ.ഡി 400ല്‍ അലക്‌സാന്‍ഡ്രിയയിലെ വിഖ്യാതമായ പ്ലാറ്റോണിസ്റ്റ് സ്‌കൂളിലെ പ്രഫസറായി.

അവിടെ ഗണിതവും സയന്‍സും തത്വശാസ്ത്രവും ഹൈപേഷ്യ പഠിപ്പിച്ചു. ഗണിതത്തില്‍ അന്നേവരെയില്ലാത്ത പുതിയ കണ്ടെത്തലുകള്‍ നടത്തി. പലതിലും കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടായി. അലക്‌സാന്‍ഡ്രിയയയുടെ ചരിത്രത്തില്‍ ഗണിതശാസ്ത്രത്തില്‍ എണ്ണിത്തിട്ടപ്പെടുത്താനാവാത്ത സംഭാവനകള്‍ അര്‍പിച്ച പ്രഥമ സ്ത്രീയായിരുന്നു ഹൈപേഷ്യ. അതിനുശേഷവും അങ്ങനെ ഒരുവ്യക്തി ഉണ്ടായിരുന്നോ എന്നും സംശയം. ജ്ഞാനാന്വേഷണത്തോടുള്ള തീവ്രമായ അഭിനിവേശത്തില്‍ ഇതര ലൗകീക സുഖങ്ങളില്‍ ഒന്നും അഭിരമിക്കാതിരുന്ന അവര്‍ ജീവിതകാലം മുഴുവന്‍ അവിവാഹിതയായിരുന്നുവെന്നും ചരിത്രകാരന്‍മാര്‍ പറയുന്നു.

റോമില്‍ അന്നുണ്ടായിരുന്ന പഴയ പാഗനിസത്തിലെ മാത്രമല്ല, ജൂത, ക്രിസ്ത്യന്‍ മതങ്ങളിലെയും വിദ്യാര്‍ഥികളാല്‍ സമ്പുഷ്ടമായിരുന്നു അവരുടെ അധ്യാപന ജീവിതം. ഹൈപേഷ്യയുടെ എഴുത്തുകളും കണ്ടെത്തലുകളും അടക്കം അധ്യാപന വൃത്തിയുമായി ബന്ധപ്പെട്ട വിലപ്പെട്ട വൈജ്ഞാനിക രേഖകള്‍സര്‍വതും അവരുടെ മരണത്തോടൊപ്പം “അപ്രത്യക്ഷ”മാവുകയായിരുന്നു. അവരുടെ ശിഷ്യനുമായി നടത്തിയിരുന്ന എഴുത്തുകുത്തുകളില്‍നിന്നാണ് അതെക്കുറിച്ചുള്ള അല്‍പമെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നത്. പിന്നീട് ഹൈപേഷ്യയെക്കുറിച്ച് മറ്റുള്ളവര്‍ എഴുതിയവ വെച്ചാണ് ചരിത്രകാരന്‍മാര്‍ അനന്യമായ വൈഭവങ്ങള്‍ നിറഞ്ഞ ആ ജീവിതത്തെ പലയിടത്തും പൂരിപ്പിച്ചത്.

“നിയോപ്ലാറ്റോണിസ”ത്തെക്കുറിച്ചുള്ള തത്വശാസ്ത്രമായിരുന്നു അവര്‍ ശിഷ്യന്‍മാര്‍ക്ക് പകര്‍ന്നു നല്‍കിയതില്‍ പ്രധാനം. നിയോപ്ലാറ്റോണിസത്തിന്റെ സ്ഥാപകനായ മൂന്നാം നൂറ്റാണ്ടിലെ ഗ്രീക്ക് ഭാഷ സംസാരിക്കുന്ന തത്വശാസ്ത്രജ്ഞന്‍ പ്ലോട്ടിനസിന്റെ കണ്ടെത്തലുകളും അവയുടെ തുടര്‍ച്ചയും ആയിരുന്നു അത്. മനുഷ്യന്റെ ചിന്തകള്‍ക്കും ഭാഷകള്‍ക്കും കീഴ്‌പെടുത്താനാവാത്ത പരമമായ സത്യം ഒന്നുണ്ടെന്നായിരുന്നു പ്ലാേട്ടിനസിന്റെ അധ്യാപനങ്ങളുടെ കാതല്‍. ഈ പരമമായ സത്തയില്‍ ആണ് മനുഷ്യ ജീവിതത്തിന്റെ ലക്ഷ്യം കുടികൊള്ളുന്നതെന്നും അതൊരിക്കലും എളുപ്പത്തില്‍ വിവരിക്കാനാവില്ലെന്നും അദ്ദേഹം പഠിപ്പിച്ചു. “വണ്‍ – ഇന്റലിജന്‍സ്
-സോള്‍” എന്നതിലധിഷ്ഠിതമായിരുന്നു ആ തത്വചിന്ത.

നിയോപ്ലാറ്റോണിസത്തിന്റെ നേരത്തെയുള്ള വക്താക്കളേക്കാള്‍ ശക്തമായും ഏറെ ശാസ്ത്രീയമായും ഹൈപേഷ്യ പ്ലോട്ടിനസിന്റെ ഈ പാഠങ്ങള്‍ പഠിപ്പിച്ചു. അസാമാന്യ പ്രതിഭയുടെ വാഗ്‌വിലാസത്തോടെ അത്യസാധാരണരമായ അവരുടെ ക്ലാസുകള്‍ ഏവരെയും
അമ്പരപ്പിച്ചു. ആ വാക്കുകള്‍ക്ക് ചെവിയോര്‍ക്കാന്‍ അലക്‌സാഡ്രിയക്ക് പുറത്തുള്ള നഗരങ്ങളില്‍ നിന്നുപോലും സ്ത്രീ പുരുഷ ഭേദമന്യേ ആളുകള്‍ ഒഴുകിയെത്തി. ഹൈപേഷ്യയേക്കാള്‍ പ്രയമേറിയവരായിരുന്നു അവരില്‍ പലരും. മധ്യധരണ്യാഴീതീരത്തെ ഏതാണ്ടെല്ലാവരും അവരുടെ ശിഷ്യഗണങ്ങളായിരുന്നുവത്രെ!

തന്റെ അന്വേഷണ വഴിയില്‍ അവര്‍ ക്രിസ്ത്യാനിറ്റിയുടെ പൂര്‍വ ചരിത്രവും തിരഞ്ഞു. അത് “പാഗനിസ”വുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അവര്‍ വിളിച്ചു പറഞ്ഞു. ( നിരവധി ദൈവങ്ങളെയും ദേവതമാരെയും ആരാധിച്ചിരുന്ന പലതരത്തിലുള്ള വിശ്വാസങ്ങളിലധിഷ്ഠിതമായിരുന്ന ഗ്രീക്കോ- റോമന്‍ ജനതയുടെ വിശ്വാസത്തെ പൊതുവില്‍ വിശേഷിപ്പിച്ചിരുന്നത് “പാഗനിസം” എന്നായിരുന്നു). അവര്‍ പഠിപ്പിച്ചിരുന്ന വിദ്യാര്‍ഥികളില്‍ അനേകം ക്രിസ്തുമത വിശ്വാസികള്‍ ഉണ്ടായിരുന്നു. അതില്‍ പ്രമുഖനായ ഒരാള്‍ ആയിരുന്നു പിന്നീട് റ്റോളെമൈസിന്റെ ബിഷപ് ആയി മാറിയ സെനസ്യൂസ്. അദ്ദേഹം ഹൈപേഷ്യക്കെഴുതിയ കത്തുകളില്‍ പലതും അവരുടെ പ്രതിഭക്കുള്ള
അംഗീകാരങ്ങളുടെ ശോഭ തുളുമ്പുന്നവയായിരുന്നു.

ദുരന്തകാലം തുടങ്ങുന്നു…

എ.ഡി 412ല്‍ സെന്റ് സിറിള്‍ അലക്‌സാന്‍ഡ്രിയയുടെ ബിഷപ് (വിശ്വാസികളുടെ മേധാവി) ആയി മാറുന്നതോടെയാണ് ഹൈപേഷ്യയുടെ ജീവിതത്തിന്റെ ദുരന്തകാലഘട്ടം ആരംഭിക്കുന്നത്. അലക്‌സാന്‍ഡ്രിയ റോമാസാമ്രാജ്യത്തിനു കീഴിലമര്‍ന്ന കാലമായിരുന്നു അത്. പാഗനുകളും ജൂതന്‍മാരും ക്രിസ്ത്യാനികളും എല്ലാം ഇടകലര്‍ന്ന് ജീവിതം നയിച്ച ആ നഗരത്തില്‍ റോമിന്റെ പിന്തുണയോടെ ക്രിസ്തു മതം പിടിമുറുക്കാന്‍ തുടങ്ങി. ചര്‍ച്ചും സ്‌റ്റേറ്റും അലക്‌സാഡ്രിയയുടെ അധികാരം പിടിച്ചടക്കാനുള്ള യുദ്ധത്തിലേര്‍പെട്ടു. ബിഷപ്പുമാര്‍ രാഷ്ട്രീയ അധികാരങ്ങള്‍ പ്രയോഗിച്ചു തുടങ്ങി. നഗരത്തില്‍ നിന്നും ജൂതന്‍മാരെ പുറത്താക്കാനുള്ള നിരന്തര ശ്രമങ്ങള്‍ നടന്നു. വിജ്ഞാന ദാഹികളുടെ മഹാനഗരത്തിനുമേല്‍ ഭീതിയുടെയും വെറുപ്പിന്റെയും വിഷവിത്തുകള്‍ വീണു.

സിറിള്‍ ബിഷപ് ആയിരുന്നുവെങ്കിലും അലക്‌സാഡ്രിയയുടെ റോമന്‍ ഗവര്‍ണര്‍ ആയ ഒറസ്റ്റസിന് ആയിരുന്നു അവിടുത്തെ രാഷ്ട്രീയാധികാരം. ഈ ഒറസ്റ്റസ് ഹൈപേഷ്യയുടെ സുഹൃത്തും അവരുടെ അധ്യാപനങ്ങളുടെ അനുവാചകനുമായിരുന്നു. അക്കാരണത്താല്‍കൂടി സിറിളും ഒറസ്റ്റസും തമ്മില്‍ വൈരാഗ്യം ഉടലെടുത്തു. ഇവര്‍ രാഷ്ട്രീയ എതിരാളികള്‍ ആയി മാറി. ഹൈപേഷ്യയെയും ഒറസ്റ്റസിനെയും ചേര്‍ത്തുവെച്ച് ബിഷപ്പ് സിറിള്‍ അപവാദങ്ങള്‍ പ്രചരിപ്പിച്ചു. ഇതെതുടര്‍ന്ന് ഹൈപേഷ്യയുടെ അധ്യാപനങ്ങള്‍ ഒറസ്റ്റസില്‍ ദുസ്വാധീനമുണ്ടാക്കുന്നു എന്ന് വിശ്വാസികള്‍ ഭയപ്പെട്ടു. എന്നാല്‍, ക്രിസ്ത്യന്‍ വിദ്യാര്‍ഥികളോടുള്ള അവരുടെ സഹിഷ്ണുതയും ക്രിസ്ത്യന്‍ നേതാക്കളുമായുളള സഹകരണവും ക്രിസ്ത്യാനിറ്റിയും നിയോപ്ലാറ്റോണിസവും സമന്വയിപ്പിച്ചുള്ള സമാധാനത്തിന്റെ വഴിയായിരുന്നു ഹൈപേഷ്യ ആഗ്രഹിച്ചിരുന്നതെന്ന് ചരിത്രകാരന്‍മാര്‍ നിരീക്ഷിക്കുന്നുണ്ട്. മാത്രമല്ല,
ബഹളങ്ങളില്‍നിന്നും അവിടെയുണ്ടായിരുന്ന സംഘര്‍ഷങ്ങളില്‍ നിന്നും ഒഴിഞ്ഞുകൊണ്ടുള്ളതായിരുന്നു ഹൈപേഷ്യയുടെ ജീവിതം.

ക്രിസ്ത്യാനിറ്റിയെ പാഗന്‍ സംസ്‌കാരവുമായി ബന്ധിപ്പിക്കുന്ന ഹൈപേഷ്യയുടെ കണ്ടെത്തല്‍ അന്നത്തെ വിശ്വാസികളെ ചൊടിപ്പിച്ചിരുന്നു. അവര്‍ അവളെ ജനങ്ങളെ വഴിതെറ്റിക്കുന്ന ദുര്‍മന്ത്രവാദിനിയെന്ന് ആക്ഷേപിച്ചു. അതിനേക്കാളുപരി ഹൈപേഷ്യയുടെ കഴിവിലും ജനകീയതയിലും അംഗീകാരത്തിലും അവര്‍ ഏറെ അസ്വസ്ഥരുമായിരുന്നു. ഇതും ഒറസ്റ്റസുമായുള്ള ഹൈപേഷ്യയുടെ ബന്ധവും ക്രിസ്ത്യാനികളും ക്രിസ്ത്യാനികള്‍ അല്ലാത്തവരും തമ്മിലെ സംഘട്ടനത്തിലെ കേന്ദ്ര ബിന്ദുവാക്കി ഹൈപേഷ്യയെ മാറ്റി. (സര്‍ തോമസ് ലിറ്റില്‍ ഹീത്തിന്റെ “A History of Greek Mathematics” എന്ന പേരില്‍ 1921ല്‍ ഓക്‌സഫോഡ് പുറത്തിറക്കിയ പുസ്തകത്തില്‍ ഇതെക്കുറിച്ച് പറയുന്നുണ്ട്). ഇതെല്ലാം അവസാനം കൊണ്ടെത്തിച്ചത് ഹൈപേഷ്യയെ അതിക്രൂരമായി കൊല ചെയ്യുന്നതിലായിരുന്നു.

തച്ചുതകര്‍ത്ത വൈജ്ഞാനിക ഗോപുരം

കത്തോലിക്കാ ക്രിസ്ത്യാനികളിലെ തീവ്ര വിഭാഗത്തിലെ പാരാബോളന്‍മാര്‍ കൊന്നു കളഞ്ഞതായാണ് ചരിത്രം രേഖപ്പെടുത്തുന്നത്. ബിഷപ്പ് സിറിളിന്റെ പടയാളികള്‍ ആയിരുന്നു പാരാബോളന്‍മാര്‍. സിറിള്‍ അധികാരമേറ്റ് രണ്ടാം വര്‍ഷത്തില്‍ ആയിരുന്നു അത്. 45ാം വയസ്സില്‍ മതമൗലികവാദികളാലാല്‍ ഹൈപേഷ്യയെന്ന വൈജ്ഞാനിക ഗോപുരം കെട്ടടങ്ങി.

ബൈസാന്റിയന്‍ ചര്‍ച്ച് ഹിസ്‌റ്റോറിയന്‍ ആയ സോക്രേട്ട്‌സ് സ്‌കോളാസ്റ്റിക്കസ് പറയുന്നതനുസരിച്ച് സിറിളിന്റെ വലംകൈയായ പീറ്റര്‍ എന്നയാളുടെ നേതൃത്വത്തില്‍ അലക്‌സാഡ്രിയയില്‍ ജനക്കൂട്ടം അവരെ പരസ്യമായി അപമാനിച്ചും മര്‍ദ്ദിച്ചും കൊല്ലുകയായിരുന്നു. ഹൈപേഷ്യയുടെ ആഴത്തിലുള്ള പാണ്ഡിത്യവും സൗന്ദര്യവും എല്ലാം അത്യധികം വിറളിപിടിപ്പിച്ച തീവ്ര ക്രിസ്ത്യാനികള്‍ അവരെ വകവരുത്തുകയായിരുന്നുവത്രെ.

വീട്ടിലേക്കു മടങ്ങവെ ഹൈപേഷ്യയെ തട്ടിക്കൊണ്ടുപോയ ജനക്കൂട്ടം സീസേറിയം എന്ന പള്ളിക്കടുത്തേക്ക് വലിച്ചിഴച്ചു. വിവസ്ത്രയാക്കി. മേല്‍ക്കൂര നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന പ്രത്യേക തരം ഓടു കൊണ്ട് ആക്രമിച്ചു. അരിശം തീരാതെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു. ശരീരം കഷണങ്ങളാക്കി ചീന്തി. ഓടുകൊണ്ട് എല്ലില്‍നിന്നും മാംസം വടിച്ചെടുത്തു. ശേഷിക്കുന്ന ഭാഗങ്ങള്‍ നഗരത്തിലൂടെ വലിച്ചിഴച്ചു. സിനാറിയോണ എന്ന സ്ഥലത്തുകൊണ്ടുപോയി കത്തിച്ചു. ഏറ്റവും തെമ്മാടിയായി ജീവിക്കുന്ന ക്രിമിനലുകളെ ശിക്ഷിക്കുന്ന അന്നത്തെ ഒരു രീതിയായിരുന്നുവത്രെ അത്.

ഹൈപേഷ്യയുടെ പാഗനിസവുമായി ബന്ധപ്പെട്ട കണ്ടെത്തല്‍ മൂലമല്ല അവരുടെ മരണമെന്നും അത് തീര്‍ത്തും രാഷ്ട്രീയപ്രേരണയാല്‍ ഉള്ള കൊലപാതകമായിരുന്നുവെന്നുമാണ് Socrates Scholasticus പറയുന്നത്. ആ സമയത്തെ രാഷ്ട്രീയ പകപോക്കലിന്റെ ഇരയായി ഇവരെ
ഉപയോഗിക്കുകയായിരുന്നുവത്രെ. അലക്‌സാഡ്രിയയിലെ ബിഷപ്പ് സിറിളിന്റെയും ക്രൈസ്തവരുടെയും അസൂയയും ഇവരുടെ കൊലക്ക് കാരണമായെന്നാണ് ആധുനിക ചരിത്രകാരന്‍മാരും പറയുന്നത്. അന്നത്തെ മതാചാര്യന്‍മാര്‍ക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തവിധം ശാസ്ത്രത്തിന്റെ സഹായത്തോടെ പല അന്ധവിശ്വാസങ്ങളുടെയും യാഥാര്‍ഥ്യം പുറത്തുകൊണ്ടുവന്നതും ആ ജനസമൂഹത്തെ അത്യധികം ചൊടിപ്പിച്ചിരുന്നു. മതം എത്രയോ കാലം പുറംതിരിഞ്ഞു നിന്ന ഹൈപേഷ്യയുടെ കണ്ടെത്തലുകള്‍ ലോകം അംഗീകരിക്കാന്‍ പിന്നെയും ആയിരത്തിലേറെ വര്‍ഷമെടുത്തു. ഭൂമി ഉരുണ്ടതാണെന്നും സൂര്യനെ വലംവെക്കുന്നുവെന്നുമുള്ള കെപ്ലറുടെ സിദ്ധാന്തത്തിലൂടെയായിരുന്നു അത്.

സമൂഹത്തില്‍ പുരുഷനോടൊപ്പമോ പുരുഷന് മേലെയോ സ്ത്രീകള്‍ ആയിരുന്ന ഒരു വ്യവസ്ഥയുടെ അന്ത്യമായിരുന്നു യഥാര്‍ഥത്തില്‍ ഹൈപേഷ്യയുടെ കൊലപാതകത്തിലൂടെ അവരുടെ ശത്രുക്കള്‍ ലക്ഷ്യമിട്ടത്. അതിനുവേണ്ടി അവരുടെ വൈജ്ഞാനിക സംഭാവനകള്‍ ഇല്ലാതാക്കി. “തത്വശാസ്ത്രത്തിന്റെ വഴിയിലെ പീഡിതയായ രക്തസാക്ഷി”യെന്ന നിലയില്‍ ആണ് ഹൈപേഷ്യയുടെ മരണത്തെ ചരിത്രം പിന്നീട് വിശേഷിപ്പിച്ചത്. ഈ പാതകത്തിന്റെ പിന്നില്‍ വര്‍ത്തിച്ച ശാസ്ത്രത്തിനും ലിംഗത്തിനും എതിരായ മത രാഷ്ട്രീയാധികാരങ്ങളുടെയും പൗരോഹിത്യത്തിന്റെയും കാഠിന്യം ലോകം തിരിച്ചറിഞ്ഞത് 19ാം നൂറ്റാണ്ടോടെയാണ്.

ഹൈപേഷ്യയും അവരുടെ കൊലപാതകവും ലോകത്തിന്റെ മുന്നിലേക്ക് കടന്നുവന്നു. പെണ്ണവകാശ പോരാട്ടങ്ങളുടെ ഐക്കണ്‍ ആയി അവര്‍ മാറി. അവരുടെ ജീവിതത്തെ ആസ്പദമാക്കി നിരവധി പുസ്തകങ്ങളും നോവലുകളും പെയിന്റിങ്ങുകളും ജന്മം കൊണ്ടു.
2009ല്‍ അലജാന്ദ്രോ അമേനബര്‍ എന്ന സ്പാനിഷ് സംവിധായകന്‍ “അഗോറ” എന്ന പേരില്‍ ഹൈപേഷ്യയുടെ ജീവിതം അഭ്രപാളികളില്‍ പകര്‍ത്തി. (https://www.imdb.com/title/tt1186830/) ഹൈപേഷ്യയെ കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ഒരു സിനിമയാണത്. ഹൈപേഷ്യയുടെ പിന്തുണ നഷ്ടപ്പെട്ട ഒറസ്റ്റസ് പിന്നീട് ബിഷപ്പിനെതിരായ സമരത്തില്‍ നിന്നും പിന്‍വാങ്ങിയതായും ആ നഗരം വിട്ടതായും പറയപ്പെടുന്നു.

നിശ്ചയമായും ലോക ചരിത്രത്തിലെ വേദനയേറിയ അധ്യായങ്ങളില്‍ ഒന്നാണ് ഹൈപേഷ്യയുടെ അന്ത്യം. അതോടൊപ്പം യുക്തിയും ചിന്തയും അറിവും അന്വേഷണവും എല്ലാം ഉള്‍ചേര്‍ന്ന് സമ്പുഷ്ടമായ ആ ജീവിതം ഓരോ സ്ത്രീക്കുമെന്നല്ല, ലോകത്തിനു മുഴുവനായും ഊര്‍ജ്ജം പകരാന്‍ തക്കവിധം സമൃദ്ധമായ ഒന്നാണെന്നതില്‍ സംശയമില്ല. ഏറ്റവും ഒടുവിലായി പറയാനുള്ളത്. ഈ കൊടിയ ക്രൂരത ലോകത്തിന്റെ മുന്നില്‍ വിചാരണവിധേയമായിട്ടും അതില്‍ മാപ്പ് പറയാന്‍ കത്തോലിക്കാ സഭ മുന്നോട്ട് വന്നതായി എവിടെയും വായിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ്. അതുകൊണ്ട് തന്നെ നീതി തേടിയുള്ള സ്ത്രീകളുടെ പോരാട്ടങ്ങള്‍ക്കുനേരെ സഭയുടെ മുഖം തിരിയ്ക്കലില്‍ അത്ഭതമൊന്നും തോന്നേണ്ടതുമില്ല.

വി.പി റജീന

മാധ്യമപ്രവര്‍ത്തക

We use cookies to give you the best possible experience. Learn more